തേങ്ങ വില തെങ്ങോളം ഉയരത്തിൽ
text_fieldsകോഴിക്കോട്: പച്ചേത്തങ്ങ വില ‘തെങ്ങോളം ഉയർന്ന്’ കിലോക്ക് 50രൂപവരെയായി. ബുധനാഴ്ച കോഴിക്കോട്ടെയും വടകരയിലെയും വിപണികളിൽ കർഷകർ 50 രൂപ നിരക്കിലാണ് നാളികേരം വിറ്റത്. മലബാർ മേഖലയിൽ നാളികേര കർഷകർക്ക് ഇത്രവലിയ വില ലഭിക്കുന്നത് ഇതാദ്യമാണ്. തമിഴ്നാട്ടിലെ കങ്കയം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് നാളികേരം കയറ്റിയയക്കുന്ന ഏജൻസികൾ കച്ചവടക്കാർക്ക് കിലോക്ക് 51-52 രൂപ വരെ നൽകാൻ തുടങ്ങി.
ഉൽപാദനം കുറഞ്ഞതും ആവശ്യം വർധിച്ചതുമാണ് വില കൂടാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു. ശബരിമല സീസൺ കൂടി തുടങ്ങുന്നതോടെ പച്ചത്തേങ്ങ വില 55 വരെ ആയേക്കുമെന്നാണ് മൊത്ത വ്യാപാരികൾ നൽകുന്ന സൂചന.
മുൻവർഷങ്ങളിലെ വിലനോക്കുമ്പോൾ 2018 ലായിരുന്നു നാളികേരത്തിന് വലിയ വില ലഭിച്ചത്. അന്ന് കിലോക്ക് 40 രൂപവരെയാണ് എത്തിയത്. മതിയായ വില ലഭിക്കാത്തതും, വള പ്രയോഗത്തിനും തേങ്ങ പറിച്ചെടുക്കാനുമുള്ള കൂലിചെലവ് കൂടിയതും, ജൈവ -രാസ വളങ്ങളുടെ വില ഉയർന്നതും, കൃഷിഭൂമികൾ മറ്റാവശ്യങ്ങൾക്കായി തുണ്ടംതുണ്ടാമാക്കുന്നത് വർധിച്ചതും കാരണം നാളികേര കൃഷിയിൽനിന്ന് കർഷകർ വലിയതോതിലാണ് പിന്തിരിഞ്ഞത്.
അതിനാൽത്തന്നെ അടുത്ത വർഷങ്ങളിലായി നാളികേര ഉൽപാദനത്തിൽ വലിയ കുറവാണുള്ളത്. തമിഴ്നാട്, കർണാടക, രാജസ്ഥാൻ, യു.പി അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് വലിയ തോതിൽ ഓർഡറുള്ളപ്പോഴാണ് നാളികേരം കിട്ടാനില്ലാത്ത അവസ്ഥ വന്നത്. ഇതോടെ കയറ്റുമതിക്കാരും പ്രയാസത്തിലാണ്.
കഴിഞ്ഞ അഞ്ചുവർഷത്തെ കണക്ക് നോക്കുമ്പോൾ 2023 ജൂണിലാണ് പച്ചത്തേങ്ങ വില കൂപ്പുകുത്തിയത്. അന്ന് കിലോക്ക് 23 രൂപ മാത്രമാണ് കർഷകർക്ക് ലഭിച്ചിരുന്നത്. ഒന്നര വർഷം കൊണ്ടാണിപ്പോൾ വില കർഷകർ ആഗ്രഹിച്ച നിലയിലേക്കുയർന്ന് ഇരട്ടിയിലധികമായത്. സാദാ തേങ്ങ മൂന്നെണ്ണമാണ് ശരാശരി ഒരുകിലോ തൂക്കംവരിക. ആ നിലക്ക് നോക്കുമ്പോൾ ഒരു തേങ്ങക്കിപ്പോൾ 17 രൂപയോളമായി വില. കുറ്റ്യാടി തേങ്ങയാണെങ്കിൽ രണ്ടെണ്ണം ഒരുകിലോ തൂക്കംവരുന്നതിനാൽ ഒരുതേങ്ങക്കുതന്നെ 25 രൂപയോളം ലഭിക്കും.
പച്ചത്തേങ്ങക്ക് സർക്കാർ 34 രൂപ താങ്ങുവില പ്രഖ്യാപിച്ചിരുന്നുവെങ്കിലും സംഭരണവും ഇക്കാലംവരെ കാര്യക്ഷമമായിരുന്നില്ല.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാളികേര ഉൽപാദനം നടക്കുന്ന കോഴിക്കോട്ടുമാത്രം നേരത്തെ പ്രതിദിനം 200 ലോഡുവരെ പച്ചതേങ്ങയാണ് തമിഴ്നാട്ടിലേക്ക് കയറ്റിപോയിരുന്നതെന്നും ഉൽപാദനം കുറഞ്ഞതോടെ നിലവിൽ മുപ്പതിൽപരം ലോഡുകൾ മാത്രമാണ് പോകുന്നതെന്നും വടകരയിലെ നാളികേര വ്യാപാരി പി.കെ.സി. അഫ്സൽ ‘മാധ്യമ’ത്തോട് പറഞ്ഞു. സംസ്ഥാനത്ത് കൂലി ച്ചെലവ് കൂടിയതിനാൽ നാളികേരം തമിഴ്നാട്ടിലെത്തിച്ച് കൊപ്രയാക്കിയും വെളിച്ചെണ്ണയാക്കിയും കേരളത്തിലെത്തിക്കുകയാണ് ചെയ്യുന്നത്. തേങ്ങക്ക് വലിയ തോതിൽ ഓർഡറുണ്ട്. എന്നാൽ നാളികേരം വേണ്ടത്ര കിട്ടാനില്ല. വില ഇനിയും ഉയരാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാളികേരത്തിന് സമാന്തരമായി കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലയും കുതിച്ചുയർന്നിട്ടുണ്ട്.മാസങ്ങൾക്കുമുമ്പ് 10,200 രൂപ മാത്രമായിരുന്ന രാജാപൂര് കൊപ്രക്ക് ക്വിന്റലിനിപ്പോൾ 20,400 രൂപയാണ് വില. കൊപ്ര എടുത്തപടി 15,300, റാസ് 14,900, ദിൽപസന്ത് 15,400, ഉണ്ട 17,500 എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ വില. വെളിച്ചെണ്ണയുടെ വിലയിലും വലിയ ഉയർച്ചയാണുള്ളത്. ജൂലൈയിൽ 16,000 രൂപയുണ്ടായിരുന്നതിപ്പോൾ 23,400 രൂപയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.