പാസ് വേഡ് കൈക്കലാക്കി പമ്പുടമയെ കബളിപ്പിച്ചതായി പരാതി
text_fieldsകോഴിക്കോട്: സൈറ്റിന്റെ അപ്ഡേഷനുവേണ്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ടിന്റെ പാസ് വേഡ് വാങ്ങി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ഉദ്യോഗസ്ഥർ പമ്പുടമയെ കബളിപ്പിച്ചതായി പരാതി. പാസ് വേഡ് ഉപയോഗിച്ച് തന്റെ ബിസിനസ് പോർട്ടൽ അക്കൗണ്ടിൽ കയറി കമ്പനിക്ക് നൽകിയ തുക ഡിലീറ്റ് ചെയ്യുകയും കൂടുതൽ തുക തരാനുണ്ടെന്ന് പറഞ്ഞ് കബളിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് പെട്രോൾ പമ്പ് ഉടമ കൊണ്ടോട്ടി സ്വദേശി പി.എ. അനസ് ആരോപിച്ചു. ബാങ്ക് സ്റ്റേറ്റ്മെന്റിൽ തുക കൈമാറിയതായി കാണിക്കുന്നുണ്ട്. എന്നാൽ, എച്ച്.പി.സി.എൽ അധികൃതർ ബിസിനസ് പോർട്ടൽ അക്കൗണ്ട് മാത്രം ചൂണ്ടിക്കാണിച്ച് താൻ പണം നൽകാനുണ്ടെന്ന് ആരോപിക്കുകയാണ്. ഇതിനെതിരെ കമ്പനി അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഡീലർഷിപ്പ് വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന പമ്പ് എച്ച്.പി.സി.എൽ അധികൃതർ തന്റെ പക്കൽനിന്ന് തട്ടിയെടുക്കാനും ശ്രമം നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകി.
എച്ച്.പി.സി.എൽ ഉദ്യോഗസ്ഥരും മറ്റൊരു പമ്പുടമയും തമ്മിലുള്ള ഒത്തുകളിയാണ് ഇതെന്ന് സംശയിക്കുന്നതായും അനസ് പറഞ്ഞു. സ്ഥാപനം മറ്റൊരു പമ്പുടമക്ക് കൈമാറണമെന്നാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്. 14 പമ്പുകളുടെ ഉടമയായ ഇയാൾക്ക് പമ്പ് കൈമാറിയാൽ പ്രശ്നം പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തിരുന്നു. തന്റെ അക്കൗണ്ടിൽനിന്നും എസ്.ബി.ഐ വഴി എച്ച്.പി.സി.എല്ലിന് അയച്ച എട്ട് കോടിയോളം രൂപയുടെ 158 ഓളം പണമിടപാടുകളാണ് ഡിലീറ്റ് ചെയ്തത്. ഇതു കണ്ടെത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. മൂസക്കോയ, ജാഫർ കോട്ട എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.