പൗരത്വ നിയമ ഭേദഗതി; സ്ഥാനാർഥികളുടെ നേതൃത്വത്തിൽ യു.ഡി.എഫ് നൈറ്റ് മാർച്ച്
text_fieldsകോഴിക്കോട്: ഇന്ത്യൻ ഭരണഘടനയെയും മതേതരത്വ മൂല്യങ്ങളെയും തകർക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് നഗരത്തിൽ ബുധനാഴ്ച രാത്രി ജില്ല യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തമേന്തി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. യു.ഡി.എഫ് കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ഥി എം.കെ. രാഘവന്, വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. രാത്രി 10 മണിക്ക് ലീഗ് ഹൗസ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് കടപ്പുറത്ത് സമാപിച്ചു.
ജില്ലയിലെ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും മാർച്ചിൽ അണിനിരന്നു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് എം.എ. റസാഖ്, യു.ഡി.എഫ് ജില്ല ചെയര്മാന് കെ. ബാലനാരായണന്‍, ജനറല്‍ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍, സി.കെ. സുബൈർ, ടി.ടി. ഇസ്മയിൽ. യു.സി. രാമൻ, മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല, കെ.സി. അബു, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ്, സി.എം.പി സംസ്ഥാന അസി. സെക്രട്ടറി സി.എൻ. വിജയകൃഷ്ണൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
തുടർന്ന് നടന്ന പൊതുയോഗം മുസ്ലിം ലീഗ് നേതാവ് മായിൻ ഹാജി ഉദ്ഘാടനം ചെയ്തു. ഇന്ത്യ മുന്നണി അധികാരത്തിൽ വരുന്നതോടെ പൗരത്വ നിയമം നടപ്പാക്കില്ലെന്നു അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. പൗരത്വ നിയമം നടപ്പാക്കി ഭരിച്ചുകളയാമെന്നു നരേന്ദ്ര മോദി വിചാരിക്കേണ്ടയെന്നും അതിനു കോൺഗ്രസുകാർ മരിക്കണമെന്നും എം.കെ. രാഘവൻ എം.പി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെയായ പോരാട്ടം രാജ്യത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണെന്നും ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു.
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. കോഴിക്കോട് കടപ്പുറം രക്തസാക്ഷി സ്തൂപത്തിനടുത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് ഫ്രീഡം സ്ക്വയറില്‍ സമാപിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. കെ.കെ. സമദ് ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് അഡ്വ. കെ.പി. ബിനൂപ്, നേതാക്കളായ അഭിജിത്ത് കോറോത്ത്, എന്‍. അനുശ്രീ, ദിലീപ് അടിവാരം, സി.കെ. ബിജിത്ത് ലാല്‍, എന്‍. അനു തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.