മെഡി. കോളജ് വനിത ഹോസ്റ്റലിൽ രാത്രി പ്രവേശനം; ചർച്ചയിൽ തീരുമാനമായില്ല
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് കാമ്പസിലെ വനിത ഹോസ്റ്റലിൽ രാത്രി പത്തുമണി കഴിഞ്ഞാൽ പ്രവേശിപ്പിക്കണമെന്ന വിദ്യാർഥികളുടെ ആവശ്യത്തിൽ പ്രിൻസിപ്പൽ വിളിച്ചുചേർത്ത യോഗം തീരുമാനമാവാതെ പിരിഞ്ഞു.
കഴിഞ്ഞദിവസം രാത്രി വിദ്യാർഥികൾ നടത്തിയ മിന്നൽ പ്രതിഷേധത്തെ തുടർന്നാണ് പ്രിൻസിപ്പൽ ഡോ. ഇ.വി. ഗോപിയുടെ അധ്യക്ഷതയിൽ വിദ്യാർഥി പ്രതിനിധികളുടെ യോഗം ചേർന്നത്. എം.ബി.ബി.എസ് ഒന്ന്, രണ്ട്, മൂന്നാംവർഷ വിദ്യാർഥിനികൾ താമസിക്കുന്ന 'എൽ. എക്സ്-നാല്' ഹോസ്റ്റൽ രാത്രി പത്തു മണിയോടെ അടക്കുന്നതാണ് വിദ്യാർഥികളെ പ്രകോപിപ്പിച്ചത്.
ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഈ നിയന്ത്രണം ഇല്ലെന്നും പെൺകുട്ടികളോട് അധികൃതർ വിവേചനം കാട്ടുന്നുവെന്നുമാണ് പരാതി. എന്നാൽ, ഹോസ്റ്റലുകൾ പത്തുമണിക്ക് അടക്കണമെന്നത് സർക്കാർ ഉത്തരവാണെന്നും ഇത് നടപ്പാക്കാൻ മെഡിക്കൽ കോളജ് അധികൃതർ ബാധ്യസ്ഥരാണെന്നും പ്രിൻസിപ്പൽ വിദ്യാർഥികളെ അറിയിച്ചു.
പെൺകുട്ടികൾക്ക് രാത്രിസമയങ്ങളിൽ ലൈബ്രറി ഉപയോഗിക്കുന്നതിൽ പ്രയാസമുണ്ടെന്ന കാര്യങ്ങളടക്കം വിദ്യാർഥികൾ ഉന്നയിക്കുന്നുണ്ട്. ഉത്തരവുകൾ പെൺകുട്ടികളുടെ ഹോസ്റ്റലിന്റെ കാര്യത്തിൽ മാത്രം നടപ്പാക്കുന്നത് വിവേചനമാണ്. ഈ നിബന്ധന തന്നെ എടുത്തുകളയണം എന്നാണ് പെൺകുട്ടികളുടെ വാദം.
നിയമം നേരത്തേയുള്ളതാണെങ്കിലും 'ലേറ്റ് രജിസ്റ്ററിൽ' വൈകുന്നതിന്റെ കാരണം എഴുതിവെച്ച് വിദ്യാർഥികൾക്ക് രാത്രി വൈകിയും ഹോസ്റ്റലിൽ പ്രവേശിക്കാൻ സൗകര്യമുണ്ടായിരുന്നു.
കഴിഞ്ഞദിവസം ഒന്നാംവർഷ വിദ്യാർഥിനികൾ ഹോസ്റ്റലിൽ എത്തിയതോടെയാണ് അധികൃതർ നിയമം കർശനമാക്കിയത്. നിയമം കർശനമാക്കിയ കാര്യം ഇന്നലെ വാട്സ്ആപ് ഗ്രൂപ് വഴി വിദ്യാർഥിനികളെ അറിയിച്ചതോടെയാണ് ബുധനാഴ്ച രാത്രി പത്തുമണിയോടെ വിദ്യാർഥികൾ റോഡിലിറങ്ങി പ്രതിഷേധിച്ചത്.
