ചികിത്സയില്‍ വീഴ്ചയെന്ന് പരാതി; മെഡിക്കല്‍ കോളജ് രേഖകള്‍ ഹാജരാക്കണം
text_fieldsകോഴിക്കോട്: വാഹനാപകടത്തില്‍ തലക്ക് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റയാള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന പരാതിയില്‍ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും 15 ദിവസത്തിനകം ഹാജരാക്കാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ന്യൂനപക്ഷ കമീഷന് നിർദേശം നല്കി. കൊണ്ടോട്ടി മുണ്ടക്കുളം സ്വദേശി നല്കിയ പരാതിയിലാണ് കമീഷന് അംഗം എ. സൈഫുദ്ദീന് നിർദേശം നല്‍കിയത്.
കുറ്റിക്കാട്ടൂരില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരണപ്പെട്ട സംഭവത്തില്‍ ലഭിച്ച പരാതിയില്‍ കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് നല്കിയ റിപ്പോര്‍ട്ടില്‍ കമീഷനെ അറിയിച്ചിരുന്നു. ഇതനുസരിച്ച് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നതിനെ കുറിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് കെ.എസ്.ഇ.ബിക്ക് കമീഷന് നിർദേശം നല്കി. മുഖദാര്‍ തര്‍ബിയ്യത്തുല്‍ ഇസ്ലാം സഭയില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്കായി നല്കുന്ന സര്‍ട്ടിഫിക്കറ്റ് തിരുവനന്തപുരം പരശുവയ്ക്കല്‍ സ്വദേശി ബിനേഷ് എന്നയാള്‍ വ്യാജമായി നിര്‍മിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ ചെമ്മങ്ങാട് എസ്.എച്ച്.ഒയെ കൂടി കക്ഷി ചേര്‍ക്കാന്‍ കമീഷന് നിർദേശം നല്കി.
ആരാധനാലയങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട അനുമതി നല്‍കുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ഹൈകോടതിയില്‍ നിലനിന്നിരുന്ന കേസില്‍ വേഗത്തില്‍ തീര്‍പ്പ് ഉണ്ടാകുന്നതിന് ആവശ്യമായ നടപടികള്‍ വേഗത്തിലാക്കുന്ന കാര്യത്തില്‍ ഇടപെടലുകള്‍ നടത്താന്‍ കമീഷന് സാധിച്ചതായി അംഗം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കമീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇടപെടല്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കമ്മിഷന് സിറ്റിങ്ങില്‍ ഒമ്പതുകേസുകള്‍ പരിഗണിച്ചതില്‍ അഞ്ചെണ്ണം തീര്‍പ്പാക്കി. നാലെണ്ണം തുടര്‍ നടപടികള്‍ക്കായി അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.