ചെങ്ങോടുമല: വിവരം പുറത്തുവിടാതെ സംസ്ഥാന പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതി
text_fieldsപേരാമ്പ്ര: സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതി യോഗത്തിൽ ചെങ്ങോടുമല ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് സമിതി രഹസ്യമായി വെക്കുന്നതായി പരാതി. നിയമപ്രകാരം സംസ്ഥാന പാരിസ്ഥിതികാഘാത നിർണയസമിതിയുടെയും സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതിയുടെയും യോഗങ്ങൾ, അജണ്ട എന്നിവ 'പരിവേഷ്' വെബ് പോർട്ടലിൽ അപ്ലോഡ് ചെയ്യും. സൈറ്റ് സന്ദർശിച്ചാൽ ഇത് പൊതുജനങ്ങൾക്ക് കാണാനും കഴിയും. എന്നാൽ, ജൂൺ ഒന്നു മുതൽ ചെങ്ങോടുമലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അജണ്ടയിൽ ഉണ്ടെങ്കിലും സൈറ്റിൽ അപ്ലോഡ് ചെയ്യാറില്ല.
അജണ്ടയിൽ ഇല്ലെന്ന് കരുതി സമരസമിതി പ്രവർത്തകർ ആശ്വസിച്ചിരിക്കുമ്പോഴായിരിക്കും സമിതി അജണ്ടയിൽ എടുത്ത് തീരുമാനങ്ങൾ കൈക്കൊള്ളുക. ഈ മാസം 12 മുതൽ 14 വരെ നടന്ന യോഗത്തിൽ കോഴിക്കോട് ജില്ലയിലെ മറ്റ് നാലു ക്വാറികൾക്ക് പാരിസ്ഥിതികാനുമതി അപേക്ഷ പരിഗണിക്കുമെന്ന് അജണ്ടയിലുണ്ട്. ഇത് വെബ്സൈറ്റിൽ ലഭ്യവുമാണ്. ചെങ്ങോടുമല അജണ്ടയിലുള്ളതായി കാണുന്നുമില്ല. എന്നാൽ, സൈറ്റിൽ നൽകാതെ 14ന് ചെങ്ങോടുമല വിഷയം സമിതി പരിഗണിച്ചു. രാജസ്ഥാൻ ആസ്ഥാനമായ ഒരു ഏജൻസി നടത്തിയ പാരിസ്ഥിതികാഘാത പഠന റിപ്പോർട്ട് ക്വാറി കമ്പനി സമിതി മുമ്പാകെ സമർപ്പിച്ചിരുന്നു. ഇത് ഈ യോഗത്തിൽ തള്ളിയെന്നാണ് അറിയുന്നത്. ക്വാറി കമ്പനി നിയോഗിച്ച ഏജൻസിയുടെ റിപ്പോർട്ടിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
വിദഗ്ധ വിലയിരുത്തൽ സമിതിയിലെ രണ്ട് അംഗങ്ങൾ ക്വാറി മുതലാളിയുടെ കൂടെ ചെങ്ങോടുമല സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടും തള്ളണമെന്നാണ് ഖനന വിരുദ്ധ ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നത്. പഞ്ചായത്തിനെയോ നാട്ടുകാരെയോ കേൾക്കാൻ ഈ സംഘം തയാറായിട്ടില്ല.
ക്വാറി മുതലാളിക്കുവേണ്ടി നിലവിലെ നിയമങ്ങൾപോലും അട്ടിമറിച്ചാണ് സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതി പ്രവർത്തിക്കുന്നതെന്ന് ആക്ഷൻ കൗൺസിൽ ആരോപിച്ചു. എന്നാൽ, ചെങ്ങോടുമല വിഷയം വീണ്ടും പരിഗണിക്കുന്നതുകൊണ്ടാണ് വെബ്പോർട്ടൽ 'പരിവേഷി'ൽ ലഭ്യമാവാത്തതെന്ന് സമരസമിതി നേതാവ് കൊളക്കണ്ടി ബിജുവിന് ലഭിച്ച വിവരാവകാശ രേഖയിൽ സംസ്ഥാന സമിതി വ്യക്തമാക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.