പൊതുവഴി കൈയേറി ഗ്രാമപഞ്ചായത്ത് കെട്ടിടം നിർമിക്കുന്നതായി പരാതി
text_fieldsഓമശ്ശേരി: പൊതുവഴി കൈയേറി ഗ്രാമപഞ്ചായത്ത് കെട്ടിടം നിർമിക്കുന്നതായി പരാതി. പഞ്ചായത്ത് ഓഫിസിനു പിൻവശത്ത് അഞ്ചടി വീതിയിൽ പൊതുവഴി ഉണ്ടായിരുന്നു. വർഷങ്ങളായി പൊതുജനം ഉപയോഗിച്ചുവന്ന വഴി ഗ്രാമപഞ്ചായത്ത് നേരത്തെ അടച്ചു. താൽക്കാലികമായാണ് വഴിയടക്കുന്നതെന്നാണ് അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്. മാലിന്യ നിക്ഷേപത്തിനാണ് സ്ഥലം കുറെ കാലം ഉപയോഗിച്ചത്. ഇപ്പോൾ ഇവിടെ ഷെഡ് നിർമാണം ആരംഭിച്ചിരിക്കയാണ്. ടൗണിലെ മാലിന്യം ശേഖരിച്ചുവെക്കാനാണ് ഷെഡ് നിർമിക്കുന്നത്. മാലിന്യം ശേഖരിച്ചുവെക്കുന്നതോടെ കുടിവെള്ള സ്രോതസ്സുകൾ കൂടുതൽ മലിനമാവുമെന്ന ആശങ്കയുള്ളതായി പരിസരവാസികൾ പറഞ്ഞു. തങ്ങൾ ദീർഘകാലം ഉപയോഗിച്ച വഴിയാണിത്. ഇതു വിട്ടുകിട്ടണം. സ്വകാര്യ ആശുപത്രി പരിസരവാസികൾക്കു നടക്കുന്നതിനു നൽകിയ സ്ഥലമാണ് പഞ്ചായത്ത് കൈയേറി കെട്ടിടം വെക്കുന്നത്. ഇവിടുത്തെ നിർമാണപ്രവർത്തനം തടയണം -തായാമ്പ്ര കുഞ്ഞി മുഹമ്മദിന്റെ നേതൃത്വത്തിൽ ജില്ല കലക്ടർക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
അതേസമയം, വർഷങ്ങളായി ഇതുവഴിയുള്ള നടപ്പാത ഉപയോഗിക്കുന്നില്ല. ഇത് അടഞ്ഞുകിടക്കുകയായിരുന്നു. ഇപ്പോഴാണ് തുറന്നത്. ടൗണിലെ മാലിന്യം താൽക്കാലികമായി ശേഖരിച്ചുവെക്കാനാണ് ഇവിടെ നിർമിക്കുന്ന ഷെഡ് ഉപയോഗിക്കുകയെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുന്നാസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.