നഗരഭരണം അഞ്ചാം കൊല്ലത്തേക്ക്: ഭരണ-പ്രതിപക്ഷ കൗൺസിലർമാർ തലസ്ഥാനത്തേക്ക്
text_fieldsകോഴിക്കോട്: കൗൺസിൽ അഞ്ചാം കൊല്ലത്തേക്ക് പ്രവേശിച്ചപ്പോൾ കോർപറേഷന്റെ സാമ്പത്തിക ഞെരുക്കം പരിഹരിക്കുന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തിരുവനന്തപുരത്തേക്ക്. കോർപറേഷൻ ആവശ്യം സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നുവെന്നാരോപിച്ച് യു.ഡി.എഫ് അംഗങ്ങളുടെ പ്രതിനിധി സംഘം ബുധനാഴ്ച ഉച്ചക്ക് തിരുവനന്തപുരത്തേക്ക് പോവുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. മേയറുടെ നേതൃത്വത്തിലുള്ള ഭരണപക്ഷ അംഗങ്ങളും തലസ്ഥാനത്തേക്ക് പോവുന്നുണ്ട്.
പെൻഷൻ കൊടുത്തയിനത്തിൽ മാത്രം കോർപറേഷന് 141 കോടി രൂപയോളം സർക്കാറിൽനിന്ന് കിട്ടാനുണ്ടെന്നാണ് യു.ഡി.എഫ് പ്രചാരണം. പരസ്യ നികുതി സംബന്ധിച്ച നിയമാവലി, പാർക്കിങ് പ്ലാസകൾക്കും പഴയ ലയൺസ് പാർക്കിനും മീഞ്ചന്തയിലെയും മാവൂർ റോഡിലെയും ബസ് സ്റ്റാൻഡുകൾക്കുള്ള അംഗീകാരം തുടങ്ങി നിരവധി പദ്ധതികൾ സർക്കാർ നടപടി കാത്തുകിടക്കുന്നു. കഴിഞ്ഞ കൗൺസിൽ കാലത്ത് കൊടുത്തതാണ് പരസ്യ നികുതി പിരിക്കാനനുവാദം നൽകുന്ന ബൈലോ. പരസ്യ നികുതി ജി.എസ്.ടി വന്നതോടെ കോർപറേഷൻ പിരിക്കുന്നില്ല.
എന്നാൽ തിരുവനന്തപുരത്തും കൊച്ചിയിലുമൊക്കെ അതത് നഗരസഭ തയാറാക്കിയ ബൈലോ അംഗീകരിച്ച് നികുതി പിരിവ് തുടങ്ങി. 2017ന് മുമ്പുതന്നെ 78 ലക്ഷം രൂപ കോർപറേഷന് പരസ്യ നികുതിയായി ലഭിച്ചിരുന്നുവെന്നാണ് കണക്ക്. കോർപറേഷൻ ഫയലുകൾ പെട്ടെന്ന് തീർപ്പാക്കാനുള്ള തദ്ദേശ മന്ത്രിയുടെ അദാലത്തിൽ യു.ഡി.എഫ് ഇതെല്ലാം കാണിച്ച് നിവേദനം നൽകിയിരുന്നു. രണ്ടാഴ്ചക്കകം ചർച്ച നടത്താമെന്ന് മന്ത്രി ഉറപ്പുനൽകി നാലുമാസം കഴിഞ്ഞിട്ടും ഒന്നുമായില്ലെന്നാണ് പരാതി. നഗരത്തിന്റെ പൊതു ആവശ്യങ്ങൾക്ക് പ്രതിപക്ഷത്തെ കൂട്ടിപ്പിടിച്ച് സമ്മർദം ചെലുത്താൻ ഭരണപക്ഷം ശ്രമിക്കുന്നില്ലെന്നാണ് യു.ഡി.എഫിന്റെ മുഖ്യ പരാതി. കല്ലായിപ്പുഴ നവീകരണത്തിന് അനുമതി ലഭ്യമാക്കാൻ യു.ഡി.എഫ് അംഗങ്ങൾ നേരത്തേ തിരുവനന്തപുരത്തെത്തി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.