ക്ലീൻ കോഴിക്കോട്
text_fieldsകോഴിക്കോട്: ജില്ലയുടെ സമ്പൂർണ മാലിന്യമുക്ത പ്രഖ്യാപനത്തിന് മുന്നോടിയായി നിരോധിത പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും പിടികൂടുന്നതിനായി നടക്കുന്നത് വ്യാപക പരിശോധനകൾ. സൂക്ഷിച്ചില്ലെങ്കിൽ എപ്പോൾ വേണമെങ്കിൽ പിടിവീഴുമെന്ന അവസ്ഥയിലാണ് എൻഫോഴ്സ്മെന്റ് ടീമിന്റെ പരിശോധന. മാലിന്യമുക്ത നവകേരളം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 2024 ഫെബ്രുവരി മുതൽ ഒരു വർഷത്തിനിടെ ജില്ലയിൽ 6526 പരിശോധനകളാണ് നടന്നത്. ഇതിലൂടെ 76.80 ലക്ഷം പിഴ ചുമത്തി. മാർച്ച് മാസവും ശക്തമായ പരിശോധന തുടരുകയാണ്.
● പ്രഖ്യാപനം ഏപ്രിൽ അഞ്ചിന്
ഏപ്രിൽ അഞ്ചിനാണ് ജില്ലയെ സമ്പൂർണ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നത്. ഇതിന് മുന്നോടിയായി പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബ്ലോക്ക് തലങ്ങളിൽ സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തും. സമ്പൂർണ മാലിന്യമുക്ത ജില്ല പ്രഖ്യാപനത്തിനുള്ള മുന്നൊരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്. മുഴുവൻ ഹരിത അയൽക്കൂട്ടങ്ങളും മാനദണ്ഡങ്ങൾ പൂർത്തിയാക്കി ഹരിത പദവി നേടിക്കഴിഞ്ഞു. 27,618 അയൽക്കൂട്ടങ്ങളാണ് ജില്ലയിലുള്ളത്. ഹരിത വിദ്യാലയങ്ങളിൽ 98.72 ശതമാനവും (1481ൽ 1462) ഹരിത പദവിയിലെത്തി. ഹരിത സ്ഥാപനങ്ങളിൽ 97.65 ശതമാനവും വൃത്തിയുള്ള പൊതുസ്ഥലങ്ങൾ മാർക്കറ്റുകൾ തുടങ്ങിയവ 95.29 ശതമാനവും ഹരിത പദവി നേടി.
ടൗണുകളെ ഹരിത പദവിയിലെത്തിക്കുന്നതാണ് അധികൃതർക്കു മുന്നിൽ വെല്ലുവിളിയാവുന്നത്. ഇതുവരെ 77 ശതമാനം ടൗണുകൾ മാത്രമാണ് ഹരിത പദവിയിലെത്തിയത്. അതായത് 274 ടൗണുകളിൽ 198 ടൗണുകൾ മാത്രം. ടൂറിസം കേന്ദ്രങ്ങളിൽ 82 ശതമാനം ഹരിത പദവി നേടിക്കഴിഞ്ഞു. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിനായി 195 ഇടങ്ങളിൽ കാമറ സ്ഥാപിച്ചു.
പ്ലാസ്റ്റിക് കുപ്പി ശേഖരിക്കുന്നതിനായി 2644 ബോട്ടിൽ ബൂത്തുകളും മാലിന്യശേഖരണത്തിന് 7123 ബിന്നുകളും സ്ഥാപിച്ചു. ക്ലീൻ കേരള കമ്പനി മുഖേന 26.04 ലക്ഷം കിലോ മാലിന്യം ശേഖരിച്ചതായും അധികൃതർ അറിയിച്ചു. അജൈവ മാലിന്യം ശേഖരിച്ച് സൂക്ഷിക്കാൻ 91 എം.സി.എഫുകളും 1310 മിനി എം.സി.എഫുകളും 12 ആർ.പി.എഫുകളുമാണുള്ളത്.
