തീരവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള തീരസദസ്സ് 14 മുതൽ
text_fieldsകോഴിക്കോട്: കടലോര മേഖലയിൽ താമസിക്കുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണാൻ തീര സദസ്സുകളിലൂടെ സാധിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തീരസദസ്സുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ജില്ലയിലെ ആറ് മണ്ഡലങ്ങളിൽ മേയ് 14 മുതൽ 20 വരെയാണ് തീരസദസ്സ് സംഘടിപ്പിക്കുന്നത്. നാലു മണിക്കൂറാണ് തീരസദസ്സിന്റെ സമയം. ആദ്യത്തെ ഒന്നര മണിക്കൂർ ജനപ്രതിനിധികളുടെ പ്രത്യേക യോഗം ചേരും.
പ്രാദേശികമായ വിഷയങ്ങൾ, വികസന പ്രവർത്തനങ്ങൾ, വികസന സാധ്യതകൾ തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്യും. തുടർന്ന് തീരസദസ്സ് നടക്കുമെന്നും മന്ത്രി പറഞ്ഞു. ബേപ്പൂർ, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, എലത്തൂർ, കൊയിലാണ്ടി, വടകര മണ്ഡലങ്ങളിലാണ് തീരസദസ്സ് സംഘടിപ്പിക്കുന്നത്.
മേയ് 14ന് വൈകീട്ട് 4.30 മുതൽ ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മേയ് 15ന് രാവിലെ 11 മുതൽ ഭട്ട് റോഡ് സമുദ്ര ഓഡിറ്റോറിയം, അന്നേ ദിവസം വൈകീട്ട് 4.30 മുതൽ പയ്യാനക്കൽ ഹയർ സെക്കൻഡറി സ്കൂൾ, 16ന് രാവിലെ 11 മുതൽ പുതിയാപ്പ ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ, 17ന് രാവിലെ 11 മുതൽ കൊയിലാണ്ടി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ (ബോയ്സ് ഹൈസ്കൂൾ), 20ന് രാവിലെ 11 മുതൽ വടകര ടൗൺഹാൾ എന്നിവിടങ്ങളിലാണ് തീരസദസ്സ് നടക്കുക.
തീരസദസ്സുമായി ബന്ധപ്പെട്ട് മണ്ഡലങ്ങളിലെ ഒരുക്കങ്ങളും ക്രമീകരണങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. എം.എൽ.എമാരായ കാനത്തിൽ ജമീല, കെ.കെ. രമ, കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കേ പാട്ട്, വടകര നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു, ജില്ല വികസന കമീഷണർ എം.എസ്. മാധവിക്കുട്ടി, ഫിഷറീസ് വകുപ്പ് അസി. ഡയറക്ടർ കെ.എ. ലബീബ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.