ബസുകളുടെ മത്സരയോട്ടത്തിന് കടിഞ്ഞാണില്ല
text_fieldsകോഴിക്കോട്: സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനും അമിതവേഗത്തിനുമെതിരെ നടപടിയെടുക്കാതെ പൊലീസ്. കോഴിക്കോട്-ബാലുശ്ശേരി റൂട്ടിലാണ് ബസുകളുടെ മരണപ്പാച്ചിൽ ജനങ്ങൾക്ക് ഭീഷണിയാകുന്നത്. മറ്റു വാഹനയാത്രക്കാർക്കും ബസിലെ യാത്രക്കാർക്കും പുറമേ റോഡരികിലെ കടകൾക്കുപോലും ബസുകളുടെ അമിതവേഗം വിനയാവുകയാണ്. നഗരപരിധിയിൽ മണിക്കൂറിൽ 35 കിലോമീറ്ററിൽ കൂടുതൽ വാഹനം ഓടിക്കരുതെന്നും അപകടകരമായ രീതിയിൽ മറികടക്കരുതെന്നുമുള്ള നിയമം പോലും ലംഘിക്കപ്പെടുകയാണ്.
സ്കൂട്ടർ യാത്രക്കാരായ ദമ്പതികളെ അപകടകരമായ രീതിയിൽ മറികടന്നെത്തിയ ബസ് ഇടിച്ചിട്ടതാണ് അവസാനത്തെ സംഭവം. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെ കാരപ്പറമ്പിലായിരുന്നു അപകടം. വെസ്റ്റ്ഹിൽ സ്വദേശി ക്രിസ്റ്റിക്കും ഭാര്യ നിമ്മിക്കുമാണ് പരിക്കേറ്റത്. നിമ്മിക്ക് കാലിനും തലക്കും പരിക്കുണ്ട്. കോഴിക്കോട്-കിനാലൂർ എസ്റ്റേറ്റ് റൂട്ടിലോടുന്ന കെ.എൽ 57 കെ 9796 'നസീം' ബസാണ് മത്സരയോട്ടത്തിനിടെ കാരപ്പറമ്പ് ഹോമിയോ കോളജ് ആശുപത്രിക്കു മുന്നിൽ അപകടമുണ്ടാക്കിയത്. നരിക്കുനി-കോഴിക്കോട് റൂട്ടിലോടുന്ന ബസുമായുള്ള മത്സരയോട്ടത്തിനിടെയാണ് സ്കൂട്ടർ യാത്രികരെ ഇടിച്ചത്. സമീപത്തെ ബേക്കറിയുടെ ബോർഡിൽ തട്ടിയാണ് ബസ് നിർത്തിയത്. ഞായറാഴ്ച കട അവധിയായതിനാലാണ് വൻദുരന്തം ഒഴിവായത്.
ദമ്പതികളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലുശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ നിരന്തരം അപകടമുണ്ടാക്കിയിട്ടും പൊലീസ് നടപടിക്ക് മടിക്കുകയാണ്. കാരപ്പറമ്പിൽ അപകടത്തിനിടയാക്കിയ 'നസീം' ബസ് നേരത്തേ നിരവധി അപകടങ്ങളുണ്ടാക്കിയിട്ടും പൊലീസ് അവഗണിക്കുകയാണ്.
രാഷ്ട്രീയ പാർട്ടികളും ബസ് ഉടമകളുടെ സംഘടനയും ഇടപെട്ട് പ്രശ്നം പരിഹരിക്കുകയാണ് പതിവ്. കഴിഞ്ഞ മാസം 21 നന്മണ്ട ഹൈസ്കൂളിനടുത്തുണ്ടായ അപകടത്തിൽ ബെക്ക് യാത്രികൻ മരിച്ചത് വീര്യമ്പ്രം-കോഴിക്കോട് റൂട്ടിലോടുന്ന ഷാൻ ബസിന്റെ അമിതവേഗത്തെ തുടർന്നായിരുന്നു. തുടർന്ന് കാക്കൂർ പൊലീസ് അപകട ദിവസം ചില നടപടികളെടുത്തെങ്കിലും പിന്നീട് ഒരു നിയന്ത്രണവുമുണ്ടായില്ല. കാക്കൂർ പൊലീസ് സ്റ്റേഷനിലെ പഞ്ചിങ് സംവിധാനവും അവസാനിപ്പിച്ചതിനാൽ കയറൂരിവിട്ട അവസ്ഥയാണ്.
ബാലുശ്ശേരി ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെട്ടാൽ മുക്കിൽ നിർത്തിയിടുകയും പിറകിലുള്ള ബസ് വന്നശേഷം മത്സരയോട്ടം നടത്തുകയുമാണ് പതിവെന്ന് നാട്ടുകാർ ആരോപിക്കുന്നു. പിറകിൽ വരാനിരിക്കുന്ന ബസിലെ ഒരു ജീവനക്കാരൻ മുന്നിലുള്ള ബസിൽ കയറി ഓട്ടം നിയന്ത്രിക്കുന്നതും ഈ റൂട്ടിലെ രീതിയാണ്.
ഈ ജീവനക്കാരൻ പകുതി വഴിയിൽ ഇറങ്ങി പിറകിൽ വരുന്ന സ്വന്തം ബസിൽ കയറും. ഇതിനിടെ, കുമാരസ്വാമി, ചേളന്നൂർ എട്ടേ രണ്ട്, മൂട്ടോളി, കക്കോടി, തടമ്പാട്ടുതാഴം എന്നിവിടങ്ങളിലെത്തുമ്പോൾ മറ്റ് റൂട്ടുകളിൽനിന്നും ബസുകൾ കോഴിക്കോട് റോഡിലേക്ക് എത്തും.
മത്സരയോട്ടവും മൂർധന്യത്തിലെത്തും. ഉച്ചത്തിലുള്ള പാട്ടിനും അനുവദനീയമല്ലാത്ത എയർ ഹോണിനും പുറമേ, ഡോറിൽ അടിച്ചും ഇരുചക്രവാഹനക്കാരെ പേടിപ്പിക്കുന്നതും സ്വകാര്യ ബസുകാരുടെ വിനോദമാണ്. കക്കോടിയിൽ പഞ്ചിങ് സംവിധാനമൊരുക്കിയാൽ അമിത വേഗത്തിന് അൽപം കടിഞ്ഞാണിടാമെന്നാണ് നാട്ടുകാരുടെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.