കുന്ദമംഗലം സുന്നി ജുമാ മസ്ജിദിൽ സംഘർഷം
text_fieldsകുന്ദമംഗലം: കുന്ദമംഗലം സുന്നി ജുമാ മസ്ജിദിൽ സംഘർഷം. വ്യാഴാഴ്ച വൈകീട്ട് നാലരക്ക് അസർ നമസ്കാര ശേഷമാണ് എ.പി, ഇ.കെ. വിഭാഗം സുന്നി പ്രവർത്തകർ തമ്മിൽ പള്ളിയിൽ വെച്ച് സംഘട്ടനമുണ്ടായത്. ഇരുവിഭാഗവും നമസ്കാര ശേഷം ചേരിതിരിഞ്ഞ് കൈയാങ്കളിക്ക് മുതിർന്നതോടെ കോഴിക്കോട് പൊലീസ് അസി. കമീഷണർ കെ. സുദർശന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സേന പള്ളിയിൽ കയറി ഇരു വിഭാഗത്തെയും പള്ളിയിൽനിന്നും പുറത്തിറക്കി മുൻവശത്തെ കവാടം അടക്കുകയായിരുന്നു. ഇതിനിടയിൽ ഇരു വിഭാഗത്തിലുംപെട്ട മൂന്നുപേരെ പിടികൂടി പൊലീസ് വാഹനത്തിലേക്ക് മാറ്റി.
ഏറെ കാലമായി അധികാരതർക്കം നിലനിൽക്കുന്ന ഇവിടെ കോടതി വിധി ഇപ്പോൾ തങ്ങൾക്ക് അനുകൂലമായിട്ടുണ്ടെന്ന് അവകാശപ്പെട്ട് എ.പി. വിഭാഗം പള്ളിയിൽ പ്രഖ്യാപനത്തിന് മുതിർന്നപ്പോഴാണ് മറുവിഭാഗം തടഞ്ഞത്. ഇതാണ് സംഘർഷത്തിന് കാരണമായത്.
ഈ മാസം പതിനൊന്നിന് നടക്കുന്ന വഖഫ് ബോർഡ് യോഗം വരെ കാത്തുനിൽക്കാനും അതുവരെ മഹല്ല് ഖത്തീബിന് പള്ളി നടത്തിപ്പ് ചുമതല നൽകാനുമുള്ള നിർദേശം ഇരുകൂട്ടരും അംഗീകരിച്ചതോടെ പ്രവർത്തകർ പിന്തിരിഞ്ഞ് പോകുകയായിരുന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് പള്ളിക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.