ധർമജൻ, അഭിജിത്ത്, നിയാസ്... കളംപിടിച്ച് കോൺഗ്രസ്
text_fieldsനോർത്ത് പിടിക്കാൻ സമരതാരം
പ്രതിപക്ഷ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലെ നായകൻ കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്തിന് പുതിയ നിയോഗം. 15 കൊല്ലം മുമ്പ് കോണ്‍ഗ്രസിന് നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കാൻ ഈ 27കാരനെയിറക്കാനാണ് തീരുമാനം. കെ.എസ്.യു പ്രസിഡെൻറന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചെവച്ചതിനുള്ള അംഗീകാരം കൂടിയാണ് അത്തോളിക്കാരനിത്. അഭിജിത്തിെൻറ വരവിനെ ആരും എതിർത്തില്ലെന്നതാണ് ശ്രദ്ധേയം. കെ.എസ്.യു പ്രവര്‍ത്തകനായി രാഷട്രീയത്തിലെത്തി. 2013ല്‍ മീഞ്ചന്ത ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് കോളജിൽ 30 വര്‍ഷത്തെ എസ്.എഫ്.ഐ കുത്തക തകര്‍ത്ത് യു.യു.സി ആയി.
2014ല്‍ കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ ചെയര്മാൻ. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2017ല്‍ സംഘടന തെരഞ്ഞെടുപ്പിലൂടെ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ. മാസ് കമ്യൂണിക്കേഷന്‍ ആൻഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും ബി.എസ്സി ഫിസിക്സില്‍ ബിരുദവും നേടി. അവിവാഹിതനാണ്. പിതാവ്: ഗോപാലന്‍കുട്ടി. മാതാവ്: സുരജ. സഹോദരന്: വൈശാഖ്.
ബേപ്പൂരിൽ നങ്കൂരമിടാൻ തൊഴിലാളി നേതാവിെൻറ മകൻ
കോൺഗ്രസ് രാഷ്ട്രീയത്തിൽ വർഷങ്ങളായി നഗരത്തിലെ പരിചിത മുഖമായ പി.എം. നിയാസിന് നിയമസഭയിലേക്ക് ഇത് കന്നിയങ്കം. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസിനെതിരായ പോരാട്ടം ഈ നേതാവിന് എളുപ്പമാകില്ല. ബേപ്പൂരിൽ നിയാസ് വരുന്നതിനോട് ചില കോൺഗ്രസ് പ്രവർത്തകർ എതിർപ്പുയർത്തിയിട്ടുണ്ട്. കോൺഗ്രസിലെ ആദരണീയനായ തൊഴിലാളി നേതാവായിരുന്ന കെ. സാദിരിക്കോയയുടെ മകനായ നിയാസ് പിതാവിെൻറ പാത പിന്തുടർന്നാണ് പാർട്ടി പ്രവർത്തനം തുടങ്ങിയത്. 1988 മുതൽ '92 വെര കെ.എസ്.യു ജില്ല പ്രസിഡൻറും '92 മുതൽ 2001 വരെ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറുമായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവായിരിക്കേ നിരവധി പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് റിമാൻഡിലായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പൗരത്വ പ്രക്ഷോഭത്തിലും ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു. നിരവധി തെരഞ്ഞെടുപ്പുകളിൽ പ്രചാരണകമ്മിറ്റിയെ നയിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു തവണയും ലോക്സഭ തെരഞ്ഞെടുപ്പിൽ എം.കെ. രാഘവെൻറ പ്രചാരണത്തിലും വിജയത്തിലും നിർണായക പങ്കുവഹിച്ചു. ഭാര്യ: ഹസ്ന. മക്കൾ: നേഹ നിയാസ്, നിദാം നിയാസ്.
