ക്രിസ്മസ്-പുതുവത്സരാഘോഷം മയക്കുമരുന്നിനെതിരെ പരിശോധന കർശനമാക്കി
text_fieldsകോഴിക്കോട്: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ജില്ലയിൽ മയക്കുമരുന്ന് പരിശോധന ശക്തമാക്കാന്‍ എക്സൈസ്, പൊലീസ്, കസ്റ്റംസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വകുപ്പുകള്‍. പുതുവത്സരത്തോടനുബന്ധിച്ച് വിവിധ ഹോട്ടലുകളില്‍ നടക്കാന്‍ സാധ്യതയുള്ള ഡി.ജെ പാര്‍ട്ടികളില്‍ മയക്കുമരുന്നിനെതിരെ പരിശോധന കര്‍ശനമാക്കും.
ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കാനെത്തുന്നവരെ പരിശോധനക്കു ശേഷമേ പാര്‍ട്ടി ഹാളുകളിലേക്ക് പ്രവേശിപ്പിക്കൂ. ആഘോഷ അവസരത്തില്‍ റിസോര്‍ട്ടുകളിലും മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഗ്രൗണ്ടുകളിലും നടത്തുന്ന ഡി.ജെ പാര്‍ട്ടികള്‍ എക്സൈസിന്റെയും പൊലീസിന്റെയും കര്‍ശന നിരീക്ഷണത്തിലാക്കും. വിവിധ വകുപ്പുകള്‍ക്ക് ലഭിക്കുന്ന രഹസ്യ വിവരങ്ങൾക്കനുസരിച്ച് സംയുക്ത പരിശോധനകള്‍ നടത്തും.
ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിച്ച് സംശയമുള്ള എല്ലാവരെയും പരിശോധന നടത്തും. പരിശോധനഫലം പോസിറ്റിവായാൽ എൻ.ഡി.പി.എസ് കേസെടുക്കും. സംശയമുള്ള സ്ഥലങ്ങളില്‍ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് പരിശോധന നടത്തും. ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ താമസിക്കുന്ന വിദേശ പൗരന്മാരെ സംശയമുള്ളപക്ഷം രഹസ്യ നിരീക്ഷണം നടത്തുമെന്നും ഉത്തര മേഖല ജോയന്റ് എക്സൈസ് കമീഷണര്‍ ജി. പ്രദീപ് അറിയിച്ചു.
ഇതുസംബന്ധിച്ച് എക്സൈസ്, പൊലീസ്, കസ്റ്റംസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് എന്നിവരുടെ സംയുക്ത യോഗവും ചേർന്നു. ഉത്തര മേഖല ജോയന്റ് എക്സൈസ് കമീഷണര്‍ ജി. പ്രദീപ്, കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ വി. രാജേന്ദ്രന്, അസി. എക്സൈസ് കമീഷണര്‍ (എന്‍ഫോഴ്സ്മെന്റ്) എം. സുഗുണന്, നാർകോട്ടിക് സെല്‍ അസി. കമീഷണര്‍ പ്രകാശന് പടന്നയില്‍.
കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി. ശരത്ത് ബാബു, കൊടുവള്ളി പൊലീസ് ഇന്‍സ്പെക്ടര്‍ ചന്ദ്രമോഹന്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, കസ്റ്റംസ് ഉദ്യോഗസ്ഥര്‍, ഇന്റലിജന്‍സ് വിങ് ഉദ്യോഗസ്ഥര്‍, ബാര്‍ ഹോട്ടല്‍ അസോസിയേഷന് പ്രതിനിധികള്‍, ഹോട്ടല്‍ ആൻഡ് റസ്റ്റാറന്റ്സ് അസോസിയേഷന് പ്രതിനിധികള്‍, ജില്ലയിലെ ക്ലബുകളുടെ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു. പൊതുജനങ്ങള്‍ക്ക് മയക്കുമരുന്നുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ കൈമാറുന്നതിന് എക്സൈസ് കണ്ട്രോള് റൂം 0495 2372927/ 9447178063, പൊലീസ് 9497934752 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.