കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് : എസ്.എഫ്.ഐക്ക് മേൽക്കൈ
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലക്കു കീഴിലെ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്.എഫ്.ഐക്ക് മുന്നേറ്റം. സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 58 കോളജുകളിൽ 45ലും വിജയിച്ചതായി എസ്.എഫ്.ഐ അവകാശപ്പെട്ടു. വിജയികൾ നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തി. നാല് കോളജുകളിൽ കെ.എസ്.യു തനിച്ച് ആധിപത്യം നേടിയതായി കെ.എസ്.യു അറിയിച്ചു. ഹൈകോടതിയുടെ ഇടക്കാല വിധിയെ തുടർന്ന് ഗവ. ലോ കോളജിലെ യൂനിയൻ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മാറ്റിവെച്ചു.
കോവിഡ് കാലത്തെ അടച്ചിടലൊഴിഞ്ഞതിനാൽ ഇത്തവണ വലിയ വാശിയോടെയും ആവേശത്തോടെയുമായിരുന്നു വിദ്യാർഥി സംഘടനകളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ. കാമ്പസിലെ പ്രവർത്തനങ്ങൾക്കപ്പുറം സമൂഹ മാധ്യമങ്ങളിലും പ്രചാരണം സജീവമായിരുന്നു. ജില്ലയിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകൾ, ബി.എഡ് കോളജുകൾ, യൂനിവേഴ്സിറ്റി സബ് സെൻററുകൾ, ഐ.എച്ച്.ആർ.ഡി കോളജുകൾ ഉൾപ്പെടെയുള്ളവയിലാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്നത്.
കൊടുവള്ളി ഗവ. കോളജ് യൂനിയൻ യു.ഡി.എസ്.എഫ് സഖ്യത്തിൽനിന്ന് പിടിച്ചെടുത്തതായി എസ്.എഫ്.ഐ നേതാക്കൾ അവകാശപ്പെട്ടു. ദേവഗിരി കോളജിൽ ചെയർമാൻ, മാഗസിൻ എഡിറ്റർ, സെക്കൻഡ് ഇയർ റെപ്പ് സീറ്റുകളും 10 അസോസിയേഷൻ സീറ്റുകളും എസ്.എഫ്.ഐ പിടിച്ചെടുത്തു. മടപ്പള്ളി ഗവ. കോളജ്, ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് മീഞ്ചന്ത, സാമൂതിരി ഗുരുവായൂരപ്പൻ കോളജ്, മലബാർ ക്രിസ്ത്യൻ കോളജ്, സി.കെ.ജി ഗവ കോളജ് പേരാമ്പ്ര, മൊകേരി ഗവ കോളജ്, നാദാപുരം ഗവ. കോളജ്, കോടഞ്ചേരി ഗവ. കോളജ്, ബാലുശ്ശേരി ഗവ. കോളജ്, എസ്.എൻ.ഡി.പി കോളജ് കൊയിലാണ്ടി, മുചുകുന്ന് ഗവ കോളജ്, എസ്.എൻ. കോളജ് ചേളന്നൂർ, എസ്.എൻ കോളജ് വടകര, എസ്.എൻ സെൽഫ് ഫിനാൻസിങ് കോളജ്, കടത്തനാട് കോളജ് വടകര, ഗോകുലം കോളജ് ബാലുശ്ശേരി, മലബാർ ടി.എം.എസ് കോഓപറേറ്റിവ് കോളജ് കുരിക്കിലാട്, എസ്.എൻ.ഇ.എസ് കോളജ് കുന്ദമംഗലം, എജുക്കോസ് കുറ്റ്യാടി, ഗവ. ഫിസിക്കൽ എജുക്കേഷൻ കോളജ്, സി.എസ്.ഐ വിമൻസ് കോളജ് മുക്കാളി, കൊയിലാണ്ടി ഗുരുദേവ, ഐ.എച്ച്.ആർ.ഡി താമരശ്ശേരി, ഐ.എച്ച്.ആർ.ഡി കിളിയനാട്, ഐ.എച്ച്.ആർ.ഡി നാദാപുരം, എം.ഡിറ്റ് ബാലുശ്ശേരി, സി.യു.ആർ.സി പേരാമ്പ്ര, പി.വി.എസ് കോളജ് പന്തീരാങ്കാവ്, ഐ.എച്ച്.ആർ.ഡി മുക്കം തുടങ്ങിയ കോളജ് യൂനിയനുകൾ എസ്.എഫ്.ഐക്കാണെന്ന് സംഘടന അറിയിച്ചു.
