അഭയമില്ല; അരക്ഷിതകേന്ദ്രം
text_fieldsവെള്ളിമാട്കുന്ന്: 30 ആൺകുട്ടികളുള്ള ബാലമന്ദിരത്തിൽ പരിചരണത്തിന് 19 സ്ഥിരം ജീവനക്കാർ. കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും വേണ്ടി ചെലവഴിക്കുന്നത് ലക്ഷങ്ങൾ. എന്നിട്ടും ബാലമന്ദിരത്തിൽനിന്നും ബാലികമന്ദിരത്തിൽനിന്നും ഉയർന്നുകേൾക്കുന്നത് പ്രത്യാശ നശിക്കുന്ന കാര്യങ്ങൾ. ബാലികമന്ദിരത്തിൽ നിന്ന് കടന്ന പെൺകുട്ടികൾ നൽകിയ മൊഴിയാകട്ടെ ഏറെ അമ്പരപ്പിക്കുന്നതും. കുട്ടികളുടെ ഭാവിക്കുതന്നെ ദോഷകരമായ പെരുമാറ്റങ്ങൾ ചില കുട്ടികളിൽനിന്ന് ഉണ്ടായിട്ടും സ്ഥാനചലനം ഭയന്ന് അധികൃതർ മൂടിവെക്കുന്നത് തുടരുകയാണ്.
ഒട്ടും സുരക്ഷിതമല്ലാത്ത കേന്ദ്രമായി ഇവിടം മാറിയതോടെയാണ് കുട്ടികൾ ഒളിച്ചോടിയതെന്നാണ് ആക്ഷേപം. കുറ്റകൃത്യങ്ങൾ കണ്ടിട്ടും അധികൃതർ കണ്ണടക്കുമ്പോൾ കുട്ടികളെ നിയന്ത്രിക്കാൻ കഴിയാത്ത ഇടമായി ഇവിടം മാറുകയാണ്. ജീവനക്കാർ ഇടപെടാതായതോടെ ചില ആൺകുട്ടികൾ മർദനമുറ പ്രയോഗിക്കുന്നതായി പരാതിയുണ്ട്. കൈയൂക്കുള്ളവർ മറ്റ് കുട്ടികളെക്കൊണ്ട് വസ്ത്രങ്ങൾ കഴുകിക്കുന്നതും മറ്റും പതിവാണ്. ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നെന്ന ആരോപണത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ബാലമന്ദിരത്തിലെ അധ്യാപകൻ ഇക്കാര്യം മുമ്പ് വെളിപ്പെടുത്തിയതാണ്. അത്തരം പ്രവൃത്തികൾ തുടരുന്നുവെന്നാണ് കുട്ടികളുടെ മൊഴിയിലും അന്വേഷണത്തിലും വ്യക്തമായത്. വളപ്പിൽ സൂക്ഷിച്ച കരാർ കമ്പനിയുടെ നിർമാണസാധനങ്ങൾ മോഷ്ടിച്ച് വിറ്റ് ലഹരി സാധനങ്ങൾ വാങ്ങുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
നേരം നോക്കാതെ പുറത്തുകടക്കാം
പോക്കുവരവുകൾ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ബാലമന്ദിര വളപ്പ്. രണ്ടു സെക്യൂരിറ്റിക്കാരാണ് ഇവിടെയുള്ളത്. വൈദ്യുതി വിളക്കുകൾ ആരാണ് തെളിക്കേണ്ടത് എന്നത് സംബന്ധിച്ച തർക്കം തുടരുകയാണ്. അതിനാൽ, റോഡും വളപ്പും ഇരുട്ടിലാണ്. ചുറ്റുമതിലോ കാമറയോ വേണ്ടത്ര സുരക്ഷ ജീവനക്കാരോ ഇല്ലാത്തതിനാൽ പല ആൺകുട്ടികളും ബാലികമന്ദിരത്തിന്റെ ജനലിനരികിലെത്തുന്നത് വിരളമല്ല. ബാലമന്ദിരത്തിന്റെ ഷീറ്റ് പൊളിച്ച് ആൺകുട്ടികൾ പുറത്തു കടക്കുന്ന സംഭവവും ഇവിടെയുണ്ട്.
