മാധ്യമം എജുകഫെക്ക് സമാപനം
text_fieldsകോഴിക്കോട്: ഉന്നത പഠനത്തിലും പുതിയ സാധ്യതകൾ കണ്ടെത്തുന്നതിലും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ആശങ്കകൾ ദൂരീകരിച്ച് മാധ്യമം എജുകഫെക്ക് പ്രൗഢഗംഭീര സമാപനം. ചൊവ്വാഴ്ച വൈകീട്ട് ആറിന് പരിപാടി സമാപിക്കുമ്പോഴും സരോവരം ട്രേഡ് സെന്ററിലെ ഹാളിൽ സദസ്സ് നിറഞ്ഞുകവിഞ്ഞിരുന്നത് മേളക്ക് കുട്ടികളിൽനിന്നും രക്ഷിതാക്കളിൽനിന്നും ലഭിച്ച അംഗീകാരത്തിന്റെ നേർസാക്ഷ്യമായി.
വിദ്യാഭ്യാസ-ജോലി സാധ്യതകൾ കണ്ടെത്തുമ്പോൾ മൂല്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന മോട്ടിവേഷൻ സ്പീക്കർ സുലൈമാൻ മേൽപത്തൂരിന്റെ സെഷനോടെയായിരുന്നു സമാപനം. വൈകാരികത ബുദ്ധിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന പ്രധാന ഘടകമാണെന്നും അത് വിജയത്തിന് തടസ്സം നിൽക്കുമെന്നതിനാൽ കുട്ടികൾ വൈകാരികതക്ക് അടിപ്പെടാതെ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നല്ല വ്യക്തിയാവുക എന്നതിനേക്കാൾ മഹാപ്രതിഭയാവുക എന്നതാകണം ലക്ഷ്യമെന്നും അപ്പോഴേ സ്വാധീനിക്കപ്പെടുന്ന വ്യക്തിയായി മാറാൻ കഴിയൂവെന്നും മൈൻഡ് ഹാക്കർ സി.എം. മഹ്റൂഫ് പറഞ്ഞു. കൂടുതൽ കൂടുതൽ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നമുക്ക് ഉന്നതങ്ങളിലെത്താൻ കഴിയുക.
ഉറക്കം, ഭക്ഷണം, വ്യായാമം എന്നിവ ആരോഗ്യത്തിന്റെ മുഖ്യ ഘടകങ്ങളാണ്. ഇവ വ്യക്തിയുടെ വിജയത്തിൽ നിർണായ പങ്കുവഹിക്കുമെന്നും അദ്ദേഹം ഓർമപ്പെടുത്തി. തുടർവിദ്യാഭ്യാസ, തൊഴിൽ സാധ്യതകളെക്കുറിച്ച് സിജി കരിയർ കൗൺസലർമാരായ ഡോ. ഷരീഫ് പൊവ്വൽ, കെ.പി. ലുഖ്മാൻ എന്നിവരും ക്ലാസെടുത്തു.
അനുകരിക്കാതിരിക്കൂ, തീരുമാനം നിങ്ങളുടേതാകട്ടെ...
കോഴിക്കോട്: റാങ്കുകളല്ല, ഓരോ വ്യക്തിയും എടുക്കുന്ന തീരുമാനങ്ങളാണ് വിജയത്തിന്റെ പ്രധാന ഘടകമെന്ന് 2023ലെ ഹോമിയോ വിഭാഗം അസി. പ്രഫസർ പി.എസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവും ഹോമിയോ മെഡിക്കൽ ഓഫിസറുമായ ഡോ. വഹാബ്. ആരെയും അനുകരിക്കരുതെന്നും അങ്ങനെ ചെയ്താൽ ജീവിതകാലം മുഴുവൻ അതിനുമാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ കാലത്തുതന്നെ തന്റെ അഭിരുചി മനസ്സിലാക്കുകയും അതിന് അധ്യാപകരിൽനിന്നും സുഹൃത്തുക്കളിൽനിന്നും ലഭിച്ച പ്രോത്സാഹനവുമാണ് തന്റെ വിജയത്തിന്റെ രഹസ്യമെന്നും 2018ലെ ഏഷ്യൻ പാരാലിമ്പിക് മത്സരത്തിൽ ചെസിൽ ഇന്ത്യക്കുവേണ്ടി വെള്ളി മെഡൽ നേടിയ മുഹമ്മദ് സാലിഹ് പറഞ്ഞു.
ഫ്യൂച്ചർ ഹബ് കണ്ടന്റ് മാർക്കറ്റിങ് മാനേജർ ഷാദ് മുഹമ്മദ് തന്റെ വഴിത്തിരിവുകൾ അവതരിപ്പിച്ചപ്പോൾ സമപ്രായക്കാരായ വിദ്യാർഥികൾക്ക് അത് കൗതുകകരമായി. ഓരോ വർക്ക് ചെയ്യുമ്പോഴും അത് അംഗീകരിക്കാൻ ആളുകൾ ഉണ്ടാകുമ്പോൾ ആത്മവിശ്വാസം വർധിക്കുമെന്ന് ഷാദ് വ്യക്തമാക്കി.
തന്റെ മാർഗം കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞതും കോളജിലെ അധ്യാപകരിൽനിന്ന് കിട്ടിയ പിന്തുണയുമാണ് ബിരുദപഠനംവരെ ഒരുവിധ കായിക മത്സരയിനത്തിലും പങ്കെടുത്തിട്ടില്ലാത്ത തന്നെ ഗുസ്തിതാരമാക്കി മാറ്റിയതെന്ന് നാഷനൽ ഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത അമീന ദിയ വ്യക്തമാക്കി.
