Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഗരയാത്ര, സ്ത്രീകൾക്ക്...

നഗരയാത്ര, സ്ത്രീകൾക്ക് നരകയാത്ര

text_fields
bookmark_border
നഗരയാത്ര, സ്ത്രീകൾക്ക് നരകയാത്ര
cancel
Listen to this Article

കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് ബസിൽ അപമര്യാദയായി പെരുമാറിയ യുവാവിനെ കൈകാര്യം ചെയ്ത സന്ധ്യ എന്ന യുവതി താരമായി മാറിയത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കോഴിക്കോടും സ്ത്രീകൾക്ക് ഒറ്റക്ക് യാത്രചെയ്യാൻ കഴിയാത്ത നഗരമായി മാറുകയാണെന്ന് വ്യാപക പരാതികൾ വ്യക്തമാക്കുന്നു. നിരവധി ബുദ്ധിമുട്ടുകൾ സഹിച്ചാണ് കെ.എസ്.ആർ.ടി.സി അടക്കമുള്ള ബസുകളിൽ ജോലിക്കാരും അല്ലാത്തവരുമായ സ്ത്രീകൾ യാത്ര ചെയ്യുന്നത്. രാത്രികാലങ്ങളിൽ ബസുകൾ വളരെ കുറവായതിനാൽ തന്നെ ഉള്ളവയിൽ ഇരട്ടി യാത്രക്കാർ ഇടം പിടിച്ചിരിക്കും. ഈ തിരക്ക് സാമൂഹികവിരുദ്ധർക്ക് അവസരമാണ്. സ്ത്രീകളോട് ചേർന്നുനിൽക്കുക, ബ്രേക്കിടുമ്പോഴേക്കും സ്ത്രീകളുടെ മേൽ വന്ന് ഇടിക്കുക എന്നിവയാണ് ചിലരുടെ പരിപാടി. പ്രതികരിക്കുന്നവരോട് 'ടാക്സി വിളിച്ചു പൊയ്ക്കൂടേ...' എന്ന പതിവ് ചോദ്യം.

രാത്രി മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് ബസിൽ കയറുന്നവർ സ്ത്രീകളെ ഉപദ്രവിക്കുന്ന സംഭവങ്ങൾ നിത്യേനയെന്നോണം നടക്കുന്നുണ്ട്. പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങി യാത്ര പിന്നെയും വൈകുന്നതിൽ ആർക്കും താൽപര്യമില്ലാത്തതിനാൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും കുറവാണ്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ തൊട്ടിൽപ്പാലത്തേക്കുള്ള ബസിൽ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തയാളെ യാത്രക്കാർ മർദിക്കുന്നതിനിടെ തലക്ക് അടികിട്ടിയ ദുരനുഭവം പങ്കുവെച്ചത് ജോലി കഴിഞ്ഞ് ഉള്ള്യേരിയിലേക്ക് പോയ പത്രപ്രവർത്തകയാണ്. തൊട്ടിൽപ്പാലം ഭാഗത്തേക്ക് നേരത്തേ 9.30ന് ഉണ്ടായിരുന്ന ബസ് നിർത്തലാക്കിയതിൽ പിന്നെ എല്ലാ ദിവസവും ഇത്തരം അനുഭവങ്ങൾ ആവർത്തിക്കുകയാണെന്നും അവർ പറയുന്നു.

ബസുകൾ മാത്രമല്ല, കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും പരിസരവും സാമൂഹികവിരുദ്ധരുടെ കേളീരംഗമാണ്. യു.കെ ശങ്കുണ്ണി റോഡിൽ ട്രാൻസ്ജെൻഡർ കൊല്ലപ്പെട്ടത് മാസങ്ങൾക്കു മുമ്പാണ്. ഇതേ റോഡിൽ കഴിഞ്ഞ ദിവസം എട്ടുമണിയോടടുപ്പിച്ച് സ്കൂട്ടറിൽ വന്ന കൗമാരക്കാരനെ ആക്രമിച്ച് രണ്ടുപേർ പണവും മറ്റും കവർന്നെടുത്തു കടന്നുകളഞ്ഞു. ബാസ് സ്റ്റാൻഡിന് എതിർവശത്തുള്ള ശ്രീകണ്ഠേശ്വരം ക്ഷേത്രം റോഡും സാമൂഹികവിരുദ്ധരുടെ വിളയാട്ടു കേന്ദ്രമാണ്.

