കാറ്റിലുലഞ്ഞ് കടലോര ജീവിതം
text_fieldsകോഴിക്കോട്: കുറച്ചുകാലമായി ന്യൂനമർദത്തിെൻറ പിടിയിലാണ് മത്സ്യബന്ധനമേഖല. ന്യൂനമർദത്തിെൻറ പേരിലുണ്ടാവുന്ന കാലാവസ്ഥാവ്യതിയാനത്തിൽ കടലിൽ പോകാൻ ബുദ്ധിമുട്ടാണ്. മുന്നറിയിപ്പിനെ തുടർന്ന് കടലിൽപോയ ബോട്ടുകൾ തിരിച്ചുപോരേണ്ട അവസ്ഥ. കടലിലെ പ്രതിസന്ധികൾക്കൊപ്പം കരയിലെ കോവിഡും ലോക്ഡൗണും കണ്ടെയ്ൻമെൻറ് സോണും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ. കടലിൽ മത്സ്യം കുറഞ്ഞതുകൊണ്ടുള്ള പ്രതിസന്ധിയും. എല്ലാറ്റിലുമുപരി ഡീസൽ വില കുത്തനെ മേൽപ്പോട്ട് കുതിക്കുന്നതിെൻറ പ്രശ്നം.
നേരിട്ടും അല്ലാതെയും പതിനായിരങ്ങൾ ജോലിചെയ്യുന്ന മേഖലയുടെ ദുരവസ്ഥ കടലോളം വരുമിന്ന്. നിരന്തരം കാറ്റിലുലയുകയാണ് തീരത്തെ ജീവിതം. അതിനനുസരിച്ച് നാട്ടിൻപുറത്തെ മീൻകാരനും പട്ടിണിയിലാവുന്നു. സർക്കാർ നൽകുന്ന സൗജന്യ റേഷനോ ഭക്ഷ്യ കിറ്റോ കൊണ്ടു തീരാത്തത്ര വറുതിയിലാണിവർ. ചാലിയം, ബേപ്പൂർ, വെള്ളയിൽ, പുതിയാപ്പ, കൊയിലാണ്ടി, വടകര മേഖലകളിൽ കടൽ നേരിട്ടും അല്ലാതെയും ഉപജീവനം നൽകുന്നത് പതിനായിരങ്ങൾക്കാണ്.
കഴിഞ്ഞ മാസം അവസാനവാരത്തോടെ കടലോരം കാലിയാണ്. കോവിഡിെൻറ രണ്ടാം വരവും ലോക്ഡൗണും നിയന്ത്രണങ്ങളും അവരുടെ അന്നം മുടക്കി. കൂനിൻമേൽ കുരുവായാണ് 'ടൗട്ടെ' ചുഴലിക്കാറ്റ് ഭീഷണിയും വന്നത്. ചരിത്രത്തിലില്ലാത്ത വിധം കടൽക്ഷോഭം പ്രകടിപ്പിച്ചു. കടലോരവാസികൾ ശക്തമായ ആക്രമണത്തിനിരയായി. വീടുകളും മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചു. കോവിഡായതിനാൽ ഇവരുടെ പ്രശ്നങ്ങളൊന്നും വേണ്ടത്ര ചർച്ച ചെയ്യെപ്പടുന്നില്ല. കഴിഞ്ഞ വർഷം ലോക്ഡൗണിൽ പെട്ട് ആഗസ്റ്റ് വരെ വലിയ പ്രതിസന്ധിയായിരുന്നു. ട്രോളിങ് നിരോധനവും അതിനിടയിൽ വരും. ഇത്തവണ ജൂൺ 15 മുതലേ ട്രോളിങ് ഏർപ്പെടുത്താവൂ എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇൗ മേഖലയിൽ പ്രവർത്തിക്കുന്നവർ. ഇനിയുള്ള ഒരു മാസമെങ്കിലും തുടർച്ചയായി മത്സ്യബന്ധനം നടത്താൻ സാധിച്ചില്ലെങ്കിൽ പ്രതിസന്ധിയുടെ ആഴം വർധിക്കും.
കടലിൽ പോയിവരാനും വേണം സംഖ്യ
കടലിൽ വലിയ ബോട്ടുമായി ഒരു ദിവസം ചെലവഴിക്കാൻ 30,000 ത്തോളം രൂപ ചെലവു വരും. 50 പേരാണ് ഒരു ബോട്ടിൽ പണിക്കുപോവുക. അനുബന്ധമായി വള്ളങ്ങളിൽ മത്സ്യം കരക്കെത്തിക്കാനും ആളുണ്ടാവും. മുന്നറിയിപ്പിനെ തുടർന്ന് തിരിച്ചു പോരേണ്ടി വന്നാൽ നഷ്ടം കനത്തതാവും.
