ചെങ്ങോടുമല: ഖനനവിരുദ്ധ റിപ്പോർട്ടിൽ ആഹ്ലാദിച്ച് നാട്
text_fieldsകൂട്ടാലിട: കാവൽക്കാരനായ ചെങ്ങോടുമലയെ സംരക്ഷിക്കാൻ മൂന്നര വർഷക്കാലം കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന നാടിെൻറയും നാട്ടുകാരുടെ ജാഗ്രതക്ക് ഫലമുണ്ടായി. സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതി സ്ഥലം സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടിൽ ഖനനം നടത്താൻ പാരിസ്ഥിതികാനുമതി നൽകരുതെന്ന് പാരിസ്ഥിതികാഘാത നിർണയ സമിതിക്ക് ശിപാർശ നൽകിയിരിക്കുകയാണ്.
സാധാരണ നിലയിൽ സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതി ശിപാർശ പാരിസ്ഥിതികാഘാത നിർണയ സമിതി അംഗീകരിക്കുകയാണ് പതിവ്. അങ്ങനെയെങ്കിൽ ചെങ്ങോടുമലക്ക് അടുത്തൊന്നും ഖനന ഭീഷണി ഉണ്ടാവില്ല.എന്നാൽ വൻ തുക ചെലവഴിച്ചാണ് ഡെൽറ്റ ക്വാറി കമ്പനി ഇവിടെ 100 ഏക്കറിലധികം സ്ഥലം വാങ്ങിക്കൂട്ടിയത്. കൂടാതെ പ്രാദേശിക സഹായം ലഭിക്കാൻ 200 തൊഴിലാളികളെ ഒന്നര വർഷത്തോളം മലയിൽ കാർഷിക ജോലിക്ക് നിർത്തി. ചില രാഷ്ട്രീയക്കാർക്ക് ഉൾപ്പെടെ വൻ തുക കോഴ നൽകുകയും ചെയ്തിരുന്നു. പെട്ടെന്ന് ക്വാറി തുടങ്ങി തുക മുതലാക്കാമെന്ന കമ്പനിയുടെ ധാരണക്കാണ് തിരിച്ചടിയേറ്റത്.
കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതുകൊണ്ടുതന്നെ കമ്പനി ഖനനം നടത്താനുള്ള ശ്രമം നിരന്തരം നടത്തിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ ജാഗ്രത കൈവിടില്ലെന്ന് നാട്ടുകാർ പറയുന്നു. മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയും വലിയ മാധ്യമശ്രദ്ധയും ഈ സമരത്തിന് ലഭിച്ചിരുന്നു.ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് അധികം വൈകാതെ തന്നെ എം.കെ. രാഘവൻ എം.പി ചെങ്ങോടുമല സന്ദർശിച്ച് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
വി.എം. സുധീരനെപോലുള്ള മുതിർന്ന നേതാക്കളുടെ പിന്തുണ സമരത്തിന് വലിയ ഊർജമായി. നോവലിസ്റ്റ് ടി.പി. രാജീവനും കവി വീരാൻ കുട്ടിയും സമരത്തിെൻറ മുന്നണി പോരാളികളായിരുന്നു. ഇവരുടെ ഇടപെടലിെൻറ ഫലമായി മലയാളത്തിലെ സാഹിത്യ-സാംസ്കാരിക പ്രവർത്തകർ സമരത്തിന് പിന്തുണയുമായെത്തി. സംസ്ഥാന നദീസംരക്ഷണ സമിതി കൺവീനർ ടി.വി. രാജെൻറ നേതൃത്വത്തിൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള പരിസ്ഥിതി പ്രവർത്തകർ ചെങ്ങോടുമല സമരത്തിൽ കൈകോർത്തു.മുൻ മന്ത്രി ടി.പി. രാമകൃഷ്ണൻ ചെങ്ങോടുമല സന്ദർശിച്ച് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് വഴിത്തിരിവായി. പി.കെ. കൃഷ്ണദാസും മല സന്ദർശിച്ച് സമരത്തിന് പിന്തുണ അറിയിച്ചു.ഡി ആൻഡ് ഒ ലൈസൻസ് നൽകാതിരിക്കുന്നതിനുവേണ്ടി ഏഴുദിവസം കോട്ടൂർ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡന്റും സ്വന്തം ഓഫിസ് ഉപരോധിക്കാൻ നേതൃത്വം നൽകിയെന്ന അപൂർവതയും ചെങ്ങോടുമല സമരത്തിന് സ്വന്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.