ഭക്ഷണം കുട്ടികളുടേത്; കഴിക്കാൻ ജീവനക്കാരും
കുട്ടികൾക്കും സൂപ്രണ്ടിനും കുക്കിനും മാത്രമാണ് ബാലമന്ദിരത്തിൽ ഭക്ഷണം അനുവദിച്ചിട്ടുള്ളത്. ചുരുക്കം ജീവനക്കാരൊഴിച്ച് മറ്റുള്ളവരെല്ലാം കുട്ടികളുടെ ഭക്ഷണത്തിന്റെ പങ്ക് പറ്റുന്നവരാണ്. പകലുണ്ടാക്കിയ മത്സ്യ-മാംത്സ വിഭവങ്ങൾ രാത്രി ഷിഫ്റ്റിലുള്ളവർക്ക് എടുത്തുവെക്കുന്നതും പതിവാണ്.
ചികിത്സയിലുള്ളവർ കഴിയുന്നത് മറ്റുള്ളവർക്കൊപ്പം
ആൺകുട്ടികളിൽ ചിലർ ലഹരി മുക്ത ചികിത്സ തേടുന്നവരാണ്. പൊരുമാറ്റ ദൂഷ്യമുള്ളവരെ മാറ്റി നിർത്താനോ ഇടപഴകുന്നത് തടയാനോ അധികൃതർക്ക് കഴിയുന്നില്ല. ഇവരെ മാറ്റി നിർത്താൻ അനുമതിയില്ലാത്തതാണ് കാരണം. ലഹരി ഉപയോഗിക്കുന്നവരും ചികിത്സ തേടുന്നവരും മറ്റുകുട്ടികൾക്കൊപ്പമാണ് താമസം. ഇവർക്ക് റിസപ്ഷൻ സെന്റർ ഒരുക്കി പെരുമാറ്റദൂഷ്യങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമെ മറ്റുള്ളവരുമായി ഇടപെടാൻ അനുവദിക്കാവൂ എന്നാണ് വിദഗ്ധർ പറയുന്നത്.
സ്ഥലംമാറ്റമില്ലാതെ 20 വർഷം
കെയർ ടേക്കറായി വന്ന് സൂപ്രണ്ടായി തുടരുന്നതിനിടെയാണ് ബാലികമന്ദിരത്തിലെ ഉദ്യോഗസ്ഥക്കെതിരെ നടപടി വന്നത്. നടപടികളിലെ വീഴ്ചക്കാണ് ഇവരെ കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയത്. അതിനിടെ ഇവിടെ വിവിധ തസ്തികകളിൽ അവർ തുടർന്നത് 20 വർഷം.
ബാലികമന്ദിരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും- മന്ത്രി മുഹമ്മദ് റിയാസ്
വെള്ളിമാട്കുന്ന്: സുരക്ഷപ്രശ്നം നിലനിൽക്കുന്ന സര്‍ക്കാര്‍ ബാലികമന്ദിരത്തിന്റെ അടിസ്ഥാന സാഹചര്യവും സാമൂഹികാന്തരീക്ഷവും മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബാലികമന്ദിരത്തിലെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കെട്ടിടത്തിന്റെ പെയിന്റിങ്ങിന് 22 ലക്ഷംരൂപ അനുവദിച്ചു. കുട്ടികള്‍ക്കായുള്ള കളിസ്ഥലം കൂടുതല്‍ വിപുലപ്പെടുത്താന്‍ നിര്‍ദേശം നല്കി. ബാലിക മന്ദിര വളപ്പിൽ പൂന്തോട്ടം, കൃഷിസ്ഥലം എന്നിവ ഒരുക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാനും നിര്‍ദേശം നൽകിയിട്ടുണ്ട്. തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ, കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, ജില്ല വനിത-ശിശു വികസന ഓഫിസര്‍ അബ്ദുൽ ബാരി, ബോയ്സ് ഹോം സൂപ്രണ്ട് അഹ്മദ് റഷീദ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.