എ.ബി.വി.പി മാര്‍ച്ചില്‍ സംഘർഷം, ജലപീരങ്കി; പൊലീസുകാരടക്കം ആറു പേർക്ക് പരിക്ക്
text_fieldsകോഴിക്കോട്: സർക്കാർ ഉന്നത വിദ്യാഭ്യാസം തകര്‍ക്കുന്നുവെന്നാരോപിച്ച് പൊലീസ് കമീഷണര്‍ ഓഫിസിലേക്ക് എ.ബി.വി.പി നടത്തിയ മാര്‍ച്ചില്‍ സംഘർഷം. അസി. കമീഷണർ പി. ബിജുലാൽ അടക്കം രണ്ടു പൊലീസുകാർക്കും നാല് പ്രവർത്തകർക്കും പരിക്കേറ്റു. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
രാവിലെ പത്തോടെ ബാങ്ക് റോഡിൽ അശോക ആശുപത്രിക്കും മാനാഞ്ചിറക്കുമിടയിൽ റോഡ് തടഞ്ഞ് ബാരിക്കേഡ് കെട്ടി കാത്തിരുന്ന വൻ പൊലീസ് സംഘത്തിന് മുന്നിലേക്ക് 12ഓടെയാണ് മാർച്ച് എത്തിയത്. കെ.എസ്.ആർ.ടി.സി പരിസരത്തുനിന്ന് തുടങ്ങിയ മാര്‍ച്ച് മാനാഞ്ചിറ ഡി.ഡി.ഇ ഓഫിസിനടുത്ത് പൊലീസ് തടഞ്ഞു. തുടര്‍ന്ന് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി എന്‍.സി.ടി. ശ്രീഹരി ഉദ്ഘടനം ചെയ്തു.
പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിക്കടക്കാന്‍ ശ്രമിക്കവേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് ചാടിയെത്തിയ സംസ്ഥാന ജോ. സെക്രട്ടറിമാരായ എന്‍.വി. അരുണ്‍, യദുകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിൽ മുന്നോട്ട് നീങ്ങിയതോടെ കണ്ണീര്‍വാതകം പ്രയോഗിച്ചെങ്കിലും പ്രവർത്തിച്ചില്ല. തുടർന്ന് ലാത്തി വീശുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട ഉന്തിനും തള്ളിനുമിടെ 24 പേരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
പരിക്കേറ്റ എന്‍.വി. അരുണ്‍, എം. ദൃശക്, കെ. വിവേക് എന്നിവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവേകിനെ പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കോടതിയില്‍ ഹാജരാക്കിയ പ്രവർത്തകരെ റിമാൻഡ് ചെയ്തു. എ.ബി.വി.പി സംസ്ഥാന ജോ. സെക്രട്ടറിമാരായ അഭിനവ് തൂണേരി, യദുകൃഷ്ണ, എന്‍.വി. അരുണ്‍, ജില്ല പ്രസിഡന്റ് അനഘ പി. ഗിരീഷ്, സെക്രട്ടറി സി. പ്രണവ് തുടങ്ങിയവർ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.