നഗരത്തിലെ ഹാളുകൾ: വിവാദങ്ങൾക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: നാടിന്റെ ചരിത്രം അറിയുന്നവരാരും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെയും പി. കൃഷ്ണപിള്ളയെയും തള്ളിപ്പറയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവൂരിൽ നിർമിച്ച പി. കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യവെയായിരുന്നു ഹാളുകൾ സംബന്ധിച്ച വിവാദത്തിൽ പിണറായിയുടെ മറുപടി.
നാടിന്റെ ചരിത്രം അറിയാത്ത ചിലരുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി കൃഷ്ണപിള്ളയും അബ്ദുറഹ്മാൻ സാഹിബും പീഡനങ്ങളേറ്റുവാങ്ങിയപ്പോൾ ബ്രിട്ടീഷുകാരോട് നിങ്ങളും ഞങ്ങളും തമ്മിൽ ഒരു അഭിപ്രായവ്യത്യാസവുമില്ലെന്നും നിങ്ങളിവിടുന്ന് പോകേണ്ടയെന്നും പറഞ്ഞവരുണ്ട്.
ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്ത് സമയം കളയരുതെന്നാണ് അക്കൂട്ടരുടെ നേതാവ് ഗോൾവാൾക്കർ യുവജനങ്ങൾക്കായി എഴുതിവെച്ചത്. ഇന്ന് രാജ്യം നിയന്ത്രിക്കുന്നവരായി മാറിയ ഇവർ ചരിത്രം തിരുത്താനുള്ള ശ്രമത്തിലാണ്. അതിനാലാണ് ചരിത്രം പഠിപ്പിക്കുന്നതിനെ അവർ എതിർക്കുന്നത്.
നാടിന്റെ ചരിത്രത്തിൽ തങ്ങൾക്ക് പങ്കില്ലെന്നതിനാൽ കൃത്രിമമായി പുതിയ ചരിത്രമുണ്ടാക്കാനാണ് ഇവരുടെ ശ്രമം. അതിന്റെ ഭാഗമായാണ് സ്കൂൾ പാഠപുസ്തകത്തിൽനിന്ന് ഗാന്ധിജിയെ ഒഴിവാക്കിയത്. ഗാന്ധിജിയെ പഠിപ്പിച്ചാൽ ഗാന്ധിവധവും ഗാന്ധിജിയെ കൊന്നത് നാഥുറാം വിനായക് ഗോദ്സെയാണെന്നതും ആർ.എസ്.എസിനെ നിരോധിച്ചതുമെല്ലാം പഠിപ്പിക്കേണ്ടിവരും.
അതിനാലാണ് ഒന്നും വേണ്ടെന്ന് ഇവർ പറയുന്നത്. മുകൾ കാലഘട്ടം, ജവഹർലാൽ നെഹ്റു, അബുൽകലാം ആസാദ് ഇവയൊന്നും പഠിപ്പിക്കേണ്ട എന്നും സ്വാതന്ത്ര്യസമരം, കൃഷ്ണപിള്ള, അബ്ദുറഹ്മാൻ സാഹിബ് എന്നിവയൊന്നും പുതുതലമുറ അറിയേണ്ട എന്നുമാണ് അവരുടെ നിലപാട്.
എന്നാൽ, ഇതിന് വിരുദ്ധ നിലപാടാണ് കേരളം സ്വീകരിക്കുന്നത്. കേരളം ഈ പഠഭാഗങ്ങളെല്ലാം നേരത്തേ തന്നെ പഠിപ്പിക്കുന്നുണ്ട്. അത് നാളെയും തുടരും. ജനാധിപത്യത്തെയും മതേതരത്വത്തെയും തകർക്കാർ ശ്രമിക്കുന്നവരെ തുറന്നുകാട്ടണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നവീകരിച്ച കണ്ടംകുളം ജൂബിലി ഹാളിന് മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ജൂബിലി ഹാൾ എന്നും കോവൂരിൽ നിർമിച്ച ഹാളിന് പി. കൃഷ്ണപിള്ള സ്മാരക ഓഡിറ്റോറിയം എന്നും പേരിട്ടതിനെതിരെ ബി.ജെ.പി നേതൃത്വത്തിൽ പ്രതിഷേധമുയർത്തിയതാണ് വിവാദമായത്.
പി. കൃഷ്ണപിള്ള ഓഡിറ്റോറിയം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
കോഴിക്കോട്: കോവൂർ എം.എൽ.എ റോഡിൽ കോർപറേഷൻ നിർമിച്ച പി. കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മേയർ ഡോ. ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയായി. എം.പിമാരായ എം.കെ. രാഘവൻ, എളമരം കരീം, ബിനോയ് വിശ്വം എന്നിവർ വിശിഷ്ടാതിഥികളായി.
മുഹമ്മദ് ഡാനിഷ് വരച്ച ഛായാചിത്രം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മുൻ മേയർമാരായ ടി.പി. ദാസൻ, ഒ. രാജഗോപാൽ, എം.എം. പത്മാവതി, സ്ഥിരം സമിതി അധ്യക്ഷരായ പി.സി. രാജൻ, പി.കെ. നാസർ, ഡോ. എസ്. ജയശ്രീ, ഒ.പി. ഷിജിന, പി. ദിവാകരൻ, സി. രേഖ, കൃഷ്ണകുമാരി, കൗൺസിലർ ഇ.എം. സോമൻ, കെ.കെ. ബാലൻ, ടി.എം. ജോസഫ്, പ്രേം ബാസിൽ, ബഷീർ പാണ്ടികശാല, മീര ദർശക് എന്നിവർ സംസാരിച്ചു.
എക്സി. എൻജിനീയർ സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് സ്വാഗതവും സെക്രട്ടറി കെ.യു. ബിനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.