എൽ.ഡി.എഫിനെ തകർക്കാൻ കോൺഗ്രസ് ബി.ജെ.പിയുമായി ഒത്തുകളിക്കുന്നു –സീതാറാം യെച്ചൂരി
text_fieldsകോഴിക്കോട്: രാജ്യത്തെ വൈവിധ്യങ്ങൾ തകർത്ത് ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണത്തിൽ തുടരാൻ ശ്രമിക്കുകയാണ് ബി.ജെ.പിെയന്ന് സി.പി.എം ജനറൽ െസക്രട്ടറി സീതാറാം യെച്ചൂരി. മണ്ണൂർ വളവിൽ ബേപ്പൂർ നിയോജകമണ്ഡലം സ്ഥാനാർഥി അഡ്വ. പി.എ. മുഹമ്മദ് റിയാസിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു യെച്ചൂരി. സാമ്പത്തികഭദ്രത തകർത്തും ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ തകർത്തും ഹിന്ദുരാഷ്ട്ര നിർമിതി ലക്ഷ്യമിടുകയാണ് ബി.ജെ.പി സർക്കാർ.
കോർപറേറ്റുകൾക്ക് വേണ്ടി കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമവും കർഷകവിരുദ്ധ നിയമങ്ങളും നടപ്പാക്കില്ലെന്ന് ആർജവത്തോടെ പ്രഖ്യാപിച്ച സർക്കാറാണ് കേരളത്തിലേത്. ആ സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പിയുമായി കൈകോർക്കുകയാണ് കോൺഗ്രസെന്ന് യെച്ചൂരി പറഞ്ഞു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് എൽ.ഡി.എഫ് സർക്കാറിനെ തകർക്കാർ ബി.ജെ.പി ശ്രമിക്കുന്നതിന് യു.ഡി.എഫ് ഒത്തുകളിക്കുകയാണ്.
കോൺഗ്രസ് സർക്കാറുള്ള സംസ്ഥാനങ്ങളിലെല്ലാം എം.എൽ.എമാരടക്കം ബി.ജെ.പിയിൽ ചേരുകയാണ്. മനുഷ്യരെന്നനിലയിൽ ജനങ്ങൾക്ക് ഒത്തൊരുമയോടെ ജീവിക്കാൻ കഴിയുന്ന ഏക സംസ്ഥാനം കേരളമാണ്. അതുകൊണ്ടാണ് ഒരു കരീമിനും ഒരു റിയാസിനും നടുവിൽ സീതാറാമിന് നിൽക്കാനാകുന്നത്. ഈ െഎക്യം എന്നും നിലനിൽക്കണമെന്നും യെച്ചൂരി പറഞ്ഞു. എളമരം കരീം എം.പി പ്രസംഗം പരിഭാഷപ്പെടുത്തി. വി.കെ.സി. മമ്മദ്കോയ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി പി.എ. മുഹമ്മദ് റിയാസ്, മുക്കം മുഹമ്മദ്, പിലാക്കാട്ട് ഷണ്മുഖന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.