കോർപറേഷന്റെ പൊതുമരാമത്ത് പണികളിൽ ഗുണനിലവാരത്തകർച്ചയെന്ന് പരാതി
text_fieldsകോഴിക്കോട്: നഗരസഭക്ക് കീഴിലുള്ള മരാമത്ത് പണികളിൽ വലിയ ഗുണനിലവാരത്തകർച്ചയുണ്ടാവുന്നതായും റോഡുകളടക്കം പല നിർമാണങ്ങളും പെട്ടെന്ന് തകരുന്നതായും പരാതി. മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് അംഗങ്ങളുടെ പരാതി.
ഇതിന്റെയടിസ്ഥാനത്തിൽ കരാറുകാരുടെ യോഗം വിളിക്കാൻ മേയർ തീരുമാനിച്ചു. ഭരണമുന്നണിയിലെ എൻ.സി. മോയിൻ കുട്ടിയാണ് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചത്. കഴിഞ്ഞ മേയിൽ ആഴ്ചവട്ടം വാർഡിൽ എടുത്ത പ്രവൃത്തിയുടെ കോൺക്രീറ്റ് ഈ മഴയിൽ ഒലിച്ചുപോയി. ഈയിടെ ടാർ ചെയ്ത മറ്റൊരു റോഡിൽ കുഴി പ്രത്യക്ഷപ്പെട്ടു. പണിക്ക് കൃത്യമായ മേൽനോട്ടമില്ലാത്തതാണ് കാരണം.
ഇ-ടെൻഡറാണെങ്കിലും ടെൻഡറിന്റെ തലേ ദിവസം മുമ്പെ കരാറുകാർ നഗരത്തിലെ പ്രമുഖ ഹോട്ടലിൽ ഒത്തുകൂടി ആരാണ് കരാർ വിളിക്കേണ്ടതെന്ന് നേരത്തേ നിശ്ചയിച്ച പ്രകാരമാണ് കരാറെടുക്കുന്നത്.
പുതിയ കരാറുകാർ വന്നാൽ ഭീഷണി മുഴക്കുന്നു. ആഴ്ചവട്ടം സ്കൂളിൽ കഴിഞ്ഞ ദിവസം ടെൻഡർ ചെയ്യിക്കാൻ ശ്രമിച്ചപ്പോൾ ഭീഷണിയുയർന്നെങ്കിലും ഉറച്ചുനിന്നതിനാൽ മികച്ച രീതിയിൽ കാലാവധിക്ക് മുമ്പെ പണി തീർക്കാനായെന്നും മോയിൻകുട്ടി പറഞ്ഞു. ഉദ്യോഗസ്ഥരെ വരെ നിയന്ത്രിക്കുന്നത് കരാറുകാരായി മാറി. ഇവർക്ക് ആരെങ്കിലും മണികെട്ടണം. കരാറുകാർ നിശ്ചിത എണ്ണം പ്രവൃത്തി മാത്രമേ എടുക്കാവൂവെന്നും ഒന്ന് പൂർത്തിയാക്കിയാലേ അടുത്തത് എടുക്കാവൂവെന്നും നിയന്ത്രണം കൊണ്ടുവരണം.
ചേവരമ്പലം വാർഡിൽ എസ്.സി കോളനിയിലെ ജോലിയെടുത്ത സൊസൈറ്റി പാതിവഴിക്ക് ജോലിയുപേക്ഷിച്ച് കടന്നതായി ബി.ജെ.പിയിലെ സരിത പറയേരി പറഞ്ഞു. ഉദ്യോഗസ്ഥതല പരിശോധന അടിക്കടി നടത്താൻ നിർദേശം നൽകാമെന്ന് മരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സി. രാജൻ പറഞ്ഞു.
വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കാനാവും. പരിശോധന ശക്തമാക്കുമെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് പറഞ്ഞു. ഐ.സി.ഡി.സി അംഗൻവാടി ജീവനക്കാരെ പ്രയാസത്തിലാക്കുന്ന ട്രഷറി ഡയറകട്റുടെ ഉത്തരവ് പിൻവലിക്കണമെന്ന ലീഗിലെ കെ. മൊയ്തീൻ കോയയുടെ അടിയന്തര പ്രമേയത്തിന് മേയർ അനുമതി നിഷേധിച്ചു.
പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ഔദ്യോഗിക ഉറപ്പ് കിട്ടിയതിനാൽ പ്രസക്തിയില്ലെന്ന് പറഞ്ഞാണ് അനുമതി നിഷേധിച്ചത്.
ഇ-ഓട്ടോകൾ ഓടിക്കാൻ നടപടി വരും
കോർപറേഷൻ അജൈവ മാലിന്യ ശേഖരണത്തിനായി ഹരിതകർമസേനക്ക് വാങ്ങിയ ഇ-ഓട്ടോകൾ ഓടാതെ കിടക്കുന്നതിൽ കെ. മൊയ്തീൻകോയ ശ്രദ്ധക്ഷണിച്ചു. ഡ്രൈവർമാരെ കണ്ടെത്താതെ വണ്ടി വാങ്ങിയതാണ് വിനയായത്. ഡ്രൈവർമാരെ അന്വേഷിച്ചു നടക്കേണ്ട അവസ്ഥയാണിപ്പോൾ. 50 ഡ്രൈവർമാരുടെ ഒഴിവുകൾ നിലവിലുണ്ടെന്നും ഇവ നികത്തുന്നതിന് നടപടികൾ സ്വീകരിച്ചെന്നും ഹെൽത്ത് ഓഫിസർ മുനവർ റഹ്മാൻ അറിയിച്ചു.
അവധി ദിവസങ്ങളിലുള്‍പ്പെടെ അരയിടത്തുപാലത്തെ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് കെ.ടി. സുഷാജ് ശ്രദ്ധക്ഷണിച്ചു. വാഹനങ്ങളിലേറെയും അരയിടത്തുപാലം മേൽപാലം ഉപയോഗിക്കുന്നില്ലെന്ന് മേയര്‍ ബീനാഫിലിപ്പ് പറഞ്ഞു.
മിഠായിത്തെരുവിലും മാനാഞ്ചിറയിലും അലങ്കാരവിളക്കുകള്‍ മാറ്റിസ്ഥാപിക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കണമെന്ന് എസ്.കെ. അബൂബക്കര്‍ ശ്രദ്ധക്ഷണിച്ചു. പുതിയ ലൈറ്റുകൾ സ്ഥാപിക്കാൻ നടപടിയായതായി കോർപറേഷൻ എൻജിനീയർ കൗൺസിലിൽ അറിയിച്ചു. ടി.കെ. ചന്ദ്രൻ, എടവഴിപ്പീടികയിൽ സഫീന, വി.പി. മനോജ് എന്നിവരും വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു.
കോതി, ആവിക്കൽ പ്ലാന്റുകൾ മാറ്റണം
ജനവാസമേഖലയില്‍നിന്ന് കോതി, ആവിക്കല്‍ മലിനജല സംസ്കരണ പ്ലാന്റുകള്‍ മാറ്റുന്ന കാര്യം പരിഗണിക്കണമെന്ന യു.ഡി.എഫ്. കൗണ്‍സിലര്‍ കെ.സി. ശോഭിതയുടെ ആവശ്യം ക്രിയാത്മകമായി പരിഗണിക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്. കോതിയിലെ കരാറുകാരായിരുന്ന സീമാക്ക് ഗ്രൂപ്പിനെ ഒഴിവാക്കുന്നതിനുള്ള അജണ്ട പരിഗണിക്കവെയാണ് നടപടി. സ്ഥലം മാറ്റണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ശോഭിത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.