പ്രതിപക്ഷ കൗൺസിലറെ അധിക്ഷേപിച്ചെന്ന് പരാതി
text_fieldsകോഴിക്കോട്: വെള്ളയിൽ വാർഡ് കൗൺസിലർ സൗഫിയ അനീഷിനെ അരക്കിണർ കൗൺസിലർ ടി.കെ. ഷമീന അധിക്ഷേപിച്ചെന്ന് പരാതി.
തിങ്കളാഴ്ച രാവിലെ കോർപറേഷൻ സ്ഥിരംസമിതി ചെയർമാന്റെ ഓഫിസിൽ എൽ.ഡി.എഫ് കൗൺസിലറായ ഷമീന ശകാരിച്ചെന്നും അറപ്പുളവാക്കുന്ന വാക്കുകൾ പ്രയോഗിച്ചെന്നുമാണ് ടൗൺ സ്റ്റേഷനിൽ നൽകിയ പരാതിയിൽ സൗഫിയ പറയുന്നത്. അപ്പോൾതന്നെ, മേയർ ബീന ഫിലിപ്പിനെ കണ്ട് പരാതി പറഞ്ഞു. ഷമീനക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നായിരുന്നു മേയറുടെ ഉറപ്പ്. സംഭവത്തിൽ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയുടെ നേതൃത്വത്തിൽ യു.ഡി.എഫ് അംഗങ്ങൾ മേയർക്കും പരാതി നൽകിയിട്ടുണ്ട്.
ആവിക്കൽ തോടിനു സമീപം നിർമിക്കുന്ന മലിനജല സംസ്ക്കരണ കേന്ദ്രത്തിനെതിരെ നിലകൊണ്ടതിനാലാണ് സൗഫിയ അനീഷിന് വ്യക്തിപരമായ അധിക്ഷേപം നേരിടേണ്ടിവന്നതെന്നാണ് പ്രതിപക്ഷ കൗൺസിലർമാർ പറയുന്നത്.
പ്രതിഷേധ മാർച്ച്
കോഴിക്കോട്: സൗഫിയ അനീഷിനെ അധിക്ഷേപിച്ച കൗൺസിലർ ടി.കെ. ഷമീന മാപ്പ് പറയണമെന്നാവശ്യപ്പെട്ട് വെള്ളയിൽ ജനകീയ കൂട്ടായ്മ സമരസമിതി നേതൃത്വത്തിൽ കോർപറേഷന് ഒാഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ആവിക്കൽ തോടിന് സമീപത്ത് നിന്നാരംഭിച്ച പ്രകടനം കോർപറേഷൻ പ്രധാന കവാടത്തിനു മുന്നിൽ പൊലീസ് തടഞ്ഞു.
തനിക്കെതിരെയുണ്ടായ സംഭവങ്ങൾ വിശദീകരിച്ച കൗൺസിലർ സൗഫിയ അനീഷ് തുടർന്നും സമരസമിതിയോട് ചേർന്ന് പ്ലാന്റിനെതിരെ സമരം ശക്തമാക്കുമെന്ന് പറഞ്ഞു. കെ.സി. ശോഭിത, കെ. മൊയ്തീൻ കോയ, ഇർഫാൻ ഹബീബ്, ഷെറിൻ ബാബു, എം.കെ. ഹംസ, എസ്.കെ. അബൂബക്കർ, എം.സി. സുധാമണി, നിർമല ബാലഗോപാൽ എന്നിവർ സംസാരിച്ചു.
ഭീഷണിപ്പെടുത്തിയതായി ടി.കെ. ഷമീന
കോഴിക്കോട്: കൗൺസിലർ കെ.ടി. ഷമീനയെ കോർപറേഷൻ ഓഫിസിൽ കയറി എസ്.ഡി.പി.ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് പരാതി. സൗഫിയ അനീഷിനെ അധിക്ഷേപിച്ചെന്നുപറഞ്ഞ് ഓഫിസിൽ അതിക്രമിച്ച് കയറിയ സംഘം, തന്നെ വരാന്തയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് ഷമീന പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
സംഭവത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എ.ഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. യോഗം ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.കെ. നാസർ അധ്യക്ഷത വഹിച്ചു. എൻ.സി.മോയിൻ കുട്ടി, എസ്.എം. തുഷാര എന്നിവർ സംസാരിച്ചു. ഒ.സദാശിവൻ സ്വാഗതവും സി.പി. സുലൈമാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.