ചെങ്ങോടുമല: പാരിസ്ഥിതികാനുമതിക്കായി ക്വാറി കമ്പനി കേന്ദ്രത്തിൽ അപേക്ഷ നൽകി
text_fieldsകൂട്ടാലിട: ചെങ്ങോടുമല ഖനനത്തിന് പാരിസ്ഥിതികാനുമതിക്കുവേണ്ടി ഡെൽറ്റ റോക്സ് പ്രൊഡക്ട് ഉടമ തോമസ് ഫിലിപ്പ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള പരിസ്ഥിതിയാഘാത നിർണയ സമിതിക്ക് അപേക്ഷ നൽകി.
2021 നവംബർ രണ്ടിന് നൽകിയ അപേക്ഷ ഡിസംബർ 14ന് മിനിറ്റ്സിൽ ഉൾപ്പെടുത്തുകയും ചെയ്തു. തുടർനടപടികൾ വളരെ വേഗത്തിൽ നടക്കുന്നുമുണ്ട്. സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതിയുടെ കാലാവധി കഴിഞ്ഞതുകൊണ്ടാണ് കേന്ദ്രത്തെ സമീപിച്ചതെന്നാണ് കമ്പനി അപേക്ഷയിൽ പറയുന്നത്.
ക്വാറിക്ക് നാലുവർഷം മുമ്പ് ജില്ല പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതി അനുമതി നൽകിയിരുന്നു. എന്നാൽ, നാട്ടുകാരുടെ ശക്തമായ സമരത്തെ തുടർന്ന് ജില്ല കലക്ടർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച് അനുമതി മരവിപ്പിച്ചു. തുടർന്ന് കമ്പനി, സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതി മുമ്പാകെ ഇ.സിക്കുള്ള അപേക്ഷ നൽകി.
ഈ അപേക്ഷയിൽ സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതി ചെങ്ങോടുമല സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടിൽ ചെങ്ങോടുമലയിൽ ഖനനം പാടില്ലെന്ന് വ്യക്തമാക്കുകയും മല സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
വിദഗ്ധ സമിതിയുടെ ശിപാർശ പാരിസ്ഥിതികാഘാത സമിതി ഇതുവരെ അംഗീകരിച്ചിട്ടില്ല. ക്വാറി കമ്പനിയുടെ വാദം കേട്ടശേഷം തീരുമാനമെടുക്കുമെന്നാണ് പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതി അറിയിച്ചത്. എന്നാൽ, തീരുമാനമെടുക്കും മുമ്പേ സമിതിയുടെ കാലാവധി കഴിഞ്ഞു. ഇത് മുതലെടുത്താണ് കമ്പനി കേന്ദ്രത്തിൽ അപേക്ഷ നൽകിയത്. ചെങ്ങോടുമല ഖനനത്തിനെതിരെ നാലുവർഷമായി നാട്ടുകാർ സമരത്തിലാണ്.
അപേക്ഷ തള്ളാൻ വിദഗ്ധ സമിതി ശിപാർശ ചെയ്തതോടെ നാട്ടുകാർ വലിയ ആശ്വാസത്തിലായിരുന്നു. എന്നാൽ, വീണ്ടും അപേക്ഷയുമായി കമ്പനി കേന്ദ്രത്തെ സമീപിച്ചതോടെ നാട്ടുകാർ ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.