കൊയിലാണ്ടിയിൽ ഒരിക്കൽ കൂടി സുബ്രഹ്മണ്യൻ
കെ. ദാസനോട് കഴിഞ്ഞ വർഷം തോറ്റ കൊയിലാണ്ടിയിൽ വീണ്ടും ഭാഗ്യപരീക്ഷണത്തിനൊരുങ്ങുകയാണ് സുബ്രഹ്മണ്യൻ. രമേശ് ചെന്നിത്തലയുമായി അടുപ്പമുള്ള സുബ്രഹ്മണ്യൻ െകായിലാണ്ടിയിൽ നേരത്തേ അനൗദ്യോഗിക പ്രചാരണം തുടങ്ങിയിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ സുബ്രഹ്മണ്യൻ ഗവണ്‍മെൻറ് ഹൈസ്കൂളില്‍ കെ.എസ്.യു പ്രവര്‍ത്തകനായാണ് രാഷ്ട്രീയത്തിലെത്തിയത് . യൂത്ത് കോണ്‍ഗ്രസ് കുരുവട്ടൂര്‍ മണ്ഡലം സെക്രട്ടറി, പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡൻറായി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്. ശേഷം കോഴിക്കോട് ഡി.സി.സി ജനറല്‍ സെക്രട്ടറിയായി ഉയര്‍ത്തപ്പെട്ടു. മാവേലിക്കരയില്‍ ഗ്രാമീണ വികസന പരിപാടികളുടെ കോഓഡിനേറ്റർ, പിന്നീട് സ്റ്റേറ്റ് കോഓഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1991ല്‍ പ്രഥമ ജില്ല കൗണ്‍സിലിലേക്ക് കോട്ടപ്പറമ്പ് ഡിവിഷനില്‍ നിന്ന് മത്സരിച്ചു. സി.പി.ഐയിലെ ഐ.വി. ശശാങ്കനോട് തോറ്റു. ഭാര്യ: എം.വി. ഷാജിമോള്‍(കുന്ദമംഗലം ഹയര്‍സെക്കൻഡറി സ്കൂള്‍ അധ്യാപിക), മക്കള്‍: അദിത്യന്, അരുണ.
രണ്ടാമൂഴത്തിൽ ജയം തേടി പ്രവീൺ
കഴിഞ്ഞ തവണ നാദാപുരത്ത് തോറ്റ കെ. പ്രവീൺ കുമാർ കഴിഞ്ഞ അഞ്ചു വർഷമായി മണ്ഡലത്തിൽ സജീവമായി രംഗത്തുണ്ട്. നാദാപുരത്ത് മത്സരിക്കുന്നവരുടെ പട്ടികയിൽ പ്രവീണിെൻറ പേര് മാത്രമാണുണ്ടായിരുന്നത്. ഘടകകക്ഷികൾക്കും പ്രിയങ്കരനായ സ്ഥാനാർഥി. നടുവണ്ണൂർ സ്വദേശിയാണ്. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തന രംഗത്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി, നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജന. സെക്രട്ടറി, കെ.പി.സി.സി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ്. പൗരത്വ ഭേദഗതി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു. ഭാര്യ: ബിജില (അധ്യാപിക, തിരുവങ്ങൂർ ഹൈസ്കൂൾ). മകൻ: ദേവദത്തൻ.
ബാലുശ്ശേരിയിൽ ധർമജ യുദ്ധം
ജനുവരി മുതൽ ബാലുശ്ശേരിയിൽ പല ദിവസങ്ങളിലായി പ്രചാരണം നടത്തുകയായിരുന്നു നടൻ ധർമജൻ ബോൾഗാട്ടി. ചില യുവനേതാക്കൾ രംഗത്തിറക്കിയ ധർമജൻ ഒടുവിൽ കോൺഗ്രസ് പട്ടികയിൽ എതിരാളികളില്ലാതെ ഇടംനേടി. ദലിത് കോൺഗ്രസും ജില്ലയിലെ ചില മുതിർന്ന നേതാക്കളും തുടക്കത്തിൽ എതിർപ്പറിയിച്ചിരുന്നു. ഔദ്യോഗിക അറിയിപ്പ് ലഭിച്ച ശേഷം മാത്രം മണ്ഡലത്തിലേക്ക്് വന്നാൽ മതിയെന്ന് ധർമജനോട് പാർട്ടി ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച കോഴിക്കോട് നഗരത്തിലുണ്ടായിരുന്ന ഇദ്ദേഹം സ്ഥാനാർഥി പ്രഖ്യാപനം വന്നയുടൻ ബാലുശ്ശേരിയിലേക്ക് കുതിച്ചു. വരുംദിവസങ്ങളിൽ രമേശ് പിഷാരടിയടക്കമുള്ള ധർമജെൻറ സിനിമ സുഹൃത്തുക്കളും പ്രചാരണത്തിൽ സഹായിക്കാനെത്തും. എറണാകുളം മുളവ്കാട് സ്വദേശിയായ ധർമജൻ പണ്ടു മുതലേ കോൺഗ്രസ് അനുഭാവിയാണ്. ധർമൂസ് ഫിഷ് ഹബുകളുടെ ഉടമയാണ്. ഭാര്യ: അനുജ. മക്കൾ: വേദ, വൈഗ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.