സ്റ്റീൽ കോംപ്ലക്സ് ഏറ്റെടുക്കാൻ ഛത്തിസ്ഗഢ് കമ്പനി; കാവലൊരുക്കി സംരക്ഷണ സമിതി
text_fieldsകോഴിക്കോട്: ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ് സ്വകാര്യ കമ്പനി ഏറ്റെടുക്കുന്നത് തടയാൻ കാവലിരുന്ന് നാട്ടുകാരും സംരക്ഷണ സമിതിയും. സ്ഥാപനം ലേലത്തിൽ സ്വന്തമാക്കിയ ഛത്തിസ്ഗഢ് കമ്പനി അധികൃതർ ഏറ്റെടുക്കാനെത്തുമെന്നറിഞ്ഞാണ് രാവിലെ എട്ടു മുതൽ നാട്ടുകാർ കാവലിരുന്നത്. ഏറ്റെടുക്കാനുള്ള സംഘം തിങ്കളാഴ്ച എത്തുമെന്നാണ് കരുതുന്നത്.
സ്റ്റീൽ കോംപ്ലക്സ് ഏറ്റെടുത്ത സ്വകാര്യ കമ്പനി പ്രതിനിധിക്ക് കോംപ്ലക്സിൽ പ്രവേശിക്കാൻ സംരക്ഷണം നൽകാൻ കഴിഞ്ഞ ദിവസം പൊലീസിനു ഹൈകോടതി നിർദേശം നൽകിയിരുന്നു. സ്റ്റീൽ കോംപ്ലക്സ് സ്വത്തുക്കൾ കമ്പനി ഏറ്റെടുക്കുന്നതിനു തടസ്സം നിൽക്കരുതെന്ന് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്, എസ്.ടി.യു യൂനിയനുകളുടെ ജില്ല സെക്രട്ടറിമാർക്കും നിർദേശം നൽകി.
ഞായറാഴ്ചയോ തിങ്കളാഴ്ചയോ കമ്പനി അധികൃതർ സ്റ്റിൽ കോംപ്ലക്സിൽ എത്തുമെന്നായിരുന്നു വിവരം. തൊഴിലാളികൾ തടസ്സം നിൽക്കരുതെന്ന കോടതി ഉത്തരവ് ഉണ്ടായിരുന്നതിനാലാണ് നാട്ടുകാർ കാവലായി എത്തിയത്. മന്ത്രി പി.എ. മുഹമ്മദ് റിയാസും സ്ഥലത്തെത്തിയിരുന്നു.
സ്റ്റീൽ കോംപ്ലക്സ് പരിസരത്തേക്കു പ്രവേശിക്കാനും നാഷനൽ കമ്പനി ട്രൈബ്യൂണൽ ഉത്തരവു പ്രകാരം കനറാ ബാങ്കിനു സ്വത്ത് കൈമാറാനും ഛത്തിസ്ഗഢ് കമ്പനിക്കു സ്വത്ത് ഏറ്റെടുക്കാനും തങ്ങളുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് ഛത്തിസ്ഗഢ് ഔട്ട്സോഴ്സിങ് സർവിസസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ആർ.എ) സമർപ്പിച്ച ഹരജിയിലായിരുന്നു ഹൈകോടതി ഉത്തരവിട്ടത്.
സ്റ്റീൽ കോംപ്ലക്സ് ഏറ്റെടുക്കാനും സ്വത്തുക്കളുടെ കണക്കെടുക്കാനും ഛത്തിസ്ഗഢ് ഔട്ട്സോഴ്സിങ് സർവിസസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ആർ.എ) ഡയറക്ടർ കുമാർ പഹുർകാറും നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ നിയോഗിച്ച റിസീവർ അനിൽ അഗർവാളും ജൂൺ ഏഴിന് എത്തിയെങ്കിലും സംയുക്ത സമരസമിതി സ്റ്റീൽ കോംപ്ലക്സിനു മുന്നിൽ തടഞ്ഞിരുന്നു.
നല്ലളം പൊലീസ് എത്തിയെങ്കിലും തൊഴിലാളികൾ പിൻവാങ്ങിയില്ല. തുടർന്ന് ഛത്തിസ്ഗഢ് കമ്പനി ഡയറക്ടറും റിസീവറും തിരിച്ചുപോയി. ഇത് കോടതിവിധി തടസ്സപ്പെടുത്തലാണെന്നു വ്യക്തമാക്കി ഛത്തിസ്ഗഢ് കമ്പനി ഹൈകോടതിയെ സമീപിച്ചതിനെ തുടർന്നാണ് പൊലീസ് സംരക്ഷണത്തിന് കോടതി നിർദേശം നൽകിയത്.
ഛത്തിസ്ഗഢ് കമ്പനിക്കു സ്റ്റീൽ കോംപ്ലക്സ് കൈമാറണമെന്ന നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ കൊച്ചി ബെഞ്ചിന്റെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിൽ സ്റ്റീൽ കോംപ്ലക്സ് ഭൂമി അന്യാധീനപ്പെടുത്തുന്നത് ചെന്നൈയിലെ നാഷനൽ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണൽ താൽക്കാലികമായി തടഞ്ഞിരുന്നു. എന്നാൽ, കോടികൾ വിലമതിക്കുന്ന സ്റ്റീൽ കോംപ്ലക്സ് സ്വത്തുക്കൾ കൈമാറ്റം ചെയ്യുന്നതു തടസ്സപ്പെട്ടിട്ടില്ലെന്ന് ഛത്തിസ്ഗഢ് കമ്പനിയുടെ പുതിയ നീക്കങ്ങൾ തെളിയിക്കുന്നു.
കൈവശപ്പെടുത്തിയത് ചുളുവിലക്ക്
300 കോടി രൂപയിലേറെ വിലമതിക്കുന്ന സ്റ്റീൽ കോംപ്ലക്സ് 25 കോടി രൂപക്കാണ് എസ്.ആർ.എ കമ്പനി ഏറ്റെടുത്തത്. കനറാ ബാങ്കിൽനിന്ന് 2013ൽ എടുത്ത 45 കോടി രൂപയുടെ വായ്പ തിരിച്ചടക്കാത്തതിനെ തുടർന്നാണ് ബാങ്ക് സ്റ്റീൽ കോംപ്ലക്സ് വിൽക്കുന്നതിലേക്കു നീങ്ങിയത്. 2013ൽ എടുത്ത 45 കോടിയുടെ വായ്പ തിരിച്ചടക്കാത്തതിനെത്തുടർന്നാണ് കനറാ ബാങ്ക് സ്റ്റീൽ കോംപ്ലക്സ് വിൽപനയിലേക്ക് നീങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.