വേണ്ടത്ര മത്സ്യം കിട്ടുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഇടനിലക്കാർ ഉള്ള മത്സ്യത്തിന് വില കാണാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. പലേപ്പാഴും ഡീസലിനുള്ള പണം ഏജൻറിനോട് കടം വാങ്ങിയാണ് ബോട്ടുകൾ കടലിൽ പോവുക. തിരിച്ചുവന്നാൽ അവർ പറയുന്ന പൈസക്ക് കിട്ടിയ മത്സ്യം കൊടുക്കേണ്ടി വരും. ഡീസലിനാണെങ്കിൽ സബ്സിഡിയൊന്നുമില്ല. അയ്യായിരം ലിറ്റർ വരെ ഡീസൽ ശേഖരിച്ചാണ് വലിയ ബോട്ടുകൾ പുറപ്പെടുക.
ഒരു ബോട്ടും ഒരായിരം ജോലികളും
ഒാരോ ബോട്ടും മത്സ്യവുമായി കരക്കടിയുേമ്പാൾ തൊഴിൽ ഉറപ്പാവുന്നത് ഒരായിരം പേർക്കാണ്. ഐസുകാർ, വെള്ളം കോരികൾ, കയറ്റിറക്കുകാർ, വല നെയ്യുന്നവർ, ഉണക്ക മത്സ്യക്കാർ, വാരിവിൽപനക്കാർ, മാമൂലായി കിട്ടുന്ന മീനുമായി പട്ടിണി മാറ്റുന്നവർ... അങ്ങനെ പോവുന്നു തൊഴിൽ സാധ്യത. അർധരാത്രിയും പുലർച്ചയും ആയിരങ്ങൾക്കാണ് കടലോരം ജോലി നൽകുന്നത്. കടലിൽ വരുന്ന പ്രതിസന്ധിയിൽ തളരുന്നത് ഈ ചില്ലറ വിൽപനക്കാർ കൂടിയാണ്.
മറുനാടൻ മീനുകളുണ്ടാക്കുന്ന ചീത്തപ്പേര്
മറുനാട്ടിൽ നിന്ന് വരുന്ന മീനാണ് ഒരു മാസത്തോളമായി ഇവിെട വിൽപന. അതിെൻറ പേരിലുള്ള പഴി മൊത്തം മത്സ്യമേഖലക്കുണ്ട്. അതുതടയാൻ സർക്കാർ തുനിഞ്ഞാൽ തന്നെ ഉറവിടത്തിൽ പോയി നടപടിയെടുക്കാൻ തയാറാവില്ല. ചില്ലറവിൽപനക്കാരനെ പിടികൂടി നടപടി എടുത്ത് സർക്കാർ ഡ്യൂട്ടി അവസാനിപ്പിക്കും. ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന മീനുകൾ വൻതോതിൽ രാസവസ്തുക്കൾ ചേർത്താണ് ഇവിടെ എത്തുന്നത് എന്ന പരാതി വ്യാപകമാണ്. വല്ലപ്പോഴുമുണ്ടാകുന്ന പരിശോധന മാത്രമാണ് നടക്കുന്നത്.
ഇടപാടുകൾ അർധരാത്രിക്കുശേഷവും പുലർച്ചയുമാണ് എന്നതിനാൽ അധികൃതരുടെ ശ്രദ്ധയിൽ ഒന്നും വരുന്നില്ല. കഴിഞ്ഞ ലോക്ഡൗണിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് പ്രത്യേകപരിശോധന നടത്തി ഡ്യൂട്ടി അവസാനിപ്പിച്ചതാണ്. അന്ന് കോഴിക്കോട് ജില്ല കലക്ടർ മുൻകൈയെടുത്താണ് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും വിലക്കയറ്റം തടയാനും നടപടിയുണ്ടാക്കിയത്. ഇപ്പോൾ പക്ഷേ, സർക്കാർ ഈ വിഷയങ്ങളിലൊന്നും ഒരു ഇടപെടലും നടത്തുന്നില്ല.
സർക്കാർ കനിയണം
ഒരുപാടു പേർക്ക് ഉപജീവനം നൽകുന്ന മേഖലയെ സംരക്ഷിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് കരിച്ചാലി പ്രേമൻ പറയുന്നു. ഡീസൽ വില വർധനവാണ് മത്സ്യബന്ധനമേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇതു പരിഹരിക്കാൻ സബ്സിഡി നൽകണം. ബോട്ടുകൾക്ക് ഇൻഷുർ ഏർപ്പെടുത്താനും നടപടി വേണം. നിലവിൽ സർക്കാറിൽനിന്ന് ഒരു ആനുകൂല്യവും ലഭിക്കാത്ത തൊഴിൽ മേഖലയായിരിക്കയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.