തുടർന്ന് വൈസ് പ്രിൻസിപ്പൽ വിഷയത്തിൽ ഇടപെട്ട് വ്യാഴാഴ്ച പ്രിൻസിപ്പൽ യോഗം വിളിക്കുമെന്ന ധാരണയിലാണ് രാത്രി 11.30 ഓടെ വിദ്യാർഥികൾ പ്രതിഷേധം അവസാനിപ്പിച്ചത്. വിദ്യാർഥിനികളുടെ പരാതിയിൽ വനിത കമീഷൻ പ്രിൻസിപ്പലിനോട് വിശദീകരണം തേടി.
മൂന്ന് ഹോസ്റ്റലുകളാണ് എം.ബി.ബി.എസിന് പഠിക്കുന്ന പെൺകുട്ടികൾക്കായി കാമ്പസിൽ ഉള്ളത്. മറ്റു രണ്ട് ഹോസ്റ്റലുകളിലും നിയമം കർശനമാക്കിയിട്ടില്ല. പ്രിൻസിപ്പൽ വിളിച്ച യോഗത്തിൽ വിദ്യാർഥി യൂനിയൻ പ്രതിനിധികളായ ഹെന്ന, കാവ്യ, ഹോസ്റ്റൽ പ്രതിനിധികളായ അൻജു, ജുമാനിയ എന്നിവർ പങ്കെടുത്തു.
വനിത ഹോസ്റ്റലിലെ നിയന്ത്രണം: വിവേചനം പാടില്ലെന്ന് വനിത കമീഷൻ
കോഴിക്കോട്: മെഡിക്കൽ കോളജ് വനിത ഹോസ്റ്റലിലെ സമയനിയന്ത്രണം ഗൗരവമായ പ്രശ്നമെന്ന് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ പി. സതീദേവി. മെഡിക്കൽ കോളജിൽ രാത്രി 10ന് ശേഷം അപ്രഖ്യാപിത കർഫ്യൂവാണെന്ന പരാതിയുമായി വിദ്യാർഥിനികൾ വനിതകമീഷൻ അധ്യക്ഷക്ക് പരാതി നൽകി.
രാത്രി പത്തിനുശേഷം ഹോസ്റ്റലിൽ കയറ്റില്ലെന്ന നിലപാട് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും ഹൗസ് സർജൻസി ചെയ്യുകയും വാർഡിൽ ഡ്യൂട്ടി ചെയ്യുകയും ചെയ്യുന്നവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും രാത്രിയിൽ പെൺകുട്ടികൾക്ക് ലൈബ്രറിയോ റീഡിങ് റൂമോ ഉപയോഗിക്കാൻ പറ്റുന്നില്ലെന്നും എന്നാൽ ആൺകുട്ടികൾക്ക് ഇക്കാര്യങ്ങളിലൊന്നും നിയന്ത്രണമില്ലെന്നും വിദ്യാർഥിനികൾ കമീഷന്‍റെ ശ്രദ്ധയിൽപെടുത്തി.
ഇക്കാര്യം സർക്കാറിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പി. സതീദേവി ഉറപ്പുനൽകി. അടുത്ത സിറ്റിങ്ങിൽ മെഡിക്കൽ കോളജ് അധികൃതരെ കേൾക്കും. ആൺ-പെൺ വിവേചനമില്ലാതെ കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം ഉണ്ടാവണമെന്നും മറ്റു കോളജുകളിൽ സമയനിയന്ത്രണമുണ്ടോ എന്ന് അന്വേഷിക്കുമെന്നും പി. സതീദേവി പറഞ്ഞു.
പെൺകുട്ടികൾ രാത്രി 10ന് മുമ്പ് ഹോസ്റ്റലിൽ കയറണമെന്ന കർശന നിർദേശത്തിനെതിരെ ബുധനാഴ്ച രാത്രി വിദ്യാർഥിനികൾ പ്രതിഷേധിച്ചിരുന്നു.
ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിയന്ത്രണങ്ങളില്ലെന്നും രാത്രി ഡ്യൂട്ടിയുള്ളവർക്ക് സമയക്രമം പാലിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി വിദ്യാർഥിനികൾ ഹോസ്റ്റലിൽനിന്നിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഒരുമണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ വൈസ് പ്രിൻസിപ്പൽ കുട്ടികളെ ചർച്ചക്ക് വിളിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.