വിദ്യാർഥികൾക്ക് കൈവിലങ്ങ്; എം.എസ്.എഫ് കമീഷണർ ഓഫിസ് മാർച്ചിൽ സംഘർഷം
text_fieldsകോഴിക്കോട്: വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റ് ചെയ്ത എം.എസ്.എഫ് പ്രവർത്തകരെ കൈവിലങ്ങണിയിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ജില്ല എം.എസ്.എഫ് കമ്മിറ്റി സിറ്റി പൊലീസ് കമീഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തി വീശി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ മുസമ്മിൽ പൂനത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സി.എച്ച് മേൽപാലത്തിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് കമീഷണർ ഓഫിസിന് സമീപം പൊലീസ് തടഞ്ഞു.
എസ്.എഫ്.ഐ ക്രിമിനൽ സംഘത്തിന് തണലൊരുക്കുകയും എം.എസ്.എഫിന്റെ ന്യായമായ അവകാശ സമരത്തെ അക്രമാസക്തമായി നേരിടുകയും ചെയ്യുന്ന പൊലീസ് രാജ് നാടിന് അപമാനമാണെന്നും പ്ലസ് വൺ സീറ്റ് വിഷയത്തിൽ ശാശ്വത പരിഹാരം കാണാതെ സമരത്തിൽനിന്ന് പിന്നോട്ടുപോവില്ലെന്നും എം.എസ്.എഫ് വ്യക്തമാക്കി.
ആദ്യഘട്ട അലോട്ട്മെന്റിനു ശേഷവും പതിനായിരക്കണക്കിന് വിദ്യാർഥികളാണ് സീറ്റ് ലഭിക്കാതെ പുറത്തിരിക്കേണ്ടിവരുന്നതെന്നും സമരക്കാർ ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് എം.എ. റസാഖ് മാസ്റ്റര്‍ മാർച്ച് ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മായില്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം. ജിഷാന്‍, ജില്ല ലീഗ് സെക്രട്ടറി അഡ്വ. എ.വി. അൻവർ, ജില്ല സെക്രട്ടറി എ. സിജിത്ത് ഖാന്, ഷഫീഖ് അരക്കിണർ, റിഷാദ് പുതിയങ്ങാടി, വി.എം. റഷാദ്, അഡ്വ. നൂറുദ്ദീൻ സംബന്ധിച്ചു.
മാർച്ചിന് എം.എസ്.എഫ് ജില്ല പ്രസിഡന്റ് അഫ്നാസ് ചോറോട്, സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാഹിബ് മുഹമ്മദ്, സെക്രട്ടറി ശാക്കിർ പാറയിൽ, ജില്ല ട്രഷറർ ഷമീർ പാഴൂർ, ഭാരവാഹികളായ അജ്മൽ കൂനഞ്ചേരി, ആസിഫ് കലാം, കാസിം തിരുവള്ളൂർ, ജുനൈദ് പെരിങ്ങളം, റാഷിദ് സബാൻ, ഹർഷിദ് നൂറാംതോട്, സിഫാദ് ഇല്ലത്ത്, റാഷിക് ചങ്ങരംകുളം, ഷാബിൽ എടതിൽ, കെ.ടി. ആദിൽ, അസ്ലം തിരുവള്ളൂർ, യാസീൻ കൂളിമാട്, ഫുഹാദ് തേറമ്പത്ത് എന്നിവർ നേതൃത്വം നൽകി.
നടുറോഡിൽ കുടുങ്ങി ജനം
കോഴിക്കോട്: എം.എസ്.എഫിന്റെ കമീഷണർ ഓഫിസ് മാർച്ച് തടയാൻ ബാരിക്കേഡ് വെച്ച് പൊലീസ് റോഡ് അടച്ചതുകാരണം ജനം കുടുങ്ങി. ഡി.ഡി ഓഫിസിനു മുന്നിൽ ബാരിക്കേഡ് വെച്ച് റോഡ് അടച്ചതോടെ കാൽനടക്കാർ പോലും പ്രതിസന്ധിയിലായി. 11.15ഓടെയാണ് പൊലീസ് റോഡ് അടച്ചത്. ഇതോടെ രണ്ടുമണിക്കൂറോളം യാത്രക്കാർ റോഡിൽ കുടുങ്ങി.
കാൽനടക്കാരായ സ്ത്രീകൾ ഉൾപ്പെടെ പൊലീസ് നടപടിക്കെതിരെ രംഗത്തെത്തുകയും പൊലീസുമായി വാഗ്വാദം ഉണ്ടാവുകയും ചെയ്തു. സി.എച്ച് ഓവർ ബ്രിഡ്ജിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ നഗരത്തിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിനിടെയാണ് പൊലീസ് നടപടി. കഴിഞ്ഞ ദിവസം എ.ബി.വി.പി മാർച്ചിനും പൊലീസ് സമാന നടപടി സ്വീകരിച്ചത് ആക്ഷേപത്തിനിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.