അവർക്ക് ആഹ്ലാദമേകി ശിശുദിനാഘോഷം
text_fieldsകോഴിക്കോട്: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കു വേണ്ടി 28 വർഷമായി പ്രവർത്തിക്കുന്ന ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ റോഷി സ്പെഷൽ സ്കൂളും ബി.ഇ.എം യു.പി സ്കൂളും സംയുക്തമായി കോഴിക്കോട് മാനാഞ്ചിറയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. കുട്ടികൾ ജവഹർലാൽ നെഹ്‌റുവിന്റെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും വേഷങ്ങൾ ധരിച്ച് നഗരത്തിലൂടെ നടത്തിയ ശിശുദിന റാലി പൊതുജനങ്ങളിൽ കൗതുകമുണർത്തി.
രാവിലെ സി.എസ്.ഐ കോമ്പൗണ്ടിൽ ശിശുദിന റാലി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സുനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. അൻസാരി പാർക്കിൽ നടന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ശിശുദിനത്തിന്റെ കാലിക പ്രസക്തിയെ കുറിച്ച് കോഴിക്കോട് കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. നാസർ ഉദ്ബോധന പ്രസംഗം നടത്തി. രാഷ്ട്രത്തിന്റെ ഭാവി കുട്ടികളിലാണെന്ന് അടിയുറച്ചു വിശ്വസിച്ച നെഹ്‌റുവിന്റെ മഹത്തായ ജീവിത മാതൃകകളെ കുറിച്ച് അദ്ദേഹം ശിശുദിന സന്ദേശം നൽകി.
അശാന്തി നിറഞ്ഞ ആധുനിക കാലത്ത് യുദ്ധ വിരുദ്ധതയുടെയും ലോക സമാധാനത്തിന്റെയും പ്രതീകമായി റോഷി സ്പെഷൽ സ്കൂളിലെയും ബി.ഇ.എം യു.പി സ്കൂളിലെയും കുട്ടികൾ സംയുക്തമായി പ്രാവുകളെ പറത്തി. ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി പി.കെ.എം. സിറാജ് അധ്യക്ഷത വഹിച്ചു. ഡോ. യഹ്യ ഖാൻ, ഷജീർ ഖാൻ, ബി.ഇ.എം യു.പി സ്കൂൾ പ്രധാനാധ്യാപിക എൽസമ്മ, റോഷി സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ ഷീന ഖജനൻ, ഹ്യുമാനിറ്റി അഡ്മിനിസ്ട്രേറ്റർ എഞ്ചി. അബ്ദുൽ റഹ്മാൻ, അക്ബർ അലി ഖാൻ, അധ്യാപികമാരായ രേഷ്മ, ആൻസി, സൂസൻ ആഗ്നസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.