ഫ്ലാഗ് ചലഞ്ചിലൂടെ കുരുന്നുകള്‍ നേടിയ കാല്‍ലക്ഷം ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി
text_fieldsകോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാടിന്റെ അതിജീവനത്തില്‍ പങ്കാളികളായി കൊടിയത്തൂർ, തോട്ടുമുക്കം ഗവ. യു.പി സ്കൂളിലെ കുരുന്നുകള്‍. ഫ്ലാഗ് ചലഞ്ചിലൂടെ ദേശീയപതാക വിറ്റ് വിദ്യാര്‍ഥികള്‍ സ്വരൂപിച്ച 25,710 രൂപ വയനാടിന് നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി കുട്ടികള്‍ നേരിട്ട് കലക്ടറേറ്റിലെത്തി കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന് തുക കൈമാറി.
ത്രിവര്‍ണ പതാക കൈകളിലേന്തി വീടുകളിലും കടകളിലും കയറിയിറങ്ങി വിൽപന നടത്തിയാണ് കുട്ടികൾ തുക സമാഹരിച്ചത്. അധ്യാപകരും മറ്റു ജീവനക്കാരും പി.ടി.എയും പിന്തുണയ നല്കി. വയനാട് ദുരന്തത്തില്‍ അകപ്പെട്ട കുരുന്നുകള്‍ക്കായി തോട്ടുമുക്കം സ്കൂളിലെ വിദ്യാര്‍ഥികള്‍ നേരത്തെ കളിപ്പാട്ടങ്ങളും ഡ്രോയിങ് ബുക്കുകളും മറ്റും നല്‍കിയിരുന്നു.
ചിലര്‍ തങ്ങള്‍ക്കു ലഭിച്ച പിറന്നാള്‍ സമ്മാനങ്ങളും ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങാനായി സ്വരൂപിച്ച തുകയും മറ്റുമായാണ് സ്കൂളിലെത്തിയത്. അവയെല്ലാം സമാഹരിച്ച് അധ്യാപകര്‍ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ കുട്ടികള്‍ക്ക് എത്തിച്ചുനല്‍കുകയായിരുന്നു. സ്കൂള്‍ പ്രധാനാധ്യാപിക ബി. ഷെറീന, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ക്കൊപ്പമാണ് വിദ്യാര്‍ഥികള്‍ കലക്ടറേറ്റിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.