സ്കൂൾ ബെല്ലടിച്ചു; ഡബ്ൾ ബെല്ലടിക്കാൻ കാത്തിരിപ്പ്
text_fieldsകോഴിക്കോട്: സ്കൂൾ തുറന്ന് മൂന്നു ദിവസമാകുമ്പോഴേക്കും കുട്ടികൾക്ക് ബസ്യാത്ര ദുരിതമാകുന്നു. നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ ബസിനായുള്ള കാത്തിരിപ്പ് എല്ലായിടത്തും തുടരുകയാണ്.
സ്കൂൾബസുകളും ഓട്ടോയും ടാക്സികളും സ്വകാര്യ വാഹനങ്ങളും വിദ്യാർഥികളുമായി സഞ്ചരിക്കുന്നുണ്ടെങ്കിലും സ്വകാര്യ ബസിനെ ആശ്രയിക്കുന്നവരാണ് പെരുവഴിയിലാകുന്നത്. വൈകീട്ട് 3.30നും നാലു മണിക്കും സ്കൂൾ വിടുന്ന സമയത്താണ് ദുരിതമേറെയും.
ഏറ്റവും കൂടുതൽ പേർ പഠിക്കാനെത്തുന്ന കോഴിക്കോട് നഗരത്തിൽ മിക്ക സ്കൂളുകൾക്കു മുന്നിലെ റോഡിലും പാളയം, മൊഫ്യൂസിൽ ബസ് സ്റ്റാൻഡുകളിലും കുട്ടികളുടെ നീണ്ടനിര കാണാം. മാനാഞ്ചിറ ഭാഗത്ത് വിവിധ ബസ്സ്റ്റോപ്പുകളിൽ വൈകീട്ട് അഞ്ചു മണിയായിട്ടും ബസ് കിട്ടാതെ കാത്തിരിക്കുന്നവരുണ്ട്. മഴ ശക്തിപ്രാപിച്ചാൽ ഈ ദുരിതം വർധിക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മുന്നിലും പൊലീസിന്‍റെ സേവനം വേണമെന്ന് നിർദേശമുണ്ട്.
എന്നാൽ, പലയിടത്തും പൊലീസില്ലെന്ന് പരാതിയുണ്ട്. നഗരത്തിൽ നടക്കാവ് ജി.ജി.വി.എച്ച്.എസിനു മുന്നിൽ രാവിലെയും വൈകീട്ടും പൊലീസുണ്ടാകാറില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു. വിദ്യാർഥികളുമായെത്തുന്ന സ്വകാര്യവാഹനങ്ങളും ഇവിടെ തിരക്കുണ്ടാക്കുന്നുണ്ട്. നഗരത്തിൽനിന്ന് പുറപ്പെടുന്ന ബസുകളിൽ കയറിപ്പറ്റാൻ മാനാഞ്ചിറ, ഹെഡ് പോസ്റ്റ് ഓഫിസ്, നടക്കാവ്, എരഞ്ഞിപ്പാലം, കാരപ്പറമ്പ് തുടങ്ങിയ ബസ് സ്റ്റോപ്പുകളിൽ ദുരിതമേറെയാണ്. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെത്തിയാൽ പുറത്ത് ഡോറിനരികിൽ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ബസ് ചാർജ് വർധിപ്പിച്ചിട്ടും വിദ്യാർഥികളുടെ കൺസഷൻ ചാർജ് കൂട്ടാത്തതിന്‍റെ കലിപ്പ് ബസുടമകൾക്കുമുണ്ട്.
മിനിമം ചാർജ് ഒരു രൂപതന്നെയായി സർക്കാർ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ചില ജീവനക്കാർ കൂടുതൽ വാങ്ങുന്നുണ്ട്. വിദ്യാർഥികൾ സ്വന്തം ഇഷ്ടപ്രകാരം കൂടുതൽ തുക നൽകാൻ തയാറാകുന്നുണ്ടെന്നാണ് ബസുടമകൾ പറയുന്നത്. പണം കൂടുതലായാലും എങ്ങനെയെങ്കിലും സ്കൂളിലും വീട്ടിലുമെത്തിയാൽ മതിയെന്ന ചിന്തയാണ് വിദ്യാർഥികൾക്ക്.
കെ.എസ്.ആർ.ടി.സി ബസുകൾക്ക് പ്രാമുഖ്യമുള്ള ദേശസാത്കൃത റൂട്ടുകളിലും യാത്രാദുരിതം തുടരുകയാണ്. കെ.എസ്.ആർ.ടി.സി യാത്രക്കുള്ള പാസ് വിതരണം തുടങ്ങിയെങ്കിലും മൂന്നു മാസത്തേക്ക് പണമടച്ച് ബസിനായി നടുറോഡിൽ കാത്തിരിക്കുന്നതെന്തിനാണെന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും ചോദിക്കുന്നത്.
ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലും കോളജിൽ രണ്ടാം വർഷത്തിലും മൂന്നാം വർഷത്തിലുമുള്ളവരാണ് നിലവിൽ സ്കൂളുകളിലും കോളജിലുമെത്തുന്നത്. പ്ലസ് വണിലെ പൊതുപരീക്ഷക്കു ശേഷം പ്ലസ്ടു ക്ലാസുകൾ സജീവമാകുമ്പോൾ രാവിലെയും വൈകീട്ടും യാത്രാക്ലേശം രൂക്ഷമാകും.
ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം തിരുത്തണം -എസ്.എഫ്.ഐ
കോഴിക്കോട്: വിദ്യാർഥികളോടുള്ള ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം തിരുത്തണമെന്ന് എസ്.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ്. കഴിഞ്ഞ ദിവസം ഫറോക്കിൽ ദീർഘനേരം ക്യൂവിൽ നിന്ന വിദ്യാർഥികളെ ബസിൽ കയറ്റാൻ തയാറാകാത്തത് ചോദ്യംചെയ്തതിന് ഫാറൂഖ് കോളജ് എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയെ ബസ് ജീവനക്കാർ കൈയേറ്റം ചെയ്തിരുന്നു.
വിദ്യാർഥികൾക്കു നേരെയുള്ള ബസ് ജീവനക്കാരുടെ കൈയേറ്റം ശക്തമായി നേരിടും. യാത്രാ കൺസെഷൻ വിദ്യാർഥികളുടെ നിയമപരമായ അവകാശമാണ്. ബസ് ജീവനക്കാരുടെ വിദ്യാർഥിവിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.