നിപ സ്ഥിരീകരണം: കുറ്റ്യാടിയിൽ പൊലീസ് നടപടി ശക്തമാക്കി
text_fieldsകുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ കള്ളാട് പനി ബാധിച്ച് മരിച്ച യുവാവിനും ചികിത്സയിലുള്ള ബന്ധുക്കൾക്കും നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ല ഭരണകൂടം നടപ്പാക്കുന്ന പ്രതിരോധനടപടികളുടെ ഭാഗമായി കുറ്റ്യാടിയിൽ പൊലീസ് നടപടികൾ ശക്തമാക്കി. മരിച്ച മുഹമ്മദലിയുടെ വീട് സ്ഥിതിചെയ്യുന്ന ഒന്നാം വാർഡിലേക്കുള്ള റോഡുകൾ മുഴുവൻ അടച്ചു. സമീപപ്രദേശമായ, കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട കുറ്റ്യാടി ബസ് സ്റ്റാൻഡ് അടച്ചു.
ടൗൺ വഴി പോകുന്ന ബസുകൾ ടൗണിൽ നിർത്തി ആളെ ഇറക്കാനോ കയറ്റാനോ അനുവാദമില്ല. ടൗൺ അതിർത്തി വന്ന് തിരിച്ചുപോകണം. കോഴിക്കോട് ഭാഗത്തുനിന്നു വരുന്ന ബസുകൾ കുറ്റ്യാടി പാലത്തിനു സമീപം ചെറിയകുമ്പളത്ത് ആളെ ഇറക്കി തിരിച്ചുപോകണം. യാത്രക്കാർ അരകിലോമീറ്ററോളം നടന്നാണ് ടൗണിലെത്തുക. കോഴിക്കോട്ടേക്കുള്ള ബസുകൾ ചെറിയകുമ്പളത്തുനിന്നാണ് പുറപ്പെടുന്നത്.
ഇതിനാൽ ചെറിയകുമ്പളം ടൗൺ മിനി ബസ് സ്റ്റാൻഡായി. എന്നാൽ, കോഴിക്കോട്-തൊട്ടിൽപാലം റൂട്ടിലോടുന്ന ബസുകൾ കുറ്റ്യാടി ടൗൺ വഴി കടത്തിവിടുന്നുണ്ട്. കുറ്റ്യാടി പാലത്തിനു സമീപം പൊലീസ് പരിശോധിച്ചശേഷമാണ് മറ്റു വാഹനങ്ങൾ കടത്തിവിടുന്നത്. വടകര ഭാഗത്തുനിന്ന് കുറ്റ്യാടിക്കു വരുന്ന ബസുകൾ മൊകേരി വന്ന് തിരിച്ചുപോകണം.
വയനാട് ഭാഗത്തുനിന്ന് വരുന്നവക്കും നിയന്ത്രണങ്ങളുണ്ട്. മരിച്ചയാളുടെ വീട് സ്ഥിതിചെയ്യുന്ന കള്ളാട് ഭാഗത്തേക്കുള്ള എല്ലാ റോഡുകളും പൊലീസും ആർ.ആർ.ടി വളന്റിയർമാരും ചേർന്ന് അടച്ചു. അമാന ആശുപത്രി പരിസരത്തുള്ള രണ്ടു റോഡും തട്ടാർകണ്ടിതാഴകടവ് റോഡും ദേവർകോവിലിൽനിന്നുള്ള റോഡുകളുമാണ് അടച്ചത്. കുറ്റ്യാടിയിൽനിന്ന് മരുതോങ്കര ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ ചെറുപുഴ പാലത്തിൽ പരിശോധിച്ചശേഷമാണ് പൊലീസ് കടത്തിവിടുന്നത്. ബുധനാഴ്ച ഉച്ച വരെ നിയന്ത്രണങ്ങളുണ്ടായിരുന്നില്ല.
കുറ്റ്യാടി ടൗണിൽ ഭക്ഷ്യ വസ്തുക്കൾ, ഇറച്ചി, മത്സ്യം, ലോട്ടറി എന്നിവ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്നത്. കുറ്റ്യാടി പഞ്ചായത്തിൽ ഒന്നു മുതൽ 10 വരെ വാർഡുകളും മരുതോങ്കര പഞ്ചായത്തിൽ ഒന്നുമുതൽ അഞ്ചു വരെ വാർഡും പതിനഞ്ചാം വാർഡും കണ്ടെയ്ൻമെന്റ് സോണാണ്. കൂടാതെ, സമീപ പഞ്ചായത്തുകളായ കായക്കൊടിയിൽ അഞ്ചു മുതൽ ഒമ്പതു വരെയും കാവിലുമ്പാറയിൽ രണ്ടു മുതൽ പത്തുവരെയും പതിനാറാം വാർഡും കണ്ടെയ്ൻമെന്റ് സോണാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.