കോവിഡ് ചികിത്സക്ക് പ്രാധാന്യം നൽകാൻ കലക്ടറുടെ നിർദേശം; മറ്റു രോഗികൾ ദുരിതത്തിൽ
text_fieldsകോഴിക്കോട്: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് മറ്റു രോഗികൾ കൂടുമ്പോഴും ഡോക്ടർമാരിൽ പകുതിയും കോവിഡ് ഡ്യൂട്ടിയിൽ തന്നെ.
കലക്ടറുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ജനറൽ മെഡിസിൻ വിഭാഗത്തിലെ 50 ശതമാനം ഡോക്ടർമാരെയും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരിൽ പകുതിയും പി.ജി ഡോക്ടർമാരിൽ പകുതി പേരെയും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കണം. അനസ്തേഷ്യ വിഭാഗത്തിലെയും പൾമണറി മെഡിസിൻ വിഭാഗത്തിലെയും 40 ശതമാനം ഡോക്ടർമാരെയും മറ്റു വകുപ്പുകളിൽ നിന്നെല്ലാമായി 30 ശതമാനം ഡോക്ടർമാരെയും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാനും തീരുമാനമുണ്ട്.
നഴ്സുമാരിൽ 60 ശതമാനവും ഇപ്പോൾ കോവിഡ് ഡ്യൂട്ടിയിലാണ്. നിലവിൽ 200 കോവിഡ് രോഗികളാണ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. എന്നാൽ, മെഡിസിൻ വിഭാഗത്തിൽ മാത്രം മുന്നൂറോളം കോവിഡ് ഇതര രോഗികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്.
ഈ സാഹചര്യം നിലനിൽക്കെയാണ് പകുതി മെഡിസിൻ ഡോക്ടർമാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. മറ്റു ചികിത്സാ വിഭാഗങ്ങളേക്കാൾ കൂടുതൽ രോഗികൾ മെഡിസിൻ വിഭാഗത്തിലാണ് വരുന്നതെന്ന് ഡോക്ടർമാർ പറയുന്നു. വരുന്ന രോഗികളിൽ ഭൂരിഭാഗവും മറ്റ് ആശുപത്രികളിലേക്ക് മാറ്റാൻ പറ്റാത്ത വിധം ഓക്സിജൻ പിന്തുണയോ ഐ.സി.യു സൗകര്യങ്ങളോ വേണ്ട രോഗികളാണ്.
സ്വതവേ മെഡിസിൻ വിഭാഗം രോഗികൾ കൂടുന്ന സമയമാണ് മഴക്കാലം. കൂടാതെ കോവിഡാനന്തര ഗുരുതര പ്രശ്നങ്ങളുമായി ചികിത്സ തേടുന്നവർ വേറെയും ഉണ്ട്. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം വഴിയാണ് ഭൂരിഭാഗവും ആശുപത്രിയിൽ എത്തുന്നത്.
അത്യാഹിത വിഭാഗത്തിലെ ഗുരുതര രോഗികളെ കിടത്തുന്ന റെഡ് സോണിൽ മുഴുവൻ സമയവും രോഗികൾ നിറഞ്ഞ അവസ്ഥയാണ്. കോവിഡ് ചികിത്സക്കായി മെഡിസിനിലെ ഭൂരിഭാഗം വാർഡുകളും ഉപയോഗിച്ചതിനാൽ കോവിഡിതര രോഗികളെ പ്രവേശിപ്പിക്കാനുള്ള വാർഡുകളുടെ എണ്ണവും കുറവാണ്.
മെഡിസിനിലെ മൂന്നു വാർഡുകളിൽ കോവിഡ് രോഗികൾ ഒഴിഞ്ഞിട്ടുണ്ടെങ്കിലും അതിൽ മറ്റു രോഗികളെ പ്രവേശിപ്പിക്കാൻ തുടങ്ങിയിട്ടില്ല. പുതിയ വാർഡുകൾ തുറന്നാലും ബുദ്ധിമുട്ടാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ആ വാർഡുകളിലേക്കുകൂടി നിയോഗിക്കാൻ ഡോക്ടർമാരും നഴ്സുമാരും ഇല്ലാത്ത അവസ്ഥയാണ്.
അസ്ഥിരോഗ വിഭാഗമടക്കമുള്ളവയിലും ഡോക്ടർമാരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. അഞ്ചു യൂനിറ്റ് അസ്ഥിരോഗ വിഭാഗം പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് നിലവിൽ മൂന്നു യൂനിറ്റ് ആയി ചുരുക്കിയിട്ടുണ്ട്. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ജോലിഭാരം കൊണ്ട് വലയുകയാണെന്നും ജീവനക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.