വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്
text_fieldsവിരണ്ടോടി ഭീതിപരത്തിയ പോത്തിനെ പിടിച്ചുകെട്ടിയപ്പോൾ
ചേളന്നൂർ: വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്. കുമാരസ്വാമിയിൽ മത്സ്യക്കച്ചവടം നടത്തുന്ന കണ്ണങ്കര വളയനംകണ്ടിയിൽ ഇസ്മായിൽ (55), തമിഴ്നാട് സ്വദേശി ശേഖർ എന്നിവർക്കാണ് പരിക്കേറ്റത്. ഇസ്മയിലിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും ശേഖറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാലിന്റെ തുടക്ക് ഗുരുതര പരിക്കേറ്റ ഇസ്മയിലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഭീതിസൃഷ്ടിച്ച പോത്തിനെ ഒന്നരമണിക്കൂർ ശ്രമത്തിനുശേഷം നാട്ടുകാരും അഗ്നിരക്ഷസേനയും പൊലീസും ചേർന്ന് പിടിച്ചുകെട്ടി.
പാലത്ത് ബീഫ് സ്റ്റാളിൽ കശാപ്പുചെയ്യാൻ കൊണ്ടുവന്ന പോത്തിനെ വാഹനത്തിൽനിന്ന് ഇറക്കി സമീപത്ത് ബന്ധിച്ചതായിരുന്നു.
തുടർന്ന് പോത്ത് കയർ പൊട്ടിച്ച് വിരണ്ടോടി. പിന്നാലെ നാട്ടുകാരും ഓടി. ഓട്ടത്തിനിടെ പലരെയും ആക്രമിക്കാൻ നോക്കിയെങ്കിലും ആളുകൾ ഓടിമാറുകയായിരുന്നു. കുമാരസ്വാമിയിൽ എത്തിയ പോത്ത് ലോട്ടറികച്ചവടകേന്ദ്രത്തിനടുത്ത് നിൽക്കുകയായിരുന്ന തമിഴ്നാട് സ്വദേശി ശേഖറിനെ റോഡരികിലെ ചീനിമരത്തിന് ചേർത്ത് കുത്തുകയായിരുന്നു.
നാട്ടുകാർ ഒച്ചവെച്ചും വടിയെടുത്തും ആട്ടി ഓടിച്ചു. കുതിച്ചോടിയ പോത്ത് പെട്ടിയിൽനിന്ന് മത്സ്യം എടുത്തുവെക്കുകയായിരുന്ന ഇസ്മയിലിനെ തുട കൊമ്പിൽ കോർത്തെടുത്ത് ഓടി. ഓട്ടത്തിനിടെ പിന്നീട് കുടഞ്ഞെറിയുകയായിരുന്നു. പോത്തിന്റെ മൂക്കുകയറിൽ പിടിച്ചതിനാലാണ് കൊമ്പിൽനിന്ന് വിട്ടതെന്ന് ഇസ്മയിൽ പറഞ്ഞു.
വിരണ്ടോടിയ പോത്ത് പൂവക്കുന്നത്ത് സ്വാമിക്കുട്ടിയുടെ പറമ്പിൽ ഭീതിപരത്തി നിലയുറപ്പിച്ചു. തുടർന്ന് സമീപത്തെ ജനിൽകുമാറിന്റെ വീട്ടിൽ നിർത്തിയിട്ട ഇരുചക്രവാഹനം കുത്തിമറിച്ചിട്ടു.
സമീപത്തെ വീട്ടുകാർ വാതിലടച്ച് അകത്ത് രക്ഷതേടി. പ്രദേശമാകെ ഭീതി പടർത്തി രണ്ട് മണിക്കൂറിലധികം പോത്ത് ഓടിനടക്കുകയായിരുന്നു.
ബസുൾപ്പെടെ വാഹനങ്ങൾ പൊലീസ് തടഞ്ഞു നിർത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീർ, വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, വാർഡ് മെംബർമാരായ എ. ജസീന, എം.കെ. രാജേന്ദൻ, പൊതുപ്രവർത്തകരായ വി. ജിതേന്ദ്രനാഥ്, സി.വി. ജിതേഷ് കുമാർ, റിയാസ്, ലാലു, ഷാജർഖാൻ എന്നിവരുൾപ്പെടെ പ്രദേശത്തെ സന്നദ്ധ സാമൂഹിക പ്രവർത്തകരും സ്ഥലത്തെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.