ഗുജറാത്ത് കലാപശേഷം വർഗീയത കരുത്താർജിച്ചു -ശബ്നം ഹഷ്മി
text_fieldsകോഴിക്കോട്: ഗുജറാത്ത് കലാപത്തിനുശേഷമാണ് രാജ്യത്ത് വംശീയവിദ്വേഷം കരുത്താർജിച്ചതെന്ന് സാമൂഹിക പ്രവർത്തകയും കൊല്ലപ്പെട്ട സഫ്ദർ ഹഷ്മിയുടെ സഹോദരിയുമായ ശബ്നം ഹഷ്മി പറഞ്ഞു. കോഴിക്കോട് ടൗൺഹാളിൽ ഡോ. രാമചന്ദ്രൻ മൊകേരി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അവർ. മണിപ്പൂരിൽ സ്ത്രീകൾക്കുനേരെ നടന്ന ലൈംഗികാതിക്രമത്തിന്റെ വിഡിയോ ക്ലിപ്പിങ് കണ്ടവർ അങ്ങേയറ്റം അസ്വസ്ഥരാവുകയുണ്ടായി. എന്നാൽ, ഗുജറാത്ത് കൂട്ടക്കൊലയുടെ കാലത്ത് കൂട്ടബലാത്സംഗത്തിനിരയായ 15ഓളം സ്ത്രീകളെ നേരിൽക്കണ്ട് സംസാരിച്ച തനിക്ക് മണിപ്പൂരിലെ ആക്രമണങ്ങളിൽ അത്ഭുതം തോന്നിയില്ലെന്നും അവർ പറഞ്ഞു.
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി ഒന്നും മിണ്ടിയിട്ടില്ല. കാര്യങ്ങൾ ഒന്നും അറിയാത്തതുകൊണ്ടല്ല അദ്ദേഹം മിണ്ടാതിരുന്നത്. എല്ലാം അറിയുന്നതുകൊണ്ടാണ്. അടിയന്തരാവസ്ഥക്കാലത്തെക്കാൾ ഭീകരമാണ് ഇപ്പോൾ കാര്യങ്ങൾ. എന്താണ് നടക്കുന്നത് എന്ന് ജനങ്ങൾക്ക് അറിയാൻപോലും കഴിയുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങൾക്ക് സെൻസർഷിപ് ഏർപ്പെടുത്താനാണ് ഭരണകൂടം ശ്രമിച്ചതെങ്കിൽ ഇപ്പോൾ മാധ്യമങ്ങളെ കൈപ്പിടിയിലാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ശബ്നം ഹഷ്മി പറഞ്ഞു.
ഡോ. കെ. ഗോപാലൻകുട്ടി അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ മൊകേരിയെക്കുറിച്ചുള്ള ‘എന്നുടലെൻ മാനിഫെസ്റ്റോ’ എന്ന പുസ്തകം ചലച്ചിത്രതാരം ജോയ് മാത്യുവിനു നൽകി ശബ്നം ഹഷ്മി പ്രകാശനം ചെയ്തു. പ്രഫ. സി. വാസുദേവൻ ഉണ്ണി, പ്രഫ. ഡി.ഡി. നമ്പൂതിരി, പ്രഫ. കെ. പത്മനാഭൻ, കൺവീനർ പി. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.