കോഴിക്കോട് ദേവഗിരി കോളജ്, ലിസ്സ കോളജ്, ഡോൺ ബോസ്കോ, അൽഫോൻസ കോളജ് എന്നിവിടങ്ങളിൽ കെ.എസ്.യു തനിച്ച് വിജയിച്ചതായി സംഘടന അറിയിച്ചു.
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ 28 വർഷത്തിനുശേഷം കെ.എസ്.യുവിന്റെ യു.യു.സി സ്ഥാനാർഥി വിജയിച്ചു. 15 കെ.എസ്.യു പ്രതിനിധികൾ ജില്ലയിൽനിന്ന് യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലിലേക്ക് വിജയിച്ചു. 25 കോളജുകളിൽ എം.എസ്.എഫ് ആധിപത്യം നേടി. 15 കോളജുകളിൽ യു.ഡി.എസ്.എഫ് മുന്നണി വിജയിച്ചു. 58 യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർമാരെയും വിജയിപ്പിച്ചു. എസ്.എഫ്.ഐ കുത്തകയായിരുന്ന കോളജുകൾ യു.ഡി.എസ്.എഫ് മുന്നണി തിരിച്ചുപിടിച്ചു. ഗവ. കോളജ് കുന്ദമംഗലം, ഗോൾഡൻ ഹിൽസ് കോളജ്, എ.വി.എ.എച് മേപ്പയൂർ, അൽഫോൻസ കോളജ് തിരുവമ്പാടി, ദാറുന്നുജും പേരാമ്പ്ര, സിൽവർ കോളജ് പേരാമ്പ്ര, ചെറുവറ്റ ഓർഫനേജ് കോളജ്, മലബാർ കോളജ് മൂടാടി എന്നീ കോളജുകൾ മുന്നണി യൂനിയൻ നേടി. ഫാറൂഖ് കോളജ്, എം.എ.എം.ഒ കോളജ് മുക്കം, എം.ഇ.എസ് കോളജ് ചാത്തമംഗലം, കൊടുവള്ളി കെ.എം.ഒ കോളജ്, എം.ഇ.ടി കോളജ് നാദാപുരം, പുളിയാവ് നാഷനൽ കോളജ്, ഹൈടെക് വട്ടോളി, എം.ഇ.എസ് വില്യാപ്പള്ളി, എം.എച്ച് നാദാപുരം, റഹ്മാനിയ കടമേരി, ഇലാഹിയ കൊയിലാണ്ടി, എസ്.ഐ വിമൻസ്, എസ്.ഐ അറബിക്, ദാറുൽഹുദ, സുന്നിയ്യ അറബിക് കോളജ്, ജലാലിയ്യ കുറ്റിക്കാട്ടൂർ, ഡി.എം.എ പുതുപ്പാടി, എസ്.എം.ഐ കോളജ് ചോമ്പാല, എന്നീ കോളജുകളിൽ എം.എസ്.എഫിനാണ് മേൽക്കൈ. നാദാപുരം ഗവ. കോളജിൽ ഫൈൻ ആർട്സ് സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ എന്നീ ജനറൽ സീറ്റുകളിലും കൊടുവള്ളി ഗവ. കോളജിൽ ജനറൽ ക്യാപ്റ്റൻ, 2ഇയർ റപ്പുമാർ, താമരശ്ശേരി ഐ.എച്ച്.ആർ.ഡിയിൽ ജനറൽ സെക്രട്ടറി, മാഗസിൻ എഡിറ്റർ എന്നീ സീറ്റുകളും നേടി എം.എസ്.എഫ് മുന്നണി കരുത്തുകാട്ടി. മികച്ച വിജയം നേടിയ പ്രവർത്തകരെ കെ.എസ്.യു ജില്ല പ്രസിഡന്റ് വി.ടി. നിഹാൽ, എം.എസ്.എഫ് ജില്ല പ്രസിഡന്റ് അഫ്നാസ് ചോറാട് എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.