പൊതുവിദ്യാലയ ശാക്തീകരണത്തിന് മാതൃകതീർത്ത് ചേനോത്ത് ഗവ. എൽ.പി
text_fieldsകുന്ദമംഗലം: ചുരുങ്ങിയ മാസങ്ങൾകൊണ്ടുള്ള പ്രവർത്തന മികവിലൂടെ പൊതുവിദ്യാലയ ശാക്തീകരണത്തിന് അനുകരണീയ മാതൃകയാവുകയാണ് കാലിക്കറ്റ് എൻ.ഐ.ടി.ക്ക് സമീപം പ്രവർത്തിക്കുന്ന ചേനോത്ത് ഗവ. എൽ.പി സ്കൂൾ. കുട്ടികളുടെ എണ്ണക്കുറവും ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തതകളുംകൊണ്ട് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ വിദ്യാലയം പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വിദ്യാലയ വികസന സമിതിയുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളിലൂടെ വികസനക്കുതിപ്പിലാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ മാവൂർ ബി.ആർ.സി പരിധിയിലെ ബെസ്റ്റ് ഇന്നൊവേറ്റിവ് സ്കൂൾ അവാർഡ്, 2022-23 വർഷം കുന്ദമംഗലം സബ് ജില്ലയിലെ ബെസ്റ്റ് പി.ടി.എ അവാർഡ്, ജൈവ പച്ചക്കറി കൃഷി പുരസ്കാരം എന്നിവ വിദ്യാലയത്തിന് ലഭിച്ചു. വർഷങ്ങളായി പത്തിൽതാഴെ കുട്ടികൾ മാത്രമുണ്ടായിരുന്ന ഈ കലാലയത്തിൽ കഴിഞ്ഞ വർഷം പ്രീ പ്രൈമറി വിഭാഗം ആരംഭിക്കുകയും ജനകീയ സ്ക്വാഡ് പ്രവർത്തനങ്ങളിലൂടെ കൂടുതൽ കുട്ടികൾ പ്രവേശനം നേടുകയും ചെയ്തു. കാലിക്കറ്റ് എൻ.ഐ.ടിയുടെ ഉന്നത് ഭാരത് അഭിയാൻ പദ്ധതിയിൽ വിദ്യാലയം സമർപ്പിച്ച പ്രോജക്ട് അംഗീകരിക്കപ്പെടുകയും എൻ.ഐ.ടിയുടെ നേതൃത്വത്തിൽ സയൻസ് ലാബ് നവീകരണം, ലൈബ്രറി ശാക്തീകരണം, രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള വിവിധ പഠന പരിശീലനങ്ങൾ എന്നിവ സാധ്യമാക്കുകയും ചെയ്തു.
വിദ്യാലയം ശിശുസൗഹൃദമാക്കാൻ എൻ.ഐ.ടി വിദ്യാർഥികളുടെ നേതൃത്വത്തിൽ മനോഹരമായ ചുവർചിത്രങ്ങൾ വരച്ചു. ഏഴു പതിറ്റാണ്ടോളം പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടത്തിന് പകരമായി പുതിയ കെട്ടിടം നിർമിക്കാൻ അഡ്വ. പി.ടി.എ. റഹീം എം.എൽ.എയുടെ ആസ്തിവികസന പദ്ധതിയിൽനിന്ന് 69 ലക്ഷം രൂപ ലഭ്യമാക്കിയിട്ടുണ്ട്. ചാത്തമംഗലം ഗ്രാമപഞ്ചായത്തും വിവിധ സഹകരണങ്ങൾ നൽകിവരുന്നുണ്ട്. പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ വെള്ളിയാഴ്ച നടക്കും.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ ഓളിക്കലിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പി.ടി.എ. റഹീം എം.എൽ.എ ശിലാസ്ഥാപനം നിർവഹിക്കും. വിദ്യാലയം ഏറ്റെടുക്കുന്ന എൽ.ഇ.എ.ആർ.എൻ അക്കാദമിക പ്രോജക്ടിന് ചടങ്ങിൽ തുടക്കം കുറിക്കും. ശിലാസ്ഥാപന ചടങ്ങ് വർണാഭമാക്കാനുള്ള ഒരുക്കത്തിലാണ് പി.ടി.എയും സ്കൂൾ വികസന സമിതിയുമെന്ന് പ്രധാനാധ്യാപകൻ ശുക്കൂർ കോണിക്കൽ, ഗ്രാമപഞ്ചായത്ത് അംഗം പി.ടി. അബ്ദുറഹിമാൻ, പി.ടി.എ പ്രസിഡന്റ് കെ. മനോജ് കുമാർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.