കോളനിവാസികൾക്ക് കുടിവെള്ളം കടലാസിൽ മാത്രം
text_fieldsകുരുവട്ടൂർ: ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് പയമ്പ്ര പട്ടികജാതി കോളനിവാസികൾ കുടിവെള്ളത്തിനായി മുട്ടാത്ത വാതിലുകളില്ല. വാർഡിലെ പ്രധാന കോളനിയായ ഒഴാംപൊയിലിൽ ഭാഗികമായി കുടിവെള്ളം എത്തിയിട്ടുണ്ടെങ്കിലും കുഴിമ്പുറത്ത് -കോരമംഗലം കോളനിയിൽ കുടിവെള്ളം ഇന്നും കിട്ടാക്കനിയാണ്.
ഗ്രാമപഞ്ചായത്ത് വർഷംതോറും വഴിപാടുപോലെ പ്രസിദ്ധീകരിക്കുന്ന പദ്ധതിവികസനരേഖയിൽ ഒഴാംപൊയിൽ കുടിവെള്ളപദ്ധതിയുടെയും കോരമംഗലം കോളനിയുടെയും പേര് വരാറുണ്ട്.
രണ്ട് കോളനികളിലും കുടിവെള്ളപദ്ധതിക്കുള്ള ടാങ്ക് നിർമിക്കുന്നതിന് ഗുണഭോക്താക്കൾ സ്ഥലം വാങ്ങി പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ട് ഏഴ് വർഷം കഴിഞ്ഞു. പ്രളയം, കോവിഡ്, ഫണ്ടിന്റെ അപര്യാപ്തത എന്നിവ കാരണം അനുവദിച്ചുകിട്ടിയിട്ടില്ല.
കോരമംഗലം കുഴിപ്പുറത്ത് കോളനിയിൽ ജലലഭ്യതയുള്ള കിണറുകൾ മൂന്നോ നാലോ മാത്രമാണ്. ഇവ മിക്കതും വേനലിൽ വറ്റിവരളും. ഗവൺമെൻറ് വെൽഫെയർ സ്കൂളിലെ കിണറാണ് പത്തോളം വീട്ടുകാർ ആശ്രയിക്കുന്നത്. പൂനൂർ പുഴയിലെ ജലവിതാനം താണതോടെ കിണറിലെ ജലനിരപ്പ് താണുകൊണ്ടിരിക്കുകയാണ്. വേനൽ രൂക്ഷമായ ഏപ്രിൽ, മേയ് മാസങ്ങളിൽ പഞ്ചായത്ത് ടാങ്കർ ലോറിയിൽ ജലവിതരണം നടത്താറുണ്ട്.
മഴ പെയ്യുന്നതോടെ വെള്ളത്തിന്റെ കാര്യം മറക്കും. ജപ്പാൻ കുടിവെള്ളപദ്ധതിയുടെ പൈപ്പിടൽ പൊയിൽ താഴത്തേക്ക് എത്തിയിട്ടില്ല. കോളനിവാസികളുടെ തുടർച്ചയായി പരാതികളുടെ ഫലമായി കോരമംഗലം-കുഴിമ്പുറത്ത് കോളനിയിൽ ഏതാനും വീടുകളിൽ ടാപ്പുകൾ മാത്രം സ്ഥാപിച്ചിട്ടുണ്ട്. അതിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള പ്രധാന പൈപ്പുകളോ വിതരണ പൈപ്പുകളോ ഇട്ടിട്ടില്ല.
വേനൽ കടുത്തതോടെ വെള്ളത്തിനുള്ള പരക്കംപാച്ചിൽ തുടങ്ങിക്കഴിഞ്ഞു. കോളനിവാസികൾ കുടിവെള്ളത്തിനായി പ്രതിഷേധസമരങ്ങൾ തുടങ്ങാനുള്ള ശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.