ഗ്യാസ് കിട്ടാനില്ല; നട്ടംതിരിഞ്ഞ് സി.എൻ.ജി വാഹന ഉടമകൾ
text_fieldsഉണ്ണികുളത്ത് നിർമാണം പുരോഗമിക്കുന്ന സിറ്റി ഗേറ്റ് സ്റ്റേഷൻകോഴിക്കോട്: ജില്ലയിൽ കംപ്രസ്ഡ് നാച്വുറൽ ഗ്യാസ് (സി.എൻ.ജി) ക്ഷാമം അതിരൂക്ഷമായതോടെ വാഹന ഉടമകൾ ദുരിതത്തിലായി. ആവശ്യാനുസരണം ഇന്ധനം കിട്ടാത്തതോടെ നൂറോളം ഓട്ടോകളാണ് നഗരത്തിൽ മാത്രം സർവിസ് നിർത്തിയത്. സി.എൻ.ജിയിലേക്ക് മാറിയ മറ്റുവാഹനങ്ങളുടെയും പുതുതായി നിരത്തിലിറങ്ങിയ വാഹനങ്ങളുടെയും സ്ഥിതി വിഭിന്നമല്ല.
മതിയായ ലോഡ് കൊച്ചിയിൽനിന്ന് എത്താത്തതോടെ നഗരപരിധിയിലെ പാവമണി റോഡ്, വയനാട് റോഡ്, എരഞ്ഞിപ്പാലം മിനി ബൈപാസ് എന്നിവിടങ്ങളിലെ ഫില്ലിങ് സ്റ്റേഷനുകൾക്കു മുന്നിൽ രാപ്പകൽ വ്യത്യാസമില്ലാതെ വാഹനങ്ങളുടെ നീണ്ട നിരയാണ്. കൊച്ചിയിൽനിന്ന് ലോഡ് ലഭിച്ചശേഷം ബന്ധപ്പെട്ട ഫില്ലിങ് സ്റ്റേഷനുകളിൽ ഇത്രമണിക്ക് ലോഡ് എത്തുമെന്നറിയിക്കുകയും ഇവ സി.എൻ.ജി ഓട്ടോകൂട്ടായ്മയുടെ വാട്സ്ആപ് ഗ്രൂപ്പിൽ അറിയിച്ചെല്ലാമാണ് മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പൊഴിവാക്കാൻ ശ്രമങ്ങൾ നടത്തുന്നത്. കഴിഞ്ഞ ദിവസം സി.എൻ.ജി വിതരണം നഗരപരിധിയിൽ പൂർണമായും നിലച്ചിരുന്നു.
അന്തരീക്ഷ മലിനീകരണതോതിലെ കുറവ്, ഇന്ധന ലാഭം, കൂടുതൽ വരുമാനം എന്നിവ മുൻനിർത്തി സ്വകാര്യ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ അടുത്തിടെ സി.എൻ.ജിയിലേക്ക് മാറിയിരുന്നു. എന്നാൽ, ഇതിനൊത്ത് ഫില്ലിങ് സ്റ്റേഷനുകളുടെ എണ്ണം വർധിച്ചില്ല. ലോഡുകളുടെ വരവിൽ കുറവുണ്ടാവുകയും ചെയ്തു. ഇതാണ് ക്ഷാമം രൂക്ഷമാക്കിയത് എന്നാണ് വാഹന ഉടമകൾ പറയുന്നത്.
നഗര പരിധിക്കുപുറമെ പറമ്പിൽ ബസാർ, ചേമഞ്ചേരി, ഉള്ള്യേരി, രാമനാട്ടുകര, കുറ്റ്യാടി എന്നിവിടങ്ങളിലുമാണ് സി.എൻ.ജി സ്റ്റേഷനുകളുള്ളത്. ജില്ലയിൽ ആയിരത്തി അഞ്ഞൂറോളം സി.എൻ.ജി ഓട്ടോകളാണുള്ളത്. ബസുകളുൾപ്പെടെ മറ്റുവാഹനങ്ങൾ വേറെയും. നാലായിരം കിലോയിലേറെ സി.എൻ.ജിയാണ് ജില്ലയിൽ ഒരുദിവസം ആവശ്യമുള്ളത്.
പ്രതിസന്ധി നീങ്ങാൻ ഉണ്ണികുളത്തെ സിറ്റി ഗേറ്റ് സ്റ്റേഷൻ കമീഷൻ ചെയ്യണം
കോഴിക്കോട്: സിറ്റി ഗേറ്റ് സ്റ്റേഷനുകളിലൊന്നെങ്കിലും (സി.ജി.എസ്) കമീഷൻ ചെയ്യുന്നതോടെ മാത്രമേ കോഴിക്കോട്ടെയടക്കം സി.എൻ.ജി ക്ഷാമത്തിന് പരിഹാരമാകൂ എന്ന് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ്. ഉണ്ണികുളം, കണ്ണൂർ, മഞ്ചേരി, കഞ്ചിക്കോട് എന്നിവിടങ്ങളിലാണ് സി.ജി.എസുകളുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നത്.