കഴിഞ്ഞ ദിവസം രാത്രി 11.45ന് കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ ഭർത്താവിനെ കാത്തുനിന്ന മാധ്യമപ്രവർത്തകക്ക് അനുഭവിക്കേണ്ടിവന്ന ദുരനുഭവങ്ങൾ വിശദീകരിച്ച് പൊലീസ് കമീഷണർക്ക് പരാതി നൽകിയിരുന്നു. ബസ് സ്റ്റാൻഡിലും പുറത്തും പത്തുമിനിറ്റിനിടെ പലവിധത്തിലുള്ള അപമാനമാണ് ഇവർ നേരിട്ടത്. ശല്യം സഹിക്കാതെ കുറച്ചു ദൂരെക്ക് മാറിനിന്ന ഇവരുടെ പിന്നാലെ കൂടിയ ക്രിമിനൽ സംഘം അവർക്കു മുന്നിൽനിന്ന് പരസ്യമായി മൂത്രമൊഴിക്കുകവരെ ചെയ്തു. ഒടുവിൽ മാധ്യമപ്രവർത്തകരായ സുഹൃത്തുക്കൾ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

ബസ് സ്റ്റാൻഡിലെത്തുന്ന സ്ത്രീകളോട് അശ്ലീല കമന്‍റുകൾ പറയുകയും അശ്ലീല ആംഗ്യം കാണിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്യുന്ന സംഭവങ്ങൾ ഏറിവരുന്നു. യാത്രക്കിടെ ഒറ്റക്ക് സ്റ്റാൻഡിലെത്തുന്ന സ്ത്രീകളോട് 'പോരുന്നോ' എന്ന് ചോദിച്ച് നിരവധി പേരാണ് പിറകെക്കൂടുന്നത്. ഇവരിൽനിന്ന് രക്ഷപ്പെടാൻ പൊലീസിനെ തിരഞ്ഞാൽ ബസ് സ്റ്റാൻഡിലോ പരിസരത്തോ അവരുടെ പൊടിപോലുമില്ല കാണാൻ എന്നതാണവസ്ഥ.

ദുരനുഭവങ്ങളുണ്ടാവുന്നവരിൽ മിക്കവരും പൊലീസിൽ പരാതിപ്പെടാൻപോലും മടിക്കുകയാണ്. പരാതിപ്പെട്ടാൽ തന്നെ കേസിന് പിറകെ നടന്ന് സമയവും പണവും ചെലവഴിക്കുകയും പ്രതികൾ പോറലുപോലുമേൽക്കാതെ സ്വൈരവിഹാരം തുടരുകയും ചെയ്യുന്നതാണ് അനുഭവം. സ്ത്രീസുരക്ഷ മുൻനിർത്തി നിയമങ്ങൾ ആവശ്യത്തിൽ കൂടുതലുണ്ടെങ്കിലും തക്കസമയത്ത് ഒന്നും സഹായത്തിനെത്താറില്ല. പ്രതികൾക്ക് മാതൃകാപരമായി ശിക്ഷ നൽകാത്തത് കുറ്റകൃത്യത്തിന്‍റെ തോത് വർധിപ്പിക്കുന്നു. നേരത്തേ പൊലീസ് രാത്രി കാര്യക്ഷമമായി പട്രോളിങ് നടത്തിയിരുന്നു. കൂടാതെ തിരക്കേറിയ ഇടങ്ങളിൽ പിങ്ക് പൊലീസ് മഫ്ടിയിലെത്തി സമൂഹവിരുദ്ധരെ കൈകാര്യം ചെയ്യുന്നതും പതിവായിരുന്നു. കോവിഡ് കാലത്ത് ഇത്തരം പരിശോധനകളെല്ലാം നിർത്തിവെച്ചത് ഇവർക്ക് കൂടുതൽ ധൈര്യം നൽകുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode CityNight Travel
News Summary - City travel, hell travel for women
Next Story