പൗരത്വ നിയമം: വ്യാപക പ്രതിഷേധം
text_fieldsകോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ കോഴിക്കോട്ട് വൻ പ്രതിഷേധം. യൂത്ത് കോൺഗ്രസ്, ഫ്രറ്റേണിറ്റി മൂവ്മെന്റ്, വെൽഫെയർ പാർട്ടി, ഡി.വൈ.എഫ്.ഐ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കേന്ദ്രസർക്കാറിനും ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെ രൂക്ഷ മുദ്രാവാക്യം മുഴക്കിയാണ് വിവിധയിടങ്ങളിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി മലബാർ എക്സ്പ്രസ് തടഞ്ഞു. ട്രെയിനിന്റെ മുകളിൽ കയറിയ പ്രവർത്തകർ കൊടി ട്രെയിനിൽ സ്ഥാപിച്ചു. ടി.വി. നിഹാൽ അടക്കമുള്ള നേതാക്കളെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്തു നീക്കി.
ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ ബീച്ചിൽ ആകാശവാണി ഓഫിസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. വനിതകൾ അടക്കമുള്ള പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിവീശിയതോടെയാണ് പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് ബലം പ്രയോഗിച്ച് പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. നിരവധി പ്രവർത്തകർക്ക് പൊലീസിന്റെ ലാത്തിയടിയേറ്റു. പലരെയും റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് ബസിൽ കയറ്റിയത്. സമരത്തിൽ പങ്കെടുക്കാതെ റോഡരികിൽ നിന്നവർക്കു നേരെയും പൊലീസ് അതിക്രമം നടത്തിയതായി പരാതിയുണ്ട്. വിജ്ഞാപനത്തിന്റെ പകർപ്പ് കത്തിച്ചായിരുന്നു വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം. പ്രതിഷേധ പ്രകടനത്തിന് ജില്ല സെക്രട്ടറി മുസ്തഫ പാലാഴി, കോർപറേഷൻ കമ്മിറ്റി പ്രസിഡന്റ് സജീർ നടക്കാവ്, സെക്രട്ടറി യൂസഫ് മൂഴിക്കൽ തുടങ്ങിവർ നേതൃത്വം നൽകി.
ഡി.വൈ.എഫ്.ഐ നഗരത്തിൽ പന്തംകൊളുത്തി നടത്തിയ നൈറ്റ് മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധങ്ങളെ തുടർന്ന് നഗരത്തിലെ പല റോഡുകളിലും ഏറെനേരം ഗതാഗത തടസ്സമുണ്ടായി. നാട്ടിൻ പുറങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും റോഡ് ഉപരോധവും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.