കുഞ്ഞ് മരിച്ച സംഭവം; യുവതിക്ക് നീതി നിഷേധിക്കുന്നതിനെതിരെ ആശുപത്രിക്കു മുന്നിൽ നാട്ടുകാർ പ്രതിഷേധിക്കും
text_fieldsകോഴിക്കോട്: ഫാത്തിമ ആശുപത്രിയിൽ സിസേറിയനെ തുടർന്ന് കുഞ്ഞ് മരിക്കുകയും തുടർന്നുണ്ടായ സംഘർഷത്തിൽ ഡോക്ടർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ യുവതിക്ക് നീതി നിഷേധിക്കുന്നതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിക്കും. ആശുപത്രിയിലുണ്ടായ അനിഷ്ടസംഭവത്തിന്റെ പേരിൽ പൊലീസ് ബന്ധുക്കളെ വേട്ടയാടുമ്പോൾ, ഡോക്ടർമാരുടെ വീഴ്ച സംബന്ധിച്ച പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ഇതിനായി നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
കുന്ദമംഗലം വര്യട്ട്യാക്ക് പുതിയറക്കൽ ഹാജറ നജാത്ത് ആണ് പരാതിക്കാരി. നടക്കാവ് പൊലീസ് പരാതിയിൽ കേസെടുക്കാത്തതിനെ തുടർന്ന് യുവതി കമീഷണർക്കും പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി അയച്ചു. പക്ഷേ, ഡോക്ടർമാരുടെ ഭാഗം മാത്രം കേൾക്കുന്ന സമീപനമാണ് സർക്കാറിനും പൊലീസിനുമെന്ന് യുവതി പറയുന്നു. ഡോക്ടർമാരുടെ അനാസ്ഥമൂലമാണ് തനിക്ക് കുഞ്ഞ് നഷ്ടപ്പെട്ടത്. ആശുപത്രിയിലെത്തി മൂന്നു മണിക്കൂർ ഗൈനക്കോളജി ഡോക്ടർ തിരിഞ്ഞുനോക്കിയില്ല. ഫെബ്രുവരി 25ന് ഉച്ചക്ക് 1.30ന് അസ്വസ്ഥതകളുമായി അത്യാഹിത വിഭാഗത്തിലെത്തിയ തന്നെ വൈകീട്ട് ആറരക്കു ശേഷമാണ് ഗൈനക്കോളജി വിഭാഗം പരിശോധന നടത്തിയത്. ഗർഭിണിയായ തന്നെ കാഷ്വാലിറ്റിയിൽ വെച്ച് പരസ്യമായി ഉള്ളുപരിശോധന നടത്താൻ ശ്രമിച്ചു. ലേബർ റൂമിലേക്ക് കൊണ്ടുപോകണമെന്നാവശ്യപ്പെട്ടപ്പോൾ നടത്തിച്ചാണ് കൊണ്ടുപോയത്. ഗർഭപാത്രത്തിലെ വെള്ളം നഷ്ടപ്പെടുന്ന കാര്യം ബന്ധപ്പെട്ട ഡോക്ടർ പരിശോധിച്ചില്ല. ഇതുകൊണ്ടാണ് തനിക്ക് കുഞ്ഞ് നഷ്ടപ്പെടാനിടയായതെന്ന് യുവതി പറയുന്നു.
സിസേറിയനെ തുടർന്ന് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടായി. മാർച്ച് നാലിന് നിർബന്ധിച്ച് അവിടെനിന്ന് ഡിസ്ചാർജ് വാങ്ങേണ്ട സാഹചര്യമുണ്ടായി. സ്കാനിങ് റിപ്പോർട്ട് അനിശ്ചിതമായി വൈകിയതിനെ തുടർന്ന് ബന്ധുക്കൾ ക്ഷുഭിതരായിരുന്നു. തർക്കത്തിനിടയിൽ മേശയുടെ ഗ്ലാസ് പൊട്ടി. ആശുപത്രി അധികൃതർ പൊലീസിനെ വിളിച്ചു.
പൊലീസിന്റെ സാന്നിധ്യത്തിൽ പ്രശ്നം പരിഹരിച്ച് ഡിസ്ചാർജ് വാങ്ങി മറ്റൊരാശുപത്രിയിലേക്ക് പുറപ്പെടുമ്പോഴാണ് ഡോക്ടർ വന്ന് വീണ്ടും തർക്കമുണ്ടാക്കിയത്. ഗൈനക്കോളജിസ്റ്റിന്റെ ഭർത്താവാണ് തർക്കമുണ്ടാക്കിയ ഡോക്ടറെന്ന് പിന്നീടാണ് മനസ്സിലായത്. ബന്ധുക്കളും ഡോക്ടറും തമ്മിൽ ഉന്തും തള്ളുമുണ്ടായത് പൊലീസ് സാന്നിധ്യത്തിലാണ്. അവിടെയുണ്ടായിരുന്ന പൊലീസിന് കാര്യം മനസ്സിലായിരുന്നു. കുഞ്ഞിനെ നഷ്ടപ്പെട്ടവരുടെ പ്രയാസം പോലും ആശുപത്രി അധികൃതർ പരിഗണിച്ചില്ല. വാക്കുതർക്കം സംഘർഷത്തിലേക്ക് മാറി. ഇതുമായി ബന്ധപ്പെട്ട് ഡോക്ടറുടെ പരാതിയിൽ മാത്രമാണ് പൊലീസ് കേസെടുത്തതെന്നും യുവതി പരാതിപ്പെടുന്നു.
ഐ.എം.എ ആഹ്വാനം ചെയ്തതിനെ തുടർന്ന് ഡോക്ടർമാർ പണിമുടക്കി റോഡ് തടയൽ സമരം നടത്തിയിരുന്നു. ഇതിന്റെ പേരിൽ ഇനിയും ഡോക്ടർമാർ കേരളമൊട്ടുക്കും സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, അനിഷ്ടസംഭവമുണ്ടാവാനുള്ള സാഹചര്യം പരിശോധിക്കണമെന്ന ആവശ്യം അവഗണിക്കപ്പെടുകയാണെന്ന വിമർശനമുയരുന്നുണ്ട്. ഡോക്ടർമാർക്ക് സംഭവിക്കുന്ന ഗുരുതരവീഴ്ച സംബന്ധിച്ച ഒരു പരാതിയിലും അന്വേഷണം എവിടെയുമെത്താറില്ല. നാഷനൽ ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ നടന്ന സംഭവത്തിലും ഇതുതന്നെയാണ് അവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.