മീനിൽ രാസവസ്തു: പരിശോധനക്ക് സ്പെഷൽ സ്ക്വാഡ്
text_fieldsകോഴിക്കോട്: മത്സ്യം കേടാവാതിരിക്കാൻ രാസവസ്തു ഉപയോഗിക്കുന്നു എന്ന പരാതി ശക്തമായതോടെ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന കർശനമാക്കി. നടപടികൾ ശക്തമാക്കാൻ കോഴിക്കോട് ഫുഡ് സേഫ്റ്റി കാര്യാലയം പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചു.
സാധാരണ ഉപയോഗിക്കാറുള്ള ഫോർമാലിൻ, അമോണിയം എന്നിവക്ക് പകരം അജ്ഞാത രാസവസ്തു ഉപയോഗിക്കുന്നതായാണ് പരാതി. ഇതു സംബന്ധിച്ച് പരിശോധിക്കാൻ ഭക്ഷ്യസുരക്ഷവകുപ്പിന്‍റെ ഗവേഷണവിഭാഗം പരിശോധന നടത്തിവരുകയാണ്. ഐസിൽ മായം ചേർക്കുന്നു എന്ന തരത്തിൽ പരാതി ഉയർന്നെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച പുതിയാപ്പ ഹാർബറിൽ ഒരു പൊലീസ് ഓഫിസറുടെ പരാതിപ്രകാരം ഉദ്യോഗസ്ഥർ നേരിട്ടെത്തി ബോട്ടിൽ നിന്ന് കൊണ്ടുവന്ന മത്സ്യസാമ്പ്ൾ പരിശോധിച്ചു. ഒന്നും കണ്ടെത്താനായില്ല.
ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ മൊബൈൽ ലാബ് ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. മീനിൽ രാസവസ്തുവിന്‍റെ രുചിയുണ്ടെന്ന് വ്യാപക പരാതിയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷവകുപ്പിന് ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പുതിയാപ്പ, ബേപ്പൂർ, കുന്ദമംഗലം, ബാലുശ്ശേരി എന്നിവിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഫിഷറീസ് വകുപ്പും ഭക്ഷ്യസുരക്ഷവകുപ്പും ചേർന്ന പരിശോധനയാണ് ആസൂത്രണം ചെയ്തത്.
തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മീനുകൾ മുമ്പ് ചെക്ക് പോസ്റ്റുകളിൽ കാര്യക്ഷമമായി പരിശോധന നടന്നിരുന്നു. നിലവിൽ ചെക്ക്പോസ്റ്റ് പരിശോധന കുറ്റമറ്റ രീതിയിൽ നടക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മീനുകൾ അധികവും ഗ്രാമീണമേഖലയിലേക്കാണ് വിൽപനക്കായി പോകുന്നത്. ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് മീൻ സൂക്ഷിക്കുന്ന ഗോഡൗണുകളുമുണ്ട്.
ക്ഷാമകാലത്ത് ഇത്തരം ഗോഡൗണുകളിൽ നിന്നാണ് മത്സ്യം വിപണിയിലേക്ക് ഒഴുകുന്നത്. ഇത്തരം കേന്ദ്രങ്ങളിലും പരിശോധനയില്ല. ചൂട് കൂടിയതോടെ മീൻ കേടാവാനുള്ള സാധ്യത കൂടുതലാണെന്ന് ഭക്ഷ്യസുരക്ഷവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഈ സാഹചര്യത്തിലാണ് രാസവസ്തുക്കളുടെ ഉപയോഗത്തിന് സാധ്യത കൂടുതലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.