മലിനജല പൈപ്പ് ചോർന്നൊലിക്കുന്നത് ഉടൻ പരിഹരിക്കാൻ കലക്ടറുടെ ഉത്തരവ്
text_fieldsകോഴിക്കോട്: മെഡി. കോളജ് മലിനജല പ്ലാന്റിൽനിന്നുള്ള വെള്ളം കനോലി കനാലിലേക്കൊഴുക്കുന്ന പൈപ്പ് പൊട്ടിയൊലിക്കുന്നത് ഉടൻ നന്നാക്കണമെന്ന് കലക്ടർ ജല അതോറിറ്റിക്ക് നിർദേശം നൽകി. മെഡി. കോളജ് കാമ്പസിലെ പ്ലാന്റിന്റെ പ്രശ്നവും പരിഹിരിക്കണം.
ഇതിൽ വീഴ്ചവരുത്തിയാൽ ദുരന്തനിവാരണ നിയമപ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കി. ദുരന്ത നിവാരണനിയമപ്രകാരമാണ് ഉത്തരവ്. ചേവായൂരിൽ ഒരു കിലോമീറ്റർ ദൂരത്തിൽ മലിനജലം റോഡിൽ തളം കെട്ടിക്കിടക്കുന്നത് പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷമാണ്.
എസ്റ്റിമേറ്റ് എക്സിക്യൂട്ടിവ് എൻജിനീയർതന്നെ ഇതിന് എസ്റ്റിമേറ്റ് തയാറാക്കണം. അഞ്ചു ലക്ഷം രൂപയിൽ കുറഞ്ഞ പ്രവൃത്തിയാണെങ്കിൽ നേരിട്ട് ദർഘാസ് വഴി കരാറുകാരനെ കണ്ടെത്തി ചോർച്ച ഉടനെ പരിഹരിക്കുന്നതിന് ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ നടപടി സ്വീകരിക്കണം. പ്രവൃത്തിയുടെ ചെലവ് കോർപറേഷൻ വഹിക്കണം.
ദ്രവമാലിന്യ സംസ്കരണം മുനിസിപ്പൽ കോർപറേഷന്റെ ഉത്തരവാദിത്തമായതിനാൽ എസ്.ടി.പിയുടെയും പൈപ്പ് ലൈനുകളുടെയും ഭൂമി ഉൾപ്പെടെ മുഴുവൻ ആസ്തിയും ഇനി മുതൽ കോഴിക്കോട് മുനിസിപ്പൽ കോർപറേഷനിൽ നിക്ഷിപ്തമായിരിക്കുമെന്ന് കലക്ടർ നൽകിയ ഉത്തരവിൽ വ്യക്തമാക്കി.
ഒരു മാസത്തിലേറെയായി പൈപ്പ് പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട്. മെഡി. കോളജ് പ്രിൻസിപ്പലിന്റെ അധീനതയിൽപെട്ട ഭൂമിയിലല്ല പദ്ധതി എന്നതിനാൽ അറ്റകുറ്റപ്പണി ഏറ്റെടുത്ത് നടത്താനാവില്ലെന്ന് മെഡി. കോളജ് പൊതുമരാമത്ത് വിഭാഗവും പ്ലാന്റിന്റെ വാർഷിക പരിപാലന കരാർ തങ്ങൾക്കല്ലാത്തതിനാൽ അറ്റകുറ്റപ്പണി തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് ജല അതോറിറ്റിയും വാദിച്ചതിനാൽ പ്രശ്നപരിഹാരം നീളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കലക്ടറുടെ ഇടപെടൽ ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.