ആശുപത്രി കിടക്കയിലെ ആഗ്രഹം പൂവണിഞ്ഞു; വിഷ്ണുവിന് എം.ബി.ബി.എസ് സീറ്റ്
text_fieldsചേളന്നൂർ: അപൂർവ രോഗവുമായി മല്ലടിച്ച് ദീനക്കിടക്കയിൽ വേദന കടിച്ചമർത്തിയ വിഷുണുവിെൻറ ആഗ്രഹം സഫലമാകുന്നു. പ്ലസ് വണിന് പഠിക്കവെ കഴുത്തിന് ബ്രാക്കിയൽ സിസ്റ്റ് ബാധിച്ച് ശസ്ത്രക്രിയയെ തുടർന്ന് രണ്ടു മാസത്തോളം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിഷ്ണു. അപൂർവ രോഗമാണെന്ന് ഡോക്ടർമാർ പറഞ്ഞതോടെ വിഷ്ണുവിെൻറ മനസ്സിൽ ആധി കൂടി. കടുത്ത വേദനയെ തുടർന്ന് ഡോ. അലക്സ് ഉമ്മെൻറ നേതൃത്വത്തിൽ ഉടൻ ശസ്ത്രക്രിയയും നടത്തി.
ശസ്ത്രക്രിയക്ക് മുമ്പും ശേഷവും രോഗവിവരാന്വേഷകരായ ഡോക്ടർമാരുടെയും ഡോക്ടർ വിദ്യാർഥികളുടെയും മുന്നിൽ നിരവധി തവണ ഇരുന്നു കൊടുക്കേണ്ടി വന്നു.
രോഗത്തെക്കുറിച്ച് കൂടുതൽ അറിയാൻ തനിക്ക് സാധ്യമായ എല്ലാ വഴികളും തേടി. ഡോക്ടർമാരുമായുള്ള ബന്ധം മറ്റു രോഗികളെക്കുറിച്ച് ചിന്തിക്കാനും തെൻറ രോഗത്തിൽനിന്ന് സാന്ത്വനമാകാനും കൂടുതൽ സഹായകമായി. ഓരോ ക്ലാസുകൾ കഴിയുംതോറും വിഷ്ണുവിെൻറ മനസ്സിൽ ഡോക്ടർ ആകണമെന്ന മോഹം മുളപൊട്ടുകയായിരുന്നു. ഒരു വിധ ട്യൂഷനും ഇല്ലാതെ പഠിച്ച വിഷ്ണു നരിക്കുനി ഗവ. ഹയർ സെക്കൻഡറിയിലായിരുന്നു പ്ലസ് ടു പഠനം.
കൂലിപ്പണിക്കാരനായ പി.സി പാലം ചന്ദന ചാലിൽ ശിവദാസെൻറ മകനായ വിഷ്ണുവിന് തന്നെ രോഗം പിടിമുറുക്കുന്നതു വരെ ഡോക്ടർ എന്ന സ്വപ്നം പോയിട്ട് ഒരു മെച്ചപ്പെട്ട ജോലി പോലും മോഹമുണ്ടായിരുന്നില്ല. രോഗത്തിനിടയിലും ഉയർന്ന മാർക്കു വാങ്ങിയ വിഷ്ണു നീറ്റ് പരീക്ഷയെഴുതിയെങ്കിലും ലിസ്റ്റിൽ ഇടം നേടാനായില്ല. കോഴ്സ് ആവർത്തിച്ച വിഷ്ണു ഇത്തവണ ലിസ്റ്റിൽ ഇടം നേടി. എറണാകുളം മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് സീറ്റ് ലഭിച്ചതായി കഴിഞ്ഞ ദിവസം അറിയിപ്പും ലഭിച്ചു.
സ്വന്തമായി ഒരു ഫോൺ പോലും ഇതുവരെയില്ലാത്ത വിഷ്ണുവിന് ലളിത ജീവിതത്തിെൻറ മാതൃക മാതാവ് റീനയും പിതാവ് ശിവദാസനുമാണ്. സഹോദരൻ അതുൽ പ്ലസ് ടു വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.