ഇവയിലേതെങ്കിലും ഒന്നെങ്കിലും ഉടൻ കമീഷൻ ചെയ്താൽ ഇവിടെ നിന്ന് ട്രക്കുകളിലേക്ക് ഗ്യാസ് നിറക്കാനാവും. വാഹനങ്ങളിലേക്ക് നേരിട്ടും ഗ്യാസ് നിറക്കാം. ഇതോടെ കൊച്ചിയിൽനിന്ന് ട്രക്കുകളിൽ എത്തിക്കേണ്ട കാലതാമസം ഒഴിവാകും.
ഗേറ്റ് സ്റ്റേഷനുകൾ ഏപ്രിൽ, മേയ് മാസങ്ങളിൽ പൂർത്തിയാവുമെന്നാണ് പ്രതീക്ഷയെന്ന് അസോസിയേറ്റ് മാനേജർനിധിൻ നസറുദ്ദീൻ പറഞ്ഞു.പൈപ്പ് ലൈൻ പൂർത്തിയാവാത്തതിനാൽ നിലവിൽ കോഴിക്കോട്ടേക്കുൾപ്പെടെ കൊച്ചിയിൽനിന്നാണ് ട്രക്കുകൾ വഴി സി.എൻ.ജി എത്തിക്കുന്നത്. ഇവിടെ രണ്ട് ട്രക്കുകളിലേക്ക് സി.എൻ.ജി സപ്ലൈ സ്റ്റേഷനുകൾ മാത്രമാണുള്ളത് എന്നതാണ് പ്രതിസന്ധി. ഈ സ്റ്റേഷനുകളിലേക്ക് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസിന് പുറമെ, കെ.ജി.എൻ.പി, ഐ.ഒ.സി, ഗെയിൽ എന്നിവയുടെയടക്കം 82 ട്രക്കുകളിലേക്ക് ഗ്യാസ് നിറക്കുന്നുണ്ട്. ഒടു ട്രക്കിൽ ഗ്യാസ് നിറക്കാൻ 40 മിനിറ്റുവേണം. ഇതോടെ ട്രക്കുകൾ പത്തുമണിക്കൂർ വരെ കാത്തുനിൽക്കേണ്ടിവരുകയാണ്. ഇതാണ് കോഴിക്കോട്ട് ലോഡെത്താൻ കാലതാമസമുണ്ടാക്കുന്നത്.
ട്രക്കുകളുടെ വേഗത കുറക്കാൻ സംവിധാനം ഏർപ്പെടുത്തിയതിനാൽ കൊച്ചിയിൽ പോയി വരുന്നതിനുതന്നെ ആറുമുതൽ എട്ടുമണിക്കൂർ സമയമെടുക്കുന്നുണ്ട്.
ഉണ്ണികുളത്ത് സ്റ്റേഷൻ യാഥാർഥ്യമായാൽ ജില്ലയിലെ എല്ലാ ഭാഗങ്ങളിേലക്കും ഇവിടെനിന്ന് ഒരുമണിക്കൂർകൊണ്ട് ട്രക്കുകളിൽ ഗ്യാസ് എത്തിക്കാനാവും. ഇനി കഞ്ചിക്കോട്ടോ, കണ്ണൂരിലോ ആണ് ആദ്യം യാഥാർഥ്യമാകുന്നതെങ്കിൽപോലും കൊച്ചിയിലെ സപ്ലൈ സ്റ്റേഷനിലെ തിരക്ക് കുറക്കാനാവും. ഫെബ്രുവരി പത്തുവരെ ജില്ലയിൽ സി.എൻ.ജി ക്ഷാമമുണ്ടായിരുന്നില്ല. സ്ഥിരമായി ഗ്യാസ് എത്തിച്ചിരുന്ന 13 ട്രക്കുകളിൽ ഒന്ന് അറ്റകുറ്റപ്പണിക്കായി വർക്ക് ഷോപ്പിൽ കയറ്റുകയും മറ്റൊന്ന് അപകടത്തിൽപെടുകയും ചെയ്തതതോടെയാണ് സി.എൻ.ജി നീക്കത്തിെൻറ വേഗത കുറഞ്ഞത്.
നിലവിൽ കൂടുതൽ ട്രക്കുകൾ സർവിസ് നടത്തുന്നുണ്ട്. ക്ഷാമം കണക്കിലെടുത്ത് പുതിയ വാഹനങ്ങൾ വാങ്ങി സിലിണ്ടറും മറ്റു സംവിധാനവും ഒരുക്കുന്നതിലുള്ള കാലതാമസമാണ് ഇപ്പോഴുള്ളത്.
ഇന്ധന ലാഭം കണക്കിലെടുത്ത് സാധാരണ വാഹനങ്ങളിൽ പലതും സി.എൻ.ജിയിലേക്ക് മാറുന്നതിനാൽ ഉപഭോഗം കൂടിയിട്ടുണ്ട്. കഴിഞ്ഞ മാസം മാത്രം ജില്ലയിൽ 180 വാഹനങ്ങളാണ് സി.എൻ.ജിയിലേക്ക് മാറിയത്. പുതിയ വാഹനങ്ങൾ നിരവധി ഇറങ്ങുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.