കമ്പ്യൂട്ടർ തകരാർ; പൊരിവെയിലിൽ ഒ.പി ടിക്കറ്റിന് കാത്ത് രോഗികൾ
text_fieldsകോഴിക്കോട്: ചൊവ്വാഴ്ച ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ എത്തിയവർ പൊരിവെയിലത്ത് ഒ.പി ടിക്കറ്റും കാത്തുനിന്നത് മണിക്കൂറുകൾ. ബീച്ച് ആശുപത്രിയിൽ കമ്പ്യൂട്ടർ സെർവർ തകരാർമൂലം ഒ.പി ടിക്കറ്റുകൾ നൽകാൻ കഴിയാതിരുന്നതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. വരുന്ന രോഗികൾക്കെല്ലാം ഒ.പി ടിക്കറ്റ് എഴുതി നൽകിയാണ് പ്രശ്നം പരിഹരിച്ചത്. എന്നാൽ, ടിക്കറ്റ് എഴുതിനൽകേണ്ടി വരുമ്പോൾ കൂടുതൽ സമയം വൈകുകയും ഓരോ രോഗിയും മണിക്കൂറോളം വെയിലത്ത് കാത്തുനിൽക്കേണ്ടി വരുകയും ചെയ്തു.
ബീച്ചിൽ രണ്ട് ഒ.പി ടിക്കറ്റ് കൗണ്ടറുകൾ മാത്രമാണുള്ളത്. പ്രായമായവർക്ക് പ്രത്യേക വരികളില്ല. ചെറിയ ടിക്കറ്റ് കൗണ്ടർ നിറഞ്ഞ് ആളുകൾ ചൂടും സഹിച്ച് കാത്തിരിക്കുകയായിരുന്നു. ശരാശരി 1000 രോഗികൾ ആശുപത്രിയിൽ എത്തുന്നുണ്ട്. ഓരോരുത്തർക്കും കുറെ സമയം ഒ.പി ടിക്കറ്റിനായി കാത്തിരിക്കേണ്ടി വന്നപ്പോൾ വരികളിൽ അവസാനമുള്ളവർ ചൂടിൽ വലഞ്ഞു.
കോവിഡിനു ശേഷം രോഗികൾ കൂടുതലായി എത്തിത്തുടങ്ങിയ സാഹചര്യത്തിലാണ് ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വന്നത്. ഉച്ചവരെ കമ്പ്യൂട്ടർ ശരിയാക്കാൻ സാധിക്കാത്തതിനാൽ എല്ലാ രോഗികൾക്കും ടിക്കറ്റ് എഴുതി നൽകി.
സെർവർ കമ്പ്യൂട്ടർ കേടായതിനാലാണ് ഒ.പി ടിക്കറ്റ് നൽകുന്നത് മുടങ്ങിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഒരു മണിക്കൂർകൊണ്ട് കമ്പ്യൂട്ടർ ശരിയാക്കിയിട്ടുണ്ടെന്നാണ് അധികൃതർ നൽകിയ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.