കുട്ടികളുടെ ലൈബ്രറി കെട്ടിടമായി; ഇനി പണം വേണം
text_fieldsകോഴിക്കോട്: ക്രിസ്ത്യൻ കോളജിനു സമീപം കുട്ടികളുടെ ലൈബ്രറിക്കുള്ള കെട്ടിടം പണി പൂർത്തിയായി. ലൈബ്രറിയിൽ ഇനിയുള്ള സംവിധാനങ്ങൾ ഒരുക്കി പ്രവർത്തനം തുടങ്ങാൻ ഫണ്ട് കാത്തിരിപ്പാണ് ജില്ല ലൈബ്രറി കൗൺസിൽ. എ. പ്രദീപ് കുമാർ എം.എൽ.എയുടെ ഫണ്ടിൽനിന്ന് പണം ഉപയോഗിച്ചാണ് പഴയ കിളിയനാട് സ്കൂൾ കെട്ടിടം പൊളിച്ച് പുതിയ ലൈബ്രറി കെട്ടിടം പണിതത്. മാനാഞ്ചിറയിലെ ലൈബ്രറിയുമായി ബന്ധപ്പെട്ട് അന്ന് കേസ് നടക്കുന്നതിനാൽ മാനാഞ്ചിറ ലൈബ്രറി നഷ്ടപ്പെട്ടാലും കിളിയനാട് സ്കൂളിലെ പുതിയ കെട്ടിടം ഉപയോഗിക്കാമെന്ന നിലയിലായിരുന്നു കെട്ടിടം പണി.
എന്നാൽ, കേസിൽ ജില്ല ലൈബ്രറി കൗൺസിലിനുതന്നെ മാനാഞ്ചിറ ലൈബ്രറി കെട്ടിടം ലഭിക്കുകയും അവിടത്തെ വായനശാല സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആൻഡ് റിസർച് സെന്ററായി ഉയർത്തുകയും ചെയ്തതോടെയാണ് കിളിയനാട് പണിതീർന്ന കെട്ടിടത്തിൽ കുട്ടികളുടെ ലൈബ്രറി തുടങ്ങാമെന്ന് തീരുമാനിച്ചത്. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരണത്തിനായി ആവശ്യമായ സ്ഥലം വിട്ടുകൊടുത്താണ് കെട്ടിടം പണിതത്. പുതിയ കെട്ടിടത്തിൽ തുടർപ്രവർത്തനങ്ങൾക്കും ഫർണിച്ചറിനുമെല്ലാമായി 50 ലക്ഷം രൂപകൂടി വേണമെന്നാണ് കരുതുന്നത്. ഇത് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയുടെ ഫണ്ടിൽനിന്ന് ലഭ്യമാക്കാനാണ് ലൈബ്രറി കൗൺസിൽ ശ്രമിക്കുന്നത്. ഫണ്ട് ലഭ്യമാക്കാൻ ധാരണയായതായി ബന്ധപ്പെട്ടവർ അറിയിച്ചു.
കിളിയനാട്ടെ കുട്ടികളുടെ ലൈബ്രറിക്കൊപ്പം എ. പ്രദീപ് കുമാർ എം.എൽ.എയുടെ ഫണ്ടിൽനിന്ന് ഇരിങ്ങാടൻ പള്ളി-മനത്താഴത്ത് സ്കൂളിനടുത്ത് പോനത്ത് വായനശാല, ഈസ്റ്റ് ഹിൽ നക്ഷത്ര വായനശാല, അത്താണിക്കൽ പ്രോഗ്രസിവ് ലൈബ്രറി, തിരുത്തിയാട് ദേവീവിലാസം വായനശാല എന്നിവക്കും എം.എൽ.എ ഫണ്ട് ലഭ്യമാക്കിയിരുന്നു.
ലൈബ്രറി ഒരുങ്ങുക മൂന്നുനില കെട്ടിടത്തിൽ
പഴയ കിളിയനാട് സ്കൂൾ വളപ്പിലാണ് ലൈബ്രറി കൗൺസിൽ ആഭിമുഖ്യത്തിലുള്ള കുട്ടികളുടെ ലൈബ്രറി കെട്ടിടം. പുതിയ കെട്ടിടത്തിൽ മൂന്നു നിലയിൽ റഫറൻസ് ലൈബ്രറിക്കൊപ്പം സാംസ്കാരിക സമ്മേളനങ്ങൾ നടത്താനുള്ള സൗകര്യങ്ങളുമുണ്ട്. എ. പ്രദീപ് കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 1.65 കോടി രൂപ ചെലവിലാണ് കെട്ടിടം പണിതത്.
മാനാഞ്ചിറ സെൻട്രൽ ലൈബ്രറിക്കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണി തുടങ്ങിയപ്പോൾ 2004 മുതൽ മാനാഞ്ചിറ ലൈബ്രറി, വിദ്യാർഥികളൊഴിഞ്ഞ കിളിയനാട് സ്കൂളിലേക്ക് മാറ്റുകയായിരുന്നു. അന്നു മുതലാണ് സ്കൂൾ കെട്ടിടം ലൈബ്രറിയായി അറിയപ്പെട്ടുതുടങ്ങിയത്. പുതിയ കെട്ടിടം പണിയുടെ ഭാഗമായി അന്ന് ആയിരത്തോളം അംഗങ്ങളും 60,000ത്തിലേറെ പുസ്തകങ്ങളുമുള്ള ലൈബ്രറിയും ഉറൂബ് മ്യൂസിയവും ഇവിടെനിന്ന് ആനക്കുളം സാംസ്ക്കാരിക നിലയത്തിലേക്ക് മാറ്റി. പിന്നീട് മാനാഞ്ചിറ ലൈബ്രറിയിലേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.