ആവേശം പകർന്ന് ശാരിക
കോഴിക്കോട്: സെറിബ്രൽ പാൾസി ശരീരത്തെ തളർത്തിയിട്ടും മനോബലംകൊണ്ട് സിവിൽ സർവിസ് നേടിയ ശാരികയുടെ സാന്നിധ്യം എജുകഫെയിലെത്തിയ വിദ്യാർഥികൾക്ക് ആവേശമായി. സക്സസ് ചാറ്റിൽ തന്റെ അനുഭവം പങ്കുവെക്കാനാണ് ശാരിക എജുകഫെയുടെ വേദിയിലെത്തിയത്.
തനിക്ക് ഒരുപാട് പേരിൽനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും അവർക്ക് തിരിച്ച് തന്നാലാകുന്ന സഹായങ്ങൾ ചെയ്യണം എന്ന ചിന്തയാണ് ബിരുദപഠനത്തിനു ശേഷം സിവിൽ സർവിസിലേക്ക് തിരിയാൻ പ്രേരിപ്പിച്ചതെന്നും സിവിൽ സർവിസിൽ 922ാം റാങ്കുകാരിയായ കീഴരിയൂർ എരയമ്മൻകണ്ടി വീട്ടിൽ ശാരിക പറഞ്ഞു. തന്നെപ്പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സഹായകമാവുന്ന പ്രവർത്തനങ്ങൾ നടത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും ശാരിക വ്യക്തമാക്കി.
മലപ്പുറം സ്ലാങ് തന്നെയാണ് താരം
മലപ്പുറത്തുനിന്ന് വാഗമണ്ണിൽ എം.ബി.എക്ക് പഠിക്കാൻ എത്തിയപ്പോഴാണ് രുചിയുള്ള ഭക്ഷണം കിട്ടാക്കനിയായി മാറിയത്. അവിടെനിന്നാണ് ബാസിം പ്ലേറ്റ് എന്ന ഫുഡ് വ്ലോഗറുടെ കഥ തുടങ്ങുന്നത്. നല്ല ഭക്ഷണം തേടിയുള്ള യാത്രകളെക്കുറിച്ച് ബ്ലോഗിൽ എഴുതുന്നത് പതിവാക്കിയതോടെ ബ്ലോഗ് ഹിറ്റായി. ബാസിം പ്ലേറ്റ് എന്ന വ്ലോഗർ എഴുതിത്തുടങ്ങുന്ന 2017ൽ ഫുഡ് വ്ലോഗിങ്ങിനെക്കുറിച്ചൊന്നും ജനത്തിന് അത്ര പരിചയമില്ലാത്ത കാലമായിരുന്നു.
ബാസിം പ്ലേറ്റ്, ഇൻഫ്ലുവൻസർ ആയി മാറിത്തുടങ്ങിയത് മലപ്പുറത്തിന്റെ സ്വന്തം വാമൊഴി വഴക്കത്തിൽ വിഡിയോ ചെയ്യാൻ തുടങ്ങിയതോടെയാണ്. വീട്ടിൽ ഉമ്മയോടും ചങ്ങായിമാരോടും പറയുന്നതുപോലെ പ്രേക്ഷകരോട് സംസാരിക്കാൻ തുടങ്ങിയതോടെ മുമ്പുള്ളതിനേക്കാൾ പത്തിരട്ടിയായി മാറി പിന്തുടരുന്നവരുടെ എണ്ണം. മാധ്യമം എജുകഫെ വേദിയിൽ അവതാരകയായ രേവതിയോടുള്ള സംഭാഷണത്തിനിടെയാണ് ബാസിം പ്ലേറ്റ് മനസ്സുതുറന്നത്.
ഫുഡ് വ്ലോഗർമാരുടെ പ്രമോഷൻ കൊണ്ടൊന്നുമല്ല, ക്വാളിറ്റിയുള്ള ഭക്ഷണം നൽകിയാൽ മാത്രമേ ഭക്ഷണശാലകൾക്ക് പിടിച്ചുനിൽക്കാൻ കഴിയൂ എന്ന് പറയുന്നു ബാസിം. വിഡിയോകൾ കണ്ട് ഒന്നോ രണ്ടോ തവണ ആളുകൾ ഭക്ഷണം കഴിക്കാൻ പോയേക്കാം. എന്നാൽ, അവർക്കിഷ്ടപ്പെട്ടാൽ മാത്രമേ വീണ്ടും അവിടെപോകൂ.
പിന്നെ ഒരാൾക്ക് ഇഷ്ടപ്പെടുന്ന ഭക്ഷണം മറ്റൊരാൾക്ക് ഇഷ്ടപ്പെടണമെന്ന് നിർബന്ധവുമില്ല. പ്രേക്ഷകരുടെ ചീത്തവിളിയും ധാരാളം കേട്ടിട്ടുണ്ട്. യൂട്യൂബിൽ നിന്നും ഫേസ്ബുക്കിൽ നിന്നും ലഭിക്കുന്ന വരുമാനം സ്ഥിരതയുള്ളതല്ല. അതിനാൽ വ്ലോഗറായി തുടരുമ്പോൾ തന്നെ മറ്റെന്തെങ്കിലും വരുമാനംകൂടി ഉണ്ടാകുന്നതാണ് നല്ലത് എന്നാണ് എജുകഫെയിലെത്തിയ പുത്തൻതലമുറക്ക് ബാസിം പ്ലേറ്റിന് നൽകാനുള്ള ഉപദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.