കോൺഗ്രസ് കമ്മിറ്റി പുനഃസംഘടന ചർച്ച നാളെമുതൽ
text_fieldsകോഴിക്കോട്: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ കോൺഗ്രസ് ഭാരവാഹി പുനഃസംഘടന ചർച്ചക്ക് വെള്ളിയാഴ്ച തുടക്കമാവും. ജില്ലയിലെ പുനഃസംഘടനയുടെ മുന്നോടിയായി ഡി.സി.സി പ്രസിഡന്റ്, ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ, കെ.പി.സി.സി മുൻ ഭാരവാഹികൾ, കെ.പി.സി.സി അംഗങ്ങൾ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചകളാണ് ആദ്യം നടക്കുക.
ആരെയെല്ലാം പുതിയ ഭാരവാഹികളായി ഉൾപ്പെടുത്തണമെന്ന കരട് പട്ടിക വരുക ഈ കൂടിക്കാഴ്ചയിലാണ്. കരട് പട്ടിക ജില്ല പുനഃസംഘടന സമിതി ചർച്ച ചെയ്ത് ഫെബ്രുവരി അഞ്ചിന് കെ.പി.സി.സിക്ക് സമർപ്പിക്കും. ഗ്രൂപ്പിനതീതമായ പട്ടികയാണ് തയാറാക്കുകയെന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും വീതംവെപ്പിൽ ഗ്രൂപ് പരിഗണിക്കപ്പെടും. എല്ലാ ഗ്രൂപ്പുകളെയും തൃപ്തിപ്പെടുത്തി മുന്നോട്ടുപോയില്ലെങ്കിൽ സംഘടന സംവിധാനം മുന്നോട്ടുകൊണ്ടുപോകൽ നേതൃത്വത്തെ സംബന്ധിച്ച് തലവേദനയാവും. സെമി കേഡർ പാർട്ടിയെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഗ്രൂപ്പിനതീതമല്ല ഒരു കേഡർ സംവിധാനവും.
പുതുതായി രൂപംകൊണ്ട തരൂർ ഗ്രൂപ്പിനെയും അക്കമഡേറ്റ് ചെയ്യേണ്ട സാഹചര്യം നിലവിലുണ്ട്. തരൂർ ഗ്രൂപ്പിന് ‘അംഗീകാര’മില്ലാത്തതിനാൽ മറ്റ് ഗ്രൂപ്പുകളുടെ ക്വാട്ടയിൽ പരമാവധി ചേക്കേറിവേണം സ്ഥാനമാനങ്ങൾ നേടാൻ. എ, ഐ വിഭാഗങ്ങളിലുള്ള മുതിർന്ന നേതാക്കളിൽ പലരും ഇപ്പോൾ തരൂർ വിഭാഗമാണ്. ഇവർക്ക് ഏതെല്ലാം രീതിയിൽ പരിഗണന ലഭിക്കുമെന്ന് വരുംദിവസങ്ങളിൽ കാണാനിരിക്കുന്നതേയുള്ളൂ.
85 അംഗ കമ്മിറ്റിയാണ് ജില്ലക്ക് ഉണ്ടാവുക. 35 അംഗ ഡി.സി.സി ഭാരവാഹികൾ, 50 നിർവാഹകസമിതി അംഗങ്ങൾ എന്നിവരുൾപ്പെടുന്നതാണ് കമ്മിറ്റി. 27 ജനറൽ സെക്രട്ടറിമാരുണ്ടാവും. ഇതുകൂടാതെ 26 ബ്ലോക്ക് പ്രസിഡന്റുമാരെയും തെരഞ്ഞെടുക്കും. പുതുമുഖങ്ങൾക്കും യുവാക്കൾക്കും വനിതകൾക്കും സംവരണമുണ്ട്. 50 ശതമാനം പേർ 50 വയസ്സിൽ താഴെയുള്ളവരായിരിക്കണമെന്ന നിബന്ധനയുണ്ട്. 15 ശതമാനം വനിത സംവരണവുമുണ്ട്.
ജില്ലയിലെ പുനഃസംഘടന സമിതിയിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ, ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം, ടി. സിദ്ദീഖ് എം.എൽ.എ, അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം. നിയാസ്, യു.ഡി.എഫ് ജില്ല ചെയർമാൻ ബാലനാരായണൻ, കെ.സി. അബു, എൻ. സുബ്രഹ്മണ്യൻ എന്നിവരാണുള്ളത്. ഇതുകൂടാതെ ജില്ലയിൽനിന്നുള്ള എം.പിമാരായ എം.കെ. രാഘവനും കെ. മുരളീധരനും സമിതിയിൽ ഉണ്ടാവും. ഇതുകൂടാതെ മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പളി രാമചന്ദ്രനും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിൽ പങ്കുവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.