എയിംസ് കോഴിക്കോട് തന്നെയെന്ന് എം.പിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
text_fieldsകോഴിക്കോട്: കേരളത്തിന് കേന്ദ്രം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്ന നിർദിഷ്ട എയിംസ് കോഴിക്കോട് തന്നെ സ്ഥാപിക്കുമെന്ന് എം.കെ. രാഘവന് എം.പിക്ക് മുഖ്യമന്ത്രി ഉറപ്പ് നല്കി. എയിംസ് കോഴിക്കോടിന് പകരം കാസർകോട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യക്ക് നിവേദനം നല്‍കിയതുമായി ബന്ധപ്പെട്ട വാര്‍ത്തകളെത്തുടര്‍ന്നാണ് എം.പിയുടെ ഇടപെടല്‍.
എയിംസ് കോഴിക്കോട് സ്ഥാപിക്കണമെന്ന നിർദേശത്തില്‍ സര്‍ക്കാറിന് മനംമാറ്റമില്ലെന്ന് മുഖ്യമന്ത്രി എം.പിയെ അറിയിച്ചു. ഇതുസംബന്ധിച്ച് കെ.വി. തോമസുമായും എം.കെ. രാഘവന് ചര്‍ച്ച നടത്തി. കത്തില്‍ സംഭവിച്ച ആശയക്കുഴപ്പം തിരുത്തുമെന്നും എയിംസ് കോഴിക്കോട് സ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും കെ.വി. തോമസ് എം.പിയെ അറിയിച്ചു.
കോഴിക്കോട് കിനാലൂരില്‍ സാമൂഹികാഘാത പഠനം നടത്തി സ്ഥലം കൈമാറ്റ നടപടികളിലേക്ക് സര്‍ക്കാര്‍ കടന്ന കാര്യം എം.പി ചൂണ്ടിക്കാട്ടി. മലബാറിന്റെ ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് എയിംസ് വഴിവെക്കും. എയിംസ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി 1956ലെ എയിംസ് ആക്ടില്‍ ഭേദഗതി നിർദേശിച്ച് എം.കെ. രാഘവന് പാര്‍ലമെന്റില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ചിരുന്നു. നിരന്തര സമ്മർദത്തിന് ഒടുവിലാണ് കേരളത്തില്‍ എയിംസ് അനുവദിക്കുമ്പോള്‍ കിനാലൂര്‍ സ്ഥാപിക്കാമെന്ന ധാരണയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.