സർജിക്കൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
text_fieldsകോഴിക്കോട്: കോഴിക്കോട് മെഡി. കോളജിൽ പി.എം.എസ്.എസ്.വൈ സ്കീമിൽ പ്രവൃത്തി പൂർത്തീകരിച്ച സർജിക്കൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കേന്ദ്ര സംസ്ഥാന സഹകരണാത്മക ഫെഡറലിസത്തിന്റെ ഉത്തമമാതൃകയാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കേരളത്തിന്റെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിൽ കേന്ദ്രത്തിന്റെ സഹായം കൂടുതൽ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ ഇൻഷുറൻസിൽ നിലവിലുള്ള കേന്ദ്രവിഹിതം അപര്യാപ്തമാണ്. കേരളം പോലുള്ള സംസ്ഥാനത്തിന് നിലവിലെ വിഹിതം പോരാ. ഇത്തരം വിഷയങ്ങളിൽ കേന്ദ്രം പുനശ്ചിന്ത നടത്തണം.
ആരോഗ്യ സേവനങ്ങള്‍ ഏവര്‍ക്കും ലഭ്യമാക്കുന്നതിൽ ലോകത്തിന് മാതൃകയാണ് കേരളം. ഇന്ത്യയിലെ തന്നെ പ്രധാന സര്‍ക്കാര്‍ മെഡിക്കൽ കോളജുകളിൽ ഒന്നാണിത്. മുന്നേറ്റങ്ങള്‍ കൈവരിച്ച സ്ഥാപനത്തെ കൂടുതൽ മെച്ചപ്പെട്ട നിലയിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് യാഥാർഥ്യമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ 120 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 76 കോടി രൂപയും ചേര്‍ത്ത് ആകെ 196 കോടി രൂപയാണ് നിർമാണത്തിനായി ചെലവഴിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സഹകരണാത്മക ഫെഡറലിസത്തിന്റെ ഉത്തമ മാതൃകയായി മാറുകയാണ് ഈ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമേഖലയിൽ നാം ഗൗരവത്തോടെ സമീപിക്കേണ്ട പല വിഷയങ്ങളുമുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് സാംക്രമിക രോഗങ്ങളുടെ തിരിച്ചുവരവ്, കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി നാശവും കാരണമുണ്ടാകുന്ന രോഗങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിയവ. ഇവയെയെല്ലാം ഫലപ്രദമായി നേരിട്ടാൽ മാത്രമേ ആരോഗ്യമേഖലയിൽ നാം കൈവരിച്ച നേട്ടങ്ങളെ സംരക്ഷിക്കുന്നതിനും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും കഴിയുകയുള്ളൂ. ഇത് ലക്ഷ്യംവച്ചാണ് നവകേരളം കർമപദ്ധതിയുടെ ഭാഗമായി ആര്‍ദ്രം മിഷന് ആവിഷ്കരിച്ച് നടപ്പാക്കിവരുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ അധ്യക്ഷത വഹിച്ചു.
190 ഐ.സി.യു കിടക്കകൾ ഉൾപ്പെടെ 500 കിടക്കകളുള്ള ഏഴ് നില സൗകര്യം കോഴിക്കോടിന്റെ സമീപ ജില്ലകളുടെയും ആരോഗ്യസംരക്ഷണ ആവശ്യങ്ങൾ നിറവേറ്റും.
കേന്ദ്ര സർക്കാർ നിരവധി സംരംഭങ്ങളിലൂടെ കേരള സർക്കാറുമായി ഒത്തുചേർന്ന് പ്രവർത്തിക്കുന്നുണ്ട്. പാവപ്പെട്ടവർക്ക് മാത്രമല്ല, ഇടത്തരക്കാർക്കും പ്രയോജനപ്പെടുന്ന ഈ സംരംഭത്തെ അഭിനന്ദിക്കുന്നതായും മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, എം.കെ രാഘവൻ എം.പി, എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, പി.ടി.എ റഹീം, കാനത്തിൽ ജമീല, കെ.കെ. രമ, അഡ്വ.കെ.എം സച്ചിൻ ദേവ്, ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, മെഡിക്കൽ ഡയറക്ടർ തോമസ് മാത്യു, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മന്ത്രി വീണ ജോർജ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.