സിവിൽ സർവിസ് മുതൽ വിദേശഭാഷ പഠനം വരെ; വിദ്യാർഥികൾക്കായി ‘സ്പെക്’
text_fieldsകോഴിക്കോട്: സിവിൽ സർവിസ് പ്രവേശനം, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകളിൽ ഉപരിപഠന പ്രവേശനം, വിദേശഭാഷ പഠനം എന്നീ നാല് മേഖലകളിൽ വിദ്യാർഥികൾക്ക് പരിശീലനവും പഠനപിന്തുണയും ലക്ഷ്യമിട്ടുള്ള ജില്ല പഞ്ചായത്തിന്റെ ഉന്നതവിദ്യാഭ്യാസ പരിശീലന പദ്ധതിയായ സ്പെക് (സോഷ്യലി പ്രോഡക്ടിവ് എസ്റ്റാബ്ലിഷ്മെന്റ് ഓഫ് കോഴിക്കോട്) തുടങ്ങി. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജില്ലയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് നാല് മേഖലകളിൽ അഞ്ചുവർഷം തുടർച്ചയായി പരിശീലനം നൽകുകയാണ് ലക്ഷ്യം. ഒരുവർഷം 150 കുട്ടികളെ തിരഞ്ഞെടുക്കും. ഇതിനായി പ്രത്യേക സെലക്ഷൻ കമ്മിറ്റിയും നടത്തിപ്പിനായി നേതൃസമിതിയും ഉണ്ടാകും. ആദ്യത്തെ രണ്ടുമേഖലകളിൽ എട്ടാം ക്ലാസ് മുതൽക്കുള്ള വിദ്യാർഥികൾക്ക് പരിശീലനം നൽകും. പ്ലസ് വൺ വിദ്യാർഥികൾക്കാണ് മൂന്നാമത്തെ മേഖല. മൂന്ന് മേഖലകളിലുമുള്ള വിദ്യാർഥികൾക്ക് വേണ്ടിയുള്ളതാണ് വിദേശഭാഷ പഠന പരിശീലനം.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ വി.പി. ജമീല, കെ.വി. റീന, ആർ.ഡി.ഡി സന്തോഷ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ യു.കെ. അബ്ദുൽ നാസർ, സമഗ്രശിക്ഷ ജില്ല പ്രോജക്ട് കോഓഡിനേറ്റർ എ.കെ. അബ്ദുൽ ഹക്കിം, ദുൽഫിക്കർ എന്നിവർ സംസാരിച്ചു. 2024-25, 2025-2026 വർഷങ്ങളിലെ പ്രവർത്തന പരിശീലന പദ്ധതി ജില്ലപഞ്ചായത്ത് വിദ്യാഭ്യാസ കോഓഡിനേറ്റർ വി. പ്രവീൺകുമാർ അവതരിപ്പിച്ചു. സിവിൽ സർവിസ് പരീക്ഷയിൽ ഉന്നതറാങ്ക് നേടിയ എ.കെ. ശാരികയെ അനുമോദിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നിഷ പുത്തൻപുരക്കൽ നന്ദിയും പറഞ്ഞു.
തുടർന്ന് പരിശീലന പരിപാടികൾക്ക് തുടക്കം കുറിച്ച് ഡെപ്യൂട്ടി കലക്ടർ ഷാമിൽ സെബാസ്റ്റ്യനും സ്റ്റേറ്റ് വൊക്കേഷനൽ ഗൈഡൻസ് ഓഫിസർ പി. രാജീവും മേഖല ശാസ്ത്രകേന്ദ്രത്തിലെ ബിനോജും ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.