● നിരോധിത ഉൽപന്നങ്ങൾ
ഈ മാസം അവസാനം വരെ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ വ്യാപക പരിശോധനകൾ നടത്തും. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വിൽപന, പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് കത്തിക്കൽ, ജലാശയങ്ങളിൽ മാലിന്യം തള്ളൽ തുടങ്ങിയവക്കെതിരെ കർശന നടപടി സ്വീകരിക്കും.
നിരോധിത ഉൽപന്നങ്ങൾ: പ്ലാസ്റ്റിക് കാരിബാഗുകൾ (കനം നോക്കാതെ), പ്ലാസ്റ്റിക് കോട്ടിങ്ങുള്ള പേപ്പർ കപ്പുകൾ, പേപ്പർ പ്ലേറ്റുകൾ, ബൗളുകൾ, 500 മില്ലിക്ക് താഴെയുള്ള കുടിവെള്ള ബോട്ടിലുകൾ, പ്ലാസ്റ്റിക് ടേബിൾ വിരികൾ, തെർമോക്കോൾ, സ്റ്റെയിറോ ഫോം എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന പ്ലേറ്റുകൾ, കപ്പുകൾ, അലങ്കാര വസ്തുക്കൾ, ഒറ്റത്തവണ ഉപയോഗിക്കുന്നു പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ഫോർക്കുകൾ, സ്ട്രോ, ഡിഷുകൾ, നോൺ വുവൻ ബാഗുകൾ, പ്ലാസ്റ്റിക് ഫ്ലാഗുകൾ, പ്ലാസ്റ്റിക് ബണ്ടിങ്, പ്ലാസ്റ്റിക് വാട്ടർ പൗച്ചുകൾ, പി.വി.സി ഫ്ലക്സ് മെറ്റീരിയൽ, ഗാർബേജ് ബാഗുകളും പാക്കറ്റുകളും.
● മാറണം മനോഭാവം
മാലിന്യമുക്ത നവകേരള കാമ്പയിൻ ഫലപ്രദമാവണമെങ്കിൽ ആളുകളുടെ മനോഭാവംകൂടി മാറണമെന്ന് വൃത്തി മാധ്യമ ശിൽപശാലയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രഖ്യാപനങ്ങൾക്കപ്പുറം പദ്ധതികൾ കൃത്യമായി നടപ്പാക്കാൻ അധികൃതർ തയാറാവണമെന്ന് മാധ്യമപ്രവർത്തകർ അഭിപ്രായപ്പെട്ടു. കോഴിക്കോട് പ്രസ് ക്ലബ് കോൺഫറൻസ് ഹാളിൽ നടന്ന മാധ്യമ ശിൽപശാല ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ശശി ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷനും കേരള പത്ര പ്രവർത്തക യൂനിയനും സംയുക്തമായാണ് ശിൽപശാല സംഘടിപ്പിച്ചത്.
പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മാലിന്യമുക്തം നവ കേരളം കാമ്പയിൻ കോഓഡിനേറ്റർ മണലിൽ മോഹനൻ, കെ.എസ്.ഡബ്ല്യു.എം.പി ജില്ല കോഓഡിനേറ്റർ വിഘ്േനഷ്, ക്ലീൻ കേരള കമ്പനി ജില്ല മാനേജർ സുരേഷ് കുമാർ, പ്രസ് ക്ലബ് സെക്രട്ടറി പി.കെ. സജിത്ത്, ശുചിത്വ മിഷൻ ഉദ്യോഗസ്ഥരായ സി.കെ. സരിത്ത്, കെ.പി. രാധാകൃഷ്ണൻ, ഒ. ജ്യോതിഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ല ശുചിത്വമിഷൻ കോഓഡിനേറ്റർ എം. ഗൗതമൻ സ്വാഗതം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.