ചിക്കൻ പോക്സും മുണ്ടിനീരും വില്ലനാവുന്നു
text_fieldsകോഴിക്കോട്: ജില്ലയിൽ ചിക്കൻ പോക്സ്, മംപ്സ് (മുണ്ടിനീർ) രോഗങ്ങൾ പടർന്നുപിടിക്കുന്നു. വിദ്യാർഥികളിലാണ് മംപ്സ് കൂടുതലായി പടർന്നുപിടിക്കുന്നത്. ജില്ലയിലെ ചില പ്രധാന കാമ്പസുകളിൽ ഹോസ്റ്റൽ വിദ്യാർഥികൾക്കിടയിലും രോഗം വ്യാപകമാണ്. ചിക്കൻ പോക്സ് പ്രായവ്യത്യാസമില്ലാതെ എല്ലാവരെയും ബാധിക്കുന്നു. എന്നാൽ, കുട്ടികളിലും പ്രായമായവരിലും ഇത് ഗരുതരമാവാൻ സാധ്യത കൂടുതലാണ്.
സംസ്ഥാനത്ത് ഈമാസം 3232 പേർക്ക് മംപ്സും 1651 പേർക്ക് ചിക്കൻ പോക്സും ബാധിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഫെബ്രുവരി 17ന് സംസ്ഥാനത്ത് 187 പേർക്ക് മംപ്സും 106 പേർക്ക് ചിക്കൻ പോക്സും ബാധിച്ചു. 16ന് ഇത് യഥാക്രമം 126ഉം 73ഉം ആണ്. 15ന് 207, 108. 14ന് 182, 91 എന്നിങ്ങനെയാണ് മംപ്സും ചിക്കൻ പോക്സും റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചൂട് കൂടുന്നതോടെ ചിക്കൻ പോക്സ് വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
ശരീരത്തിൽ കുമിളകൾ രൂപപ്പെടുകയും പിന്നീട് ചുണങ്ങു പോലെ മാറുകയും ചെയ്യുന്ന അസുഖമാണ് ചിക്കൻ പോക്സ്. ശരീരത്തിൽ കുമിളകൾ, ചൊറിച്ചിൽ, തലവേദന, വിശപ്പില്ലായ്മ, ക്ഷീണം, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. നെഞ്ചിലും, പുറകിലും, മുഖത്തും ആരംഭിക്കുന്ന കുമിളകൾ പിന്നീട് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കും. പനി, ക്ഷീണം, തലവേദന തുടങ്ങിയ മറ്റ് ലക്ഷണങ്ങൾ സാധാരണയായി അഞ്ച് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കും. ചിലപ്പോൾ ന്യൂമോണിയ, തലച്ചോറിന്റെ വീക്കം, ബാക്ടീരിയൽ ചർമ അണുബാധ എന്നീ സങ്കീർണതകൾ ഉണ്ടാവാം. വായുവിലൂടെയാണ് രോഗം പകരുക.
പ്രധാനമായി ഉമിനീർ ഗ്രന്ഥികളെ, പ്രത്യേകിച്ച് പരോട്ടിഡ് ഗ്രന്ഥികളെ ബാധിക്കുന്ന പകർച്ചവ്യാധിയാണ് മുണ്ടിനീർ (മംപ്സ്). വായുവിലൂടെയാണ് ഇത് പടരുന്നത്. അടുത്ത സമ്പർക്കം രോഗം പകരുന്നതിനുള്ള പ്രധാനകാരണമാണ്. ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന രോഗം പെട്ടെന്ന് പടർന്നുപിടിക്കും. കുട്ടികളിലും കൗമാരക്കാരിലുമാണ് ഇത് കൂടുതൽ കണ